പിഎം-കിസാന്‍ പദ്ധതി; തുക ഉയര്‍ത്തില്ലെന്ന് സര്‍ക്കാര്‍

  • ചോദ്യത്തിനുള്ള മറുപടിയായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്
  • 11 കോടിയിലധികം കര്‍ഷകര്‍ക്ക് 2.81 ലക്ഷം കോടി രൂപ പദ്ധതിപ്രകാരം വിതരണം ചെയ്തു
  • ലോകത്തിലെ ഏറ്റവും വലിയ ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ പദ്ധതികളിലൊന്ന്

Update: 2024-02-06 10:12 GMT

പിഎം-കിസാന്‍ പദ്ധതിക്ക് കീഴില്‍ കര്‍ഷകര്‍ക്കുള്ള സാമ്പത്തിക ആനുകൂല്യം ഉയര്‍ത്താനുള്ള നിര്‍ദ്ദേശമില്ലെന്ന് സര്‍ക്കാര്‍ പാര്‍ലമെന്റിനെ അറിയിച്ചു. കര്‍ഷകര്‍ക്കുള്ള സാമ്പത്തിക ആനുകൂല്യം പ്രതിവര്‍ഷം 8,000-12,000 രൂപയായി ഉയര്‍ത്തുമെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

സ്‌കീമിന് കീഴിലുള്ള വനിതാ കര്‍ഷകര്‍ക്ക് പോലും തുക വര്‍ധിപ്പിക്കാനുള്ള ഒരു നിര്‍ദ്ദേശവും പരിഗണനയിലില്ലെന്ന് കൃഷി മന്ത്രി അര്‍ജുന്‍ മുണ്ട ലോക്സഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ പറഞ്ഞു.

2019-ല്‍ ആരംഭിച്ച പ്രധാന്‍ മന്ത്രി കിസാന്‍ സമ്മാന്‍ നിധി അര്‍ഹരായ കര്‍ഷകര്‍ക്ക് ഓരോ നാല് മാസത്തിലും 2,000 രൂപ വീതം മൂന്ന് തുല്യ ഗഡുക്കളായി പ്രതിവര്‍ഷം 6,000 രൂപയുടെ സാമ്പത്തിക ആനുകൂല്യം നല്‍കുന്നു. ഫണ്ട് നേരിട്ട് ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് എത്തുന്നത്. പ്രതിവര്‍ഷം 8,000-12,000 രൂപയായി വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ടോ എന്ന ചോദ്യത്തിനായിരുന്നു മന്ത്രിയുടെ പ്രതികരണം.

11 കോടിയിലധികം കര്‍ഷകര്‍ക്ക് ഇതുവരെ 15 ഗഡുക്കളായി 2.81 ലക്ഷം കോടി രൂപ സര്‍ക്കാര്‍ വിതരണം ചെയ്തതായി പദ്ധതിക്ക് കീഴിലുള്ള പുരോഗതി പങ്കുവെച്ച മന്ത്രി പറഞ്ഞു. ഭൂമി കൈവശമുള്ള കര്‍ഷകരുടെ സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനാണ് ഈ ആനുകൂല്യം നല്‍കുന്നത്, അദ്ദേഹം പറഞ്ഞു.

ലോകത്തിലെ ഏറ്റവും വലിയ ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ (ഡിബിടി) പദ്ധതികളിലൊന്നാണ് പിഎം-കിസാന്‍ എന്നും മുണ്ട പറഞ്ഞു. കര്‍ഷക കേന്ദ്രീകൃത ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍, ഇടനിലക്കാരുടെ പങ്കാളിത്തമില്ലാതെ രാജ്യത്തുടനീളമുള്ള എല്ലാ കര്‍ഷകരിലേക്കും പദ്ധതിയുടെ പ്രയോജനങ്ങള്‍ എത്തിക്കുന്നു.

പദ്ധതിയുടെ തുടക്കം മുതല്‍ ഉത്തര്‍പ്രദേശില്‍ 2,62,45,829 കര്‍ഷകര്‍ക്ക് പ്ദ്ധതിയുടെ പ്രയോജനം ലഭിച്ചിട്ടുണ്ടെന്ന് ഒരു പ്രത്യേക ചോദ്യത്തിന് മന്ത്രി പറഞ്ഞു. സ്‌കീമിന്റെ പ്രവര്‍ത്തന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, സ്‌കീമിന് കീഴിലുള്ള യോഗ്യരായ ഗുണഭോക്താക്കളെ തിരിച്ചറിയുകയും പരിശോധിക്കുകയും ചെയ്യേണ്ടത് സംസ്ഥാനങ്ങളുടെയും, കേന്ദ്രഭരണ പ്രദേശങ്ങളുടെയും ഉത്തരവാദിത്തമാണ്.

Tags:    

Similar News