ഡാറ്റാ സംരക്ഷണ ബിൽ മണ്‍സൂണ്‍ സമ്മേളനത്തില്‍ നിയമമാകും: അശ്വിനി വൈഷ്ണവ്

ഡെല്‍ഹി: ഏറ്റവും പുതിയ ഡാറ്റാ സംരക്ഷണ നിയമനിര്‍മ്മാണത്തിന് പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനത്തില്‍ അംഗീകാരം ലഭിക്കുമെന്ന പ്രതീക്ഷ പങ്കുവച്ച് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ്. കരട് ഡാറ്റാ സംരക്ഷണ ബില്ലുമായി ബന്ധപ്പെട്ട് വിപുലമായ ചര്‍ച്ചകള്‍ നടന്നു വരികയാണ്. വിശദമായ കൂടിയാലോചനകള്‍ക്കും പാര്‍ലമെന്ററി പാനല്‍ ചര്‍ച്ചകള്‍ക്കും വിധേയമായ നിലവിലെ കരട് നിയമം റദ്ദാക്കാന്‍ പദ്ധതിയില്ലെന്ന് അദ്ദേഹം പറഞ്ഞു. വ്യക്തികളുടെ സ്വകാര്യ ഡാറ്റയ്ക്ക് സംരക്ഷണം നല്‍കാനും അതിനായി ഡാറ്റാ പ്രൊട്ടക്ഷന്‍ അതോറിറ്റി സ്ഥാപിക്കാനും ബില്ലില്‍ വ്യവസ്ഥയുണ്ട്. പൗരന്മാരുടെ കൃത്യമായ സമ്മതമില്ലാതെ […]

Update: 2022-02-27 06:35 GMT

ഡെല്‍ഹി: ഏറ്റവും പുതിയ ഡാറ്റാ സംരക്ഷണ നിയമനിര്‍മ്മാണത്തിന് പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനത്തില്‍ അംഗീകാരം ലഭിക്കുമെന്ന പ്രതീക്ഷ പങ്കുവച്ച് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ്. കരട് ഡാറ്റാ സംരക്ഷണ ബില്ലുമായി ബന്ധപ്പെട്ട് വിപുലമായ ചര്‍ച്ചകള്‍ നടന്നു വരികയാണ്.

വിശദമായ കൂടിയാലോചനകള്‍ക്കും പാര്‍ലമെന്ററി പാനല്‍ ചര്‍ച്ചകള്‍ക്കും വിധേയമായ നിലവിലെ കരട് നിയമം റദ്ദാക്കാന്‍ പദ്ധതിയില്ലെന്ന് അദ്ദേഹം പറഞ്ഞു. വ്യക്തികളുടെ സ്വകാര്യ ഡാറ്റയ്ക്ക് സംരക്ഷണം നല്‍കാനും അതിനായി ഡാറ്റാ പ്രൊട്ടക്ഷന്‍ അതോറിറ്റി സ്ഥാപിക്കാനും ബില്ലില്‍ വ്യവസ്ഥയുണ്ട്.

പൗരന്മാരുടെ കൃത്യമായ സമ്മതമില്ലാതെ വ്യക്തിഗത ഡാറ്റ ഉപയോഗിക്കുന്നതിന് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഇത് നിര്‍ദ്ദേശിക്കുന്നു. ഇക്കഴിഞ്ഞ ഡിസംബര്‍ 16 ന് ‘വ്യക്തിഗത ഡാറ്റാ സംരക്ഷണ ബില്‍ സംയുക്ത സമിതി-2019’ പാര്‍ലമെന്റിന്റെ ഇരുസഭകളിലും അതിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

ഇത് സങ്കീര്‍ണ്ണമായ ഒരു വിഷയമാണെന്നും, പരിഹരിക്കപ്പെടേണ്ട വിഷയങ്ങളുണ്ടെന്നും, ഇതെല്ലാം ഉടന്‍ പരിഹരിക്കപ്പെടുമെന്നുമാണ് മന്ത്രി ചൂണ്ടിക്കാട്ടിയത്. ബജറ്റ് സമ്മേളനമായിരുന്നു സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നതെന്നും, മണ്‍സൂണ്‍ സമ്മേളനത്തോടെ നിയമനിര്‍മ്മാണം സാധ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ക്രോസ്-ബോര്‍ഡര്‍ ട്രാന്‍സ്ഫര്‍, എന്റിറ്റികളുടെ പ്രോസസ്സിംഗ് ഡാറ്റയുടെ ഉത്തരവാദിത്തം, അനധികൃതവും ഹാനികരവുമായ പ്രോസസ്സിംഗില്‍ നിന്നുള്ള പരിഹാരങ്ങള്‍ എന്നിവയ്ക്കുള്ള ചട്ടക്കൂട് ബില്ലില്‍ പരാമര്‍ശിക്കുന്നുണ്ട്. ഈ നിയമത്തിലെ വ്യവസ്ഥകളില്‍ നിന്ന് അന്വേഷണ ഏജന്‍സികള്‍ക്ക് ഇളവുകള്‍ നല്‍കാനുള്ള അധികാരം സര്‍ക്കാരിന് നല്‍കാനും ബില്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍, ഈ നീക്കത്തെ പ്രതിപക്ഷ എം പിമാര്‍ ശക്തമായി എതിര്‍ക്കുന്നുണ്ട്.

സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകലിലെ ഉള്ളടക്കവും മറ്റും നിയന്ത്രിക്കുന്നതിനുള്ള കര്‍ശനമായ മാനദണ്ഡങ്ങള്‍ ഡിസംബറില്‍ പാര്‍ലമെന്ററി സമിതി ശുപാര്‍ശ ചെയ്തു. ഡാറ്റാ സംരക്ഷണ അതോറിറ്റി സ്ഥാപിക്കുന്നതോടെ ഡാറ്റ പ്രാദേശികവല്‍ക്കരണ മാനദണ്ഡങ്ങള്‍ എല്ലാ പ്രാദേശിക, വിദേശ സ്ഥാപനങ്ങളും കൃത്യമായി പാലിക്കുന്നുണ്ടെന്ന് കേന്ദ്രം ഉറപ്പാക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

നിര്‍ദ്ദിഷ്ട ഡാറ്റ സംരക്ഷണ നിയമനിര്‍മ്മാണത്തിന്റെ പരിധിയിൽ ‘ഏക ഭരണവും നിയന്ത്രണ സംവിധാനവും’ എന്നതിനൊപ്പം വ്യക്തിപരവും അല്ലാത്തതുമായ ഡാറ്റ കൂടി ഉള്‍പ്പെടുത്തുകയും, സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളെ പ്രസാധകര്‍ ആയി കണക്കാക്കി കൂടുതല്‍ ഉത്തരവാദിത്തം നൽകുകയും ചെയ്യുന്നുണ്ട്.

200 ബില്യണ്‍ ഡോളറിന്റെ മൂല്യമുള്ള ഐടി വ്യവസായം ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് തൊഴില്‍ നല്‍കുന്നതിനാല്‍, നിയമനിര്‍മ്മാണം ഒരു മേഖലയിലും പ്രതികൂല പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാതിരിക്കാന്‍ സര്‍ക്കാര്‍ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ട്. ചില കമ്പനികള്‍ പുതിയ മാനദണ്ഡങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    

Similar News