തെരഞ്ഞെടുപ്പ്; ഉള്ളി സംഭരണം സര്‍ക്കാര്‍ ശക്തമാക്കുന്നു
- മഹാരാഷ്ട്രയില്‍ നിന്ന് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 74% ഉയര്‍ന്ന വിലയ്ക്കാണ് കേന്ദ്രം ഉള്ളി സംഭരിക്കുന്നത്
- കിലോയ്ക്ക് ഏകദേശം 29.5 രൂപയ്ക്കാണ് സംഭരണം
- മഹാരാഷ്ട്രയില്‍ നിന്ന് മാത്രം ഉള്ളി വാങ്ങാന്‍ 1500 കോടി രൂപ ചെലവഴിക്കും
ഇന്ത്യന്‍ തെരഞ്ഞെടുപ്പുകളില്‍ വീണ്ടും ഉള്ളി ഇടപെടുന്നു. ഒരു ജനകോപം ഒഴിവാക്കുന്നതിനുള്ള നടപടി ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചു വരികയാണ്. രാജ്യത്ത് ഏറ്റവുമധികം ഉള്ളി ഉല്‍പ്പാദിപ്പിക്കുന്നത് മഹാരാഷ്ട്രയിലാണ്. ഈ വര്‍ഷം അവസാനമാണ് സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇക്കാരണത്താല്‍ സംസ്ഥാനത്തുനിന്നും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 74% ഉയര്‍ന്ന വിലയ്ക്കാണ് കേന്ദ്രം ഉള്ളി സംഭരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം, ഉള്ളി സംഭരിച്ചതിന്റെ ശരാശരി നിരക്ക് കിലോയ്ക്ക് 16.93 രൂപയായിരുന്നു, ഈ വര്‍ഷം, ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ (ഡിബിടി) വഴി കിലോയ്ക്ക് ഏകദേശം 29.5 രൂപയ്ക്കാണ് സംഭരണം നടക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നു.
ഈ സാമ്പത്തിക വര്‍ഷം മഹാരാഷ്ട്രയില്‍ നിന്ന് മാത്രം ഉള്ളി വാങ്ങാന്‍ 1500 കോടി രൂപ ചെലവഴിക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്.
കഴിഞ്ഞ വര്‍ഷം ഉള്ളി സംഭരണത്തിനായി 1200 കോടിയോളം രൂപയാണ് സര്‍ക്കാര്‍ ചെലവഴിച്ചത്.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഉള്ളി വില കുതിച്ചുയര്‍ന്നു.2023-ലും 2024-ന്റെ തുടക്കത്തിലും ഭക്ഷ്യവിലയും മൊത്തത്തിലുള്ള പണപ്പെരുപ്പവും ഉയര്‍ന്നു. ഒടുവില്‍ ആഭ്യന്തര വിലക്കയറ്റം തടയുന്നതിന് ഉള്ളി കയറ്റുമതി നിരോധിക്കാന്‍ രാജ്യം നിര്‍ബന്ധിതമായി. ഇത് കേന്ദ്ര സര്‍ക്കാരിന് ആശങ്ക ഉണ്ടാത്തിയിരുന്നു.
ഉള്ളിയുടെ ചില്ലറ വില്‍പന വില സ്ഥിരപ്പെടുത്താന്‍ സര്‍ക്കാര്‍ നീക്കം സഹായിച്ചെങ്കിലും, ഉയര്‍ന്ന വിദേശ ഡിമാന്‍ഡില്‍ നിന്ന് കര്‍ഷകര്‍ക്ക് നേട്ടമുണ്ടാക്കാന്‍ അനുവദിക്കാത്തതിനാല്‍ ഇത് തിരിച്ചടിയായി.
ഈ സാമ്പത്തിക വര്‍ഷം 500,000 മെട്രിക് ടണ്‍ ഉള്ളി സംഭരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വിലക്കയറ്റം ഉണ്ടാകുമ്പോള്‍ ഈ ബഫര്‍ സ്റ്റോക്ക് വിപണി ഇടപെടലിനായി ഉപയോഗിക്കുന്നു. സര്‍ക്കാര്‍ ഏജന്‍സികളായ നാഷണല്‍ കോഓപ്പറേറ്റീവ് കണ്‍സ്യൂമേഴ്സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് (എന്‍സിസിഎഫ്), നാഷണല്‍ അഗ്രികള്‍ച്ചറല്‍ കോഓപ്പറേറ്റീവ് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് (നാഫെഡ്) എന്നിവയ്ക്ക് 250,000 മെട്രിക് ടണ്‍ ഉള്ളി സംഭരിക്കുക എന്ന ലക്ഷ്യമാണ് നല്‍കിയിരിക്കുന്നത്. ഇരു ഏജന്‍സികളും ഇതിനകം 200,000 മെട്രിക് ടണ്‍ ഉള്ളി സംഭരിച്ചിട്ടുണ്ട്.
മെയ് മാസത്തില്‍ ഉള്ളിയുടെ റീട്ടെയില്‍ പണപ്പെരുപ്പം വാര്‍ഷികാടിസ്ഥാനത്തില്‍ 38% ആയി ഉയര്‍ന്നതോടെ, മഹാരാഷ്ട്രയും കര്‍ണാടകയും ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ ഉള്ളി കൃഷി വര്‍ധിപ്പിക്കുന്നതിനുള്ള സജീവമായ നടപടികള്‍ കൈക്കൊള്ളാന്‍ നാഫെഡും എന്‍സിസിഎഫും നീക്കം നടത്തി.
കര്‍ണാടകയില്‍ 30 ശതമാനം വിതച്ചതോടെ ഉള്ളിയുടെ ഖാരിഫ് വിതയ്ക്കല്‍ വിസ്തൃതി കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 27% വര്‍ധിക്കും, ഇത് വില കുറയ്ക്കാന്‍ സഹായിക്കുമെന്ന് ഉപഭോക്തൃകാര്യ വകുപ്പ് കഴിഞ്ഞ ആഴ്ച പ്രസ്താവനയില്‍ പറഞ്ഞിരുന്നു.