പാസഞ്ചര്‍ വാഹന വില്‍പന 34 ലക്ഷം മറികടക്കും: ടാറ്റാ മോട്ടോഴ്‌സ്

ഡെല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷം ആഭ്യന്തര മാര്‍ക്കറ്റിലെ പാസഞ്ചര്‍ വാഹനങ്ങളുടെ വില്‍പന 2019 ലെ കണക്കുകളേക്കാൾ വര്‍ധിക്കുമെന്ന് ടാറ്റാ മോട്ടോഴ്‌സ്. അക്കാലയളവില്‍ 34 ലക്ഷം യൂണിറ്റുകളാണ് വിറ്റു പോയത്. കോവിഡുമായി ബന്ധപ്പെട്ട പ്രതിസന്ധികള്‍ കുറഞ്ഞതും, രാജ്യത്തെ ഡിമാന്‍ഡ് വര്‍ധിച്ചതുമാണ് കമ്പനിയ്ക്ക് ആത്മവിശ്വാസം പകരുന്നതെന്നും ടാറ്റാ മോട്ടോഴ്‌സ് മാനേജിംഗ് ഡയറക്ടര്‍ (പാസഞ്ചര്‍-ഇലക്ട്രിക്ക് വാഹന വിഭാഗം) ശൈലേഷ് ചന്ദ്ര അറിയിച്ചു. സെമികണ്ടക്ടര്‍ ചിപ്പ് ക്ഷാമം നേരിടുമ്പോഴും പാസഞ്ചര്‍ ശ്രേണിയിലേക്ക് ലഭിക്കുന്ന ഓര്‍ഡറുകള്‍ സ്വീകരിച്ച് വാഹന വിതരണം പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് കമ്പനി. […]

Update: 2022-05-22 01:22 GMT

ഡെല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷം ആഭ്യന്തര മാര്‍ക്കറ്റിലെ പാസഞ്ചര്‍ വാഹനങ്ങളുടെ വില്‍പന 2019 ലെ കണക്കുകളേക്കാൾ വര്‍ധിക്കുമെന്ന് ടാറ്റാ മോട്ടോഴ്‌സ്. അക്കാലയളവില്‍ 34 ലക്ഷം യൂണിറ്റുകളാണ് വിറ്റു പോയത്. കോവിഡുമായി ബന്ധപ്പെട്ട പ്രതിസന്ധികള്‍ കുറഞ്ഞതും, രാജ്യത്തെ ഡിമാന്‍ഡ് വര്‍ധിച്ചതുമാണ് കമ്പനിയ്ക്ക് ആത്മവിശ്വാസം പകരുന്നതെന്നും ടാറ്റാ മോട്ടോഴ്‌സ് മാനേജിംഗ് ഡയറക്ടര്‍ (പാസഞ്ചര്‍-ഇലക്ട്രിക്ക് വാഹന വിഭാഗം) ശൈലേഷ് ചന്ദ്ര അറിയിച്ചു.

സെമികണ്ടക്ടര്‍ ചിപ്പ് ക്ഷാമം നേരിടുമ്പോഴും പാസഞ്ചര്‍ ശ്രേണിയിലേക്ക് ലഭിക്കുന്ന ഓര്‍ഡറുകള്‍ സ്വീകരിച്ച് വാഹന വിതരണം പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് കമ്പനി. വാഹന നിര്‍മ്മാണവുമായി ബന്ധപ്പെട്ട അവശ്യ വസ്തുക്കളുടെ വില വര്‍ധനയും കമ്പനി നേരിടുന്ന മറ്റൊരു വെല്ലുവിളിയാണ്.

വിവിധ ഏജന്‍സികള്‍ നല്‍കുന്ന കണക്കുകള്‍ പ്രകാരം, നടപ്പ് സാമ്പത്തിക വര്‍ഷം 34 ലക്ഷം യൂണിറ്റിലധികം വില്‍ക്കാനുള്ള സാധ്യതയാണ് മുന്നിലുള്ളതെന്ന് ശൈലേഷ് ചന്ദ്ര പറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ആദ്യ രണ്ടു പാദങ്ങളില്‍ വില്‍പനയില്‍ ഗണ്യമായ ഇടിവാണ് കമ്പനി നേരിട്ടത്. ഇന്ധന വില വര്‍ധിക്കുന്ന സാഹചര്യത്തില്‍ വൈദ്യുതി വാഹനങ്ങളുടേയും സിഎന്‍ജി മോഡലിന്റെയും വില്‍പനയില്‍ വര്‍ധനയുണ്ടാകുന്നുണ്ടെന്നും ചന്ദ്ര കൂട്ടിച്ചേര്‍ത്തു. ഇലക്ട്രിക് വാഹനങ്ങളുടെ ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നുവെന്ന് ഏതാനും ദിവസം മുന്‍പ് ടാറ്റാ മോട്ടോഴ്‌സ് അറിയിച്ചിരുന്നു.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇലക്ട്രിക് വാഹന വിപണിയില്‍ ടാറ്റ മികച്ച നേട്ടമുണ്ടാക്കിയിരുന്നു. ഇന്ധന വില കുതിച്ചുയരുന്നതാണ് ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വലിയ തോതില്‍ ആവശ്യക്കാരുണ്ടാകുന്നതിന് കാരണം. കഴിഞ്ഞ രണ്ട് മാസത്തിനിടെ ടാറ്റയ്ക്ക് ഇലക്ട്രിക്ക് വാഹന ശ്രേണിയില്‍ ശരാശരി 5,500-6,000 ബുക്കിംഗുകളും ലഭിച്ചു. ആഭ്യന്തര വിപണിയില്‍ നെക്‌സോണ്‍ ഇവി, ടിഗര്‍ ഇവി, എക്‌സ്പ്രസ്-ടി എന്നീ മൂന്ന് ഇവികളാണ് കമ്പനി വില്‍ക്കുന്നത്. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ കൂപ്പെ നിലവാരത്തിലുള്ള എസ്യുവിയും ലക്ഷ്യമിടുന്നുണ്ട്. ഇലക്ട്രിക് വാഹനങ്ങളുടെ ഡിമാന്റ് വര്‍ധനവ് കമ്പനിയുടെ ബുക്കിംങ്ങില്‍ പ്രതിഫലിക്കുന്നുണ്ട്.

Tags:    

Similar News