ഗോതമ്പുല്‍പ്പാദനം മികച്ചതാകുമെന്ന് പ്രതീക്ഷ

  • ഈ സീസണില്‍ 336. 96 ലകഷം ഹെക്ടറില്‍ വിത്തുവിതച്ചു
  • 2023-24ല്‍ 114 ദശലക്ഷം ടണ്‍ എന്ന റെക്കോര്‍ഡ് ഉല്‍പ്പാദനം സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു

Update: 2024-01-19 11:06 GMT

രാജ്യത്തെ ഗോതമ്പ് ഉല്‍പ്പാദനം ഈ വര്‍ഷം മികച്ചതായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കൃഷി മന്ത്രി അര്‍ജുന്‍ മുണ്ട. ഒക്ടോബറില്‍ ആരംഭിച്ച പ്രധാന റാബി (ശീതകാല) വിളയായ ഗോതമ്പ് വിതയ്ക്കല്‍ പൂര്‍ത്തിയായി. ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, പഞ്ചാബ് എന്നിവയാണ് ഏറ്റവും കൂടുതല്‍ ഗോതമ്പ് കവറേജ് ഉള്ള ആദ്യ മൂന്ന് സംസ്ഥാനങ്ങള്‍.

മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം, 2023-24 വിള വര്‍ഷത്തിലെ (ജൂലൈ-ജൂണ്‍) നിലവിലെ റാബി സീസണിന്റെ അവസാന ആഴ്ച വരെ ഗോതമ്പ് വിളയുടെ ആകെ വിസ്തൃതി 335.67 ലക്ഷം ഹെക്ടറില്‍ നിന്ന് 336.96 ലക്ഷം ഹെക്ടറായി ഉയര്‍ന്നു.

കാലാവസ്ഥ സാധാരണ നിലയിലാണെങ്കില്‍, നടക്കുന്ന 2023-24 വിള വര്‍ഷത്തില്‍ ഗോതമ്പ് ഉല്‍പാദനത്തില്‍ 114 ദശലക്ഷം ടണ്‍ എന്ന പുതിയ റെക്കോര്‍ഡ് രാജ്യത്തിന് കൈവരിക്കാനാകുമെന്ന് ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ അശോക് കെ മീണ നേരത്ത വ്യക്തമാക്കിയിരുന്നു.

2022-23 വിള വര്‍ഷത്തില്‍ ഗോതമ്പ് ഉല്‍പ്പാദനം റെക്കോര്‍ഡ് 110.55 ദശലക്ഷം ടണ്ണായി. മുന്‍വര്‍ഷം ഇത് 107.7 ദശലക്ഷം ടണ്ണായിരുന്നു.

വിള നല്ല നിലയിലാണെന്നും ഇന്നുവരെ വിളയ്ക്ക് നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും കൃഷി മന്ത്രാലയത്തിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. നിലവിലെ തണുത്ത കാലാവസ്ഥ ഗോതമ്പിന്റെയും മറ്റ് റാബി വിളകളുടെയും വളര്‍ച്ചയ്ക്ക് നല്ലതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ വര്‍ഷം പഞ്ചാബിലും ഹരിയാനയിലും വിതച്ചത് കാലാവസ്ഥയെ പ്രതിരോധിക്കുന്ന വിത്തുകളായിരുന്നു. ഈ വര്‍ഷം രണ്ട് സംസ്ഥാനങ്ങളും ചേര്‍ന്ന് 59 ലക്ഷം ഹെക്ടറില്‍ ഗോതമ്പ് വിതച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു.

ജനുവരി 16-30 വരെയുള്ള കാലയളവിലെ ഏറ്റവും പുതിയ ഉപദേശം അനുസരിച്ച്, വിത്ത് വിതച്ച് 40-45 ദിവസത്തിനുള്ളില്‍ നൈട്രജന്‍ വളപ്രയോഗം പൂര്‍ത്തിയാക്കാന്‍ മന്ത്രാലയം കര്‍ഷകരോട് ആവശ്യപ്പെട്ടിട്ടുണ്ട്. മികച്ച ഫലത്തിനായി നനയ്ക്കുന്നതിന് തൊട്ടുമുമ്പ് യൂറിയ പ്രയോഗിക്കാന്‍ കര്‍ഷകരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Tags:    

Similar News