മധുരം നിലനിര്‍ത്താന്‍ ഏറ്റെടുക്കല്‍ ലക്ഷ്യങ്ങളുമായി ബൽറാംപുർ ചീനി

  • ഉയര്‍ന്ന ക്രഷിംഗ്, വിളവ് എന്നിവ കമ്പനിയുടെ വളര്‍ച്ചയ്ക്ക് ആക്കം നല്‍കുന്നു
  • 2022-23 ലെ വരുമാനം 4,728 കോടി രൂപ
  • വരുമാനത്തിന്റെ 66 ശതമാനം പഞ്ചസാരയും ബാക്കി 33 ശതമാനം എഥനോളുമാണ്

Update: 2023-12-04 10:05 GMT

ഈ പഞ്ചസാര സീസണില്‍ മികച്ച വളര്‍ച്ച തുടരുമെന്ന പ്രതീക്ഷയില്‍ ബൽറാംപുർ ചീനി മില്‍സ് ലിമിറ്റഡ് (ബിസിഎംഎൽ). ഉയര്‍ന്ന ക്രഷിംഗ്, വിളവ് എന്നിവയാണ് 2023 ഒക്ടോബര്‍ മുതല്‍ 2024 സെപ്റ്റംബര്‍ വരെയുള്ള പഞ്ചസാര സീസണില്‍ കമ്പനിയുടെ വളര്‍ച്ചയ്ക്ക് ആക്കം നല്‍കുന്ന ഘടകങ്ങള്‍.

കമ്പനിയുടെ സ്വഭാവിക വളര്‍ച്ചയ്ക്ക് പുറമേ, ഏറ്റെടുക്കല്‍ നടപടികളിലൂടെയുള്ള വളര്‍ച്ചയ്ക്കും തയ്യാറെടുക്കുകയാണ്.

സര്‍ക്കാരിന്റെ അനുകൂല പോളിസികള്‍ക്കനുസരിച്ച് അവസരങ്ങള്‍ കണ്ടെത്തി സുസ്ഥിരമായ വളര്‍ച്ച ഉറപ്പാക്കാനാണ് ശ്രമിക്കുന്നതെന്ന് കമ്പനിയുടെ പ്രമോട്ടറും ബിസിനസ് ലീഡുമായ അവന്തിക സരോംഗി പറഞ്ഞു.

ബിസിഎംഎല്ലിന്റെ 2022-23 വര്‍ഷത്തിലെ വരുമാനം 4,728 കോടി രൂപയായിരുന്നു. നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ആറ് മാസങ്ങളില്‍ കമ്പനിയുടെ വരുമാനം മുന്‍ വര്‍ഷം ഇതേ കാലയളവിലെ വരുമാനത്തേക്കാള്‍ 33 ശതമാനം ഉയര്‍ച്ചയോടെ 2,929 കോടി രൂപ നേടിയിട്ടുണ്ട്.

ബിസിഎംഎല്ലിന്റെ വിജയത്തില്‍ പ്രധാന പങ്ക് വഹിച്ച വ്യക്തിയാണ് അവന്തിക സരോംഗി. രാജ്യത്തെ പ്രധാന പഞ്ചസാര നിര്‍മാതാക്കളാണ് ബൽറാംപുർ ചീനി. കമ്പനിക്ക് 80,000 ടിസിഡി (ടണ്‍സ് ഓഫ് കെയിന്‍ പെര്‍ ഡേ) യിലധികം ഉത്പാദന ശേഷിയുള്ള 10 പഞ്ചസാര ഫാക്ടറികളാണ് ഉത്തര്‍പ്രദേശിലുള്ളത്. ഈ ഫാക്ടറികളുടെ സ്വഭാവിക വളര്‍ച്ചയ്‌ക്കൊപ്പം തന്നെ കൂടുതല്‍ വളര്‍ച്ച ഉറപ്പാക്കാനാണ് ഏറ്റെടുക്കലുകള്‍ നടത്തുന്നത്.

അനുകൂലമായ കാലാവസ്ഥ, കമ്പനി കര്‍ഷകര്‍ക്കായി നടപ്പിലാക്കിയ സാങ്കേതിക വിദ്യകള്‍, മികച്ച കീടനിയന്ത്രണം എന്നിവ വഴി നിലവിലെ ഉത്പാദന സീസണില്‍ 10 ശതമാനത്തോളം വളര്‍ച്ചയുണ്ടാകുമെന്ന പ്രതീക്ഷ നല്‍കുന്നു.

കഴിഞ്ഞ സീസണില്‍ കമ്പനി 10.3 കോടി ക്വിന്റല്‍ കരിമ്പാണ് പ്രോസസ് ചെയ്തത്.

സംതുലിതമായ പഞ്ചസാര വിപണി ഉറപ്പാക്കുകയും പഞ്ചസാര വ്യവസായത്തിന് സുസ്ഥിരമായ വരുമാനം നല്‍കുകയും ചെയ്യുന്ന ഇ 20 (20 ശതമാനം എഥനോള്‍ മിശ്രിതം ചേര്‍ന്ന പെട്രോള്‍) ലക്ഷ്യം 2025-26 ലേക്ക് മുന്‍കൂട്ടി നിശ്ചയിച്ചതില്‍ നിന്നാണ് അവരുടെ ശുഭാപ്തിവിശ്വാസം ഉടലെടുക്കുന്നത്.

മിനിമം താങ്ങ് വില 

എന്നിരുന്നാലും, ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കരിമ്പിന് നിര്‍ദ്ദേശിച്ച വില മിനിമം താങ്ങ് വില (എസ്എപി) പെട്ടെന്ന് വര്‍ധിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള ബാഹ്യ ഘടകങ്ങള്‍ വ്യവസായത്തെ സമ്മര്‍ദ്ദത്തിലാക്കുമെന്ന് ഹൈദര്‍ഗഡ് ഷുഗര്‍ മില്‍ സിജിഎം ആന്‍ഡ് ഹെഡ് ഓപ്പറേഷന്‍സ് വിനോദ് കുമാര്‍ യാദവ് മുന്നറിയിപ്പ് നല്‍കി. കരിമ്പ് താങ്ങുവില വര്‍ദ്ധിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതിന് മുമ്പ് വ്യവസായത്തിന്റെ പ്രവര്‍ത്തനക്ഷമത പരിഗണിക്കണമെന്നും യാദവ് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ബല്‍റാംപൂര്‍ ചിനി മില്‍സ് ലിമിറ്റഡിന്റെ വരുമാനം 2024 സാമ്പത്തിക വര്‍ഷത്തില്‍ 5,516 കോടി രൂപ മുതല്‍ 5,824 കോടി രൂപ വരെയും 2025 സാമ്പത്തിക വര്‍ഷത്തില്‍ 6,100 കോടി മുതല്‍ 6,639 കോടി രൂപ വരെയും ആയിരിക്കുമെന്നാണ് ട്രെന്‍ഡ്‌ലൈന്‍ ഫോര്‍കാസ്റ്റര്‍ കണക്കാക്കുന്നത്. ബിസിഎംഎല്ലിന്റെ പ്രധാന ശ്രദ്ധാകേന്ദ്രമായി പഞ്ചസാര തുടരുമ്പോള്‍, എഥനോള്‍ ഉല്‍പാദനം ഈ വര്‍ഷം 50 ശതമാനം വര്‍ദ്ധിച്ച് 33 കോടി ലിറ്ററായി. കമ്പനിയുടെ വരുമാനത്തിന്റെ 66 ശതമാനം പഞ്ചസാരയും ബാക്കി 33 ശതമാനം എഥനോളുമാണ്.

ഇന്ന് എൻ എസ്  ഇ-യിൽ കമ്പനിയുടെ ഓഹരികൾ 2.60 രൂപ താഴ്ന്നു 468.90-ലാണ് വ്യാപാരം അവസാനിപ്പിച്ചത്.

Tags:    

Similar News