എല്‍ നിനോ: ഖാരിഫ് ഉത്പാദനം ഇടിയുമെന്ന് റിപ്പോര്‍ട്ട്

  • ധാന്യഉത്പാദനം കുറയും
  • വരള്‍ച്ച വിളകളെ സാരമായി ബാധിച്ചു
  • ഇന്ത്യയുടെ 21 ശതമാനം വരള്‍ച്ചയുടെ പിടിയിലാണെന്ന് യുഎസ് കാലാവസ്ഥാ ഏജന്‍സി

Update: 2023-10-28 11:17 GMT

ഇന്ത്യയുടെ ഖാരിഫ് വിളകളുടെ ഉല്‍പ്പാദനം എല്‍നിനോയുടെ ആഘാതത്തില്‍ കുറഞ്ഞേക്കുമെന്നു കണക്കാക്കുന്നു. കഴിഞ്ഞ സീസണുമായി താരതമ്യപ്പെടുത്തുമ്പോള്‍, പല വിളകളുടെയും ഉത്പാദനം കുറയാന്‍ സാധ്യതയുണ്ടെന്ന് കാര്‍ഷിക മന്ത്രാലയം കഴിഞ്ഞ ദിവസം പുറത്തുവിട്ട  വിലയിരുത്തലില്‍ പറയുന്നു.

മണിച്ചോളം, ബജ്റ, റാഗി, സൂര്യകാന്തി തുടങ്ങിയ വിളകളുടെ ഉല്‍പ്പാദന കണക്കുകള്‍ പുറത്തുവിട്ടിട്ടില്ല.  ഇവയുടെ  അനുമാനം സംസ്ഥാനങ്ങളുടെ ഡാറ്റയെ ആശ്രയിച്ചാണിരിക്കുന്നത്. ഭക്ഷ്യധാന്യത്തിന്റെ മൊത്തം ഉല്‍പ്പാദനം 148.57 ദശലക്ഷം ടണ്‍ ആയി കണക്കാക്കപ്പെട്ടിരിക്കുന്നു. ഇത് കഴിഞ്ഞ സീസണിലെ ഖാരിഫില്‍ 155.71 ദശലക്ഷം ടണ്‍ എന്ന അന്തിമ എസ്റ്റിമേറ്റിനേക്കാള്‍ 4.6 ശതമാനം കുറവാണ്.

കഴിഞ്ഞ സീസണില്‍ 110.51 ദശലക്ഷം ടണ്ണായിരുന്നു നെല്ലുല്‍പ്പാദനം. ഇക്കുറി അത് 3.8 ശതമാനം കുറഞ്ഞ് 106.31 ദശലക്ഷം ടണ്ണാകും.  ഈ വര്‍ഷം ഖാരിഫ് സീസണില്‍ 111 ദശ ലക്ഷം ടണ്‍ അരി ഉള്‍പ്പെടെ 158.06 ദശലക്ഷം ടണ്‍ ഭക്ഷ്യധാന്യമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.ക്രോപ്പ് വെതര്‍ വാച്ച് ഗ്രൂപ്പ് (സിഡബ്ല്യുഡബ്ല്യുജി), റിമോട്ട് സെന്‍സിംഗ് എസ്റ്റിമേറ്റുകള്‍, ഇക്കണോമെട്രിക് മോഡലിംഗ്, കര്‍ഷക സര്‍വേകളില്‍ നിന്ന് ശേഖരിച്ച ഇന്‍പുട്ടുകള്‍ തുടങ്ങിയ ഉറവിടങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ ഉപയോഗിച്ച് സംസ്ഥാനങ്ങള്‍ നല്‍കുന്നതും കേന്ദ്രം സാധൂകരിച്ചതുമായ ഡാറ്റയെ ആശ്രയിച്ചാണ് വിള ഉല്‍പ്പാദനം കണക്കാക്കുന്നതെന്ന് മന്ത്രാലയം പറഞ്ഞു.

പ്രധാന ഖാരിഫ് ധാന്യവിളയായ നെല്‍ക്കൃഷിയുടെ വിസ്തൃതി മുന്‍വര്‍ഷത്തേക്കാള്‍ ഏകദേശം 2 ലക്ഷം ഹെക്ടര്‍ കൂടുതലാണ്. എന്നിരുന്നാലും 1901 ന് ശേഷമുള്ള ഈ വര്‍ഷത്തെ ഏറ്റവും വരണ്ട ഓഗസ്റ്റ്  പല സ്ഥലങ്ങളിലും വിളവെടുപ്പിനെ ബാധിച്ചു. ജൂണ്‍-സെപ്റ്റംബര്‍  സീസണില്‍ ഈ വര്‍ഷം രാജ്യത്ത് സാധാരണയിലും താഴെ മഴയാണ് ലഭിച്ചത്.

എന്നാല്‍,  സെപ്റ്റംബര്‍ മുതല്‍ ഇന്ത്യ നീണ്ട വരണ്ട കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. എല്‍ നിനോയുടെ ആഘാതത്തില്‍ ഇന്ത്യയുടെ 21 ശതമാനം വരള്‍ച്ചയുടെ പിടിയിലാണെന്ന് യുഎസ് കാലാവസ്ഥാ ഏജന്‍സിയായ നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്‌മോസ്‌ഫെറിക് അഡ്മിനിസ്‌ട്രേഷന്‍ (എന്‍ഒഎഎ) അറിയിച്ചു.

പയര്‍ വര്‍ഗങ്ങളുടെ ഉല്‍പ്പാദനം 7.62 ദശലക്ഷം ടണ്ണില്‍നിന്ന് 7.12 ദശലക്ഷം ടണ്ണായി കുറഞ്ഞു. ഇത് കാലാവസ്ഥാ സാഹചര്യങ്ങള്‍ മൂലമാണെന്ന് മന്ത്രാലയം പറഞ്ഞു.

കരിമ്പ് ഉല്‍പ്പാദനം 490.53 ദശലക്ഷം ടണ്ണില്‍നിന്ന് 434.79 ദശലക്ഷം  ടണ്ണായി കുറഞ്ഞു. ഏകദേശം 56 ദശലക്ഷം ടണ്ണിന്റെ കുറവാണ് ഉണ്ടായത്. രാജ്യത്തെ പഞ്ചസാരനയം കൂടുതല്‍ കര്‍ക്കശമാക്കുന്നത് ഈ ഉല്‍പ്പാദനക്കുറവുമൂലമാണ്.

എണ്ണക്കുരു ഉല്‍പ്പാദനം 21.53 ദശലക്ഷംടണ്‍ ആയി കണക്കാക്കപ്പെടുന്നു, ഇത് 17.7 ശതമാനം കുറവാണ്.  ഇവ വളരുന്ന പ്രധാന സംസ്ഥാനങ്ങളായ മധ്യപ്രദേശിലെയും മഹാരാഷ്ട്രയിലെയും വരള്‍ച്ചയെത്തുടര്‍ന്ന് സോയാബീന്‍ ഉല്‍പ്പാദനത്തിലുണ്ടായ കടുത്ത ഇടിവും തുടര്‍ന്നുള്ള കനത്ത മഴയുമാണ്.

സോയാബീന്‍ വിള ഉല്‍പ്പാദനം 14.99 ദശലക്ഷം ടണ്ണില്‍ നിന്ന് 11.53 ദശലക്ഷം ടണ്ണായി കുറയുമെന്നാണ്  കണക്കാക്കുന്നത്. നിലക്കടല ഉല്‍പ്പാദനത്തിലും ഇടിവുണ്ടാകും.

Tags:    

Similar News