ചാരിറ്റി നടത്താന്‍ പണമുണ്ടാക്കുന്ന കോടീശ്വരന്‍; ക്രിപ്റ്റോ വമ്പനായ സാം ബാങ്ക്മാന്റെ പതനത്തിനു പിന്നില്‍?
ക്രിപ്റ്റോ വമ്പന്മാരുടെ ഫോബ്സ് പട്ടികയിലെ രണ്ടാമന്‍, സമ്പാദിക്കുന്നതെല്ലാം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കെന്നു പ്രഖ്യാപിച്ച സാം ബാങ്ക്മാന്‍. പൊട്ടുന്നനെ ആ മുപ്പതുകാരന്‍ ലോകത്തെ ഏറ്റവും വലിയ തട്ടിപ്പുകാരനാവുന്നു!
തന്റെ കിനാക്കളെ പണത്തിനു മുകളില്‍ പടുത്തുയര്‍ത്തിയ ഒരാള്‍. വായില്‍ സ്വര്‍ണ്ണക്കരണ്ടിയുമായി ജനിച്ച് കുഞ്ഞുന്നാള്‍ മുതല്‍ കോടികള്‍ സ്വപ്നം കണ്ട് അത് സമ്പാദിക്കാനായി മാത്രം ജീവിച്ച ഒരാള്‍. മുപ്പതുകളിലെത്തുമ്പോഴേക്ക് ലോകത്തെ അതിസമ്പന്നരില്‍ ഇടം പിടിച്ച് ഒടുവില്‍ ഒരൊറ്റ രാത്രി കൊണ്ട് പാപ്പരായ ഒരാള്‍... നിധികുംഭം കണ്ടെത്തുകയും ഒരു പുലര്‍കാലത്ത് പണക്കാരനാവുകയും പിന്നെയത് ഇല്ലാതാവുകയും ചെയ്ത അറബിക്കഥകളിലെ രാജകുമാരനെ കുറിച്ചല്ല പറയുന്നത്.
ലോകത്തിലെ തന്നെ പ്രധാന ക്രിപ്റ്റോ ഭീമന്‍ സാം ബാങ്ക്മാന്‍ ഫ്രൈഡ് എന്ന മുപ്പതു വയസ്സുകാരനെ കുറിച്ചാണ്. പേരില്‍ തന്നെ ബാങ്ക് മനുഷ്യനെന്നുള്ള സാം. ലക്ഷത്തിലധികം കോടികളുടെ ബാങ്ക് ബാലന്‍സില്‍ നിന്ന് വട്ടപ്പൂജ്യത്തിലേക്കുള്ള അയാളുടെ പതനത്തിന്റെ കഥ.
2022 നവംബര്‍ മാസത്തിലാണ് സാം ബാങ്ക്മാന്‍ഫ്രൈഡിന്റെ 32 ബില്യണ്‍ ഡോളറിന്റെ ക്രിപ്റ്റോ ട്രേഡിംഗ് സാമ്രാജ്യം തകര്‍ന്നടിഞ്ഞത്. ലോകം കണ്ട ഏറ്റവും വലിയ സാമ്പത്തിക തകര്‍ച്ച. മൂന്നേമൂന്നു ദിവസം കൊണ്ട്. ക്രമേണക്രമേണയായിരുന്നില്ല തകര്‍ച്ചയെന്നത് കൊടുമുടിയോളം ഉയരത്തില്‍ നിന്നുള്ള വീഴ്ചയുടെ ആഴവും കൂട്ടി. ഞെട്ടലും. പിന്നെ എങ്ങനെ ഇത് സംഭവിച്ചെന്ന അന്വേഷണത്തിന്റെ ഓട്ടത്തിലായിരുന്നു ലോകം.
കണക്കിനെ വിടാതെ പിന്തുടര്‍ന്ന ബാങ്ക്മാന്‍
സ്റ്റാന്‍ഫൊര്‍ഡ് ലോ സ്‌കൂളിലെ പ്രൊഫസര്‍മാരായ ബാര്‍ബറ ഫ്രൈഡിന്റേയും ജോസഫ് ബാങ്ക്മാന്റേയും മകനായി 1992ല്‍ ആണ് ബാങ്ക്മാന്‍ ഫ്രൈഡ് ജനിക്കുന്നത്. ജൂതകുടംബത്തില്‍ പെട്ട ബാങ്ക്മാന്‍ ജനിച്ചതും വളര്‍ന്നതും വായില്‍ സ്വര്‍ണക്കരണ്ടിയുമായെന്ന് പറയുന്ന പോലെയായിരുന്നു. ഒന്നിനും കുറവില്ലാതെ മകനെ അവര്‍ വളര്‍ത്തിക്കൊണ്ടുവന്നു. ചാക്കോ മാഷെ പോലെ, ലോകത്തിന്റെ സ്പന്ദനം കണക്കിലാണെന്ന് വിശ്വസിച്ചു ബാങ്ക്മാനും.
കണക്ക് തലവര മാറ്റുമെന്ന് തിരിച്ചറിഞ്ഞ ബാങ്ക്മാന്‍ കണക്കിനെ വിടാതെ പിടിച്ചു. 2010 മുതല്‍ 2014 വരെ എം.ഐ.ടി. വിദ്യാര്‍ഥിയായിരുന്നു. 2014ല്‍ ഭൗതികശാസ്ത്രത്തില്‍ ബിരുദവും ഗണിതശാസ്ത്രത്തില്‍ മൈനറും നേടി. 2013ല്‍ സാം ജെയ്ന്‍ സ്ട്രീറ്റ് ക്യാപിറ്റല്‍ എന്ന സ്ഥാപനത്തില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യാനാരംഭിച്ചു. അവിടെ തന്നെ ജോലിയും തുടങ്ങി.
ബാങ്കിങ്ങിലേക്ക്
പണം നേടാനുള്ള മാര്‍ഗം ബാങ്കിങ് ആണെന്ന് തിരിച്ചറിഞ്ഞ് പിന്നീട് അതിനുള്ള ശ്രമമായിരുന്നു. ഷെയര്‍മാര്‍ക്കറ്റിനെ കുറിച്ചും ക്രിപ്റ്റോ വ്യാപാരത്തെ കുറിച്ചുമെല്ലാമുള്ള വിവരങ്ങള്‍ പച്ചവെള്ളം പോലെ പഠിച്ചെടുക്കാന്‍ ബാങ്ക്മാന് അധിക സമയം വേണ്ടിവന്നില്ല.
ചില സുഹൃത്തുക്കളുമായി ചേര്‍ന്ന് 2017ല്‍ അലമേഡ റിസേര്‍ച്ചെന്ന കമ്പനി തുടങ്ങിയായിരുന്നു തുടക്കം. 2018ല്‍ ദിവസേന പത്ത് ലക്ഷം ഡോളര്‍ സമ്പാദിക്കുന്ന കമ്പനിയായി അലമേഡ മാറി. 2019ല്‍ എഫ്.ടി.എക്സ്. സ്ഥാപിച്ചതോടെ ബാങ്ക്മാന്റെ തലവരെ തന്നെ മാറി. 2021ല്‍ ബങ്ക്മാന്‍ ശതകോടിശ്വരനായി പ്രഖ്യാപിക്കപ്പെട്ടു.
തലവര മാറ്റിയ എഫ്.ടി.എക്സ്
വളര്‍ച്ചയുടെ അടുത്ത ഘട്ടത്തിലേക്ക് കടന്ന സാം ബാങ്ക്മാന്‍ ഫ്രൈഡ് എംഐടിയിലെ സഹപാഠിയും മുന്‍ ഗൂഗിള്‍ എഞ്ചിനീയറുമായ ഗാരി വാങുമായി ചേര്‍ന്ന് 2019 ല്‍ എഫ്ടിഎക്സ് സ്ഥാപിച്ചു. ബിറ്റ്കോയിന്‍ ഉള്‍പ്പെടെയുള്ള ക്രിപ്റ്റോകറന്‍സികളുടെ വിനിമയവും വിപണനവും സുഗമമാക്കുന്ന എക്സ്ചേഞ്ച് കമ്പനിയായിരുന്നു എഫ്.ടി.എക്സ്. ക്രിപ്റ്റോ ടോക്കണുകളും ഡെറിവേറ്റീവുകളും ട്രേഡ് ചെയ്യുന്നതിനുള്ള ഒരു പ്ലാറ്റ്ഫോം ആണ് എഫ്ടിഎക്സ് വാഗ്ദാനം ചെയ്തത്. മറ്റൊരു ക്രിപ്റ്റോകറന്‍സി എക്സ്ചേഞ്ച് സ്ഥാപനമായ ബിനാന്‍സിനെ എഫ്ടിഎക്സിന്റെ ആദ്യത്തെ നിക്ഷേപകരാക്കാന്‍ സാം ബാങ്ക്മാനിന് കഴിഞ്ഞു.
ന്യൂജന്‍ സമ്പാദ്യമെന്ന് പേര് കേട്ട ക്രിപ്റ്റോ കറന്‍സിയില്‍ സാം ബാങ്ക്മാന്‍ ലക്ഷ്യമിട്ടതോടെ കൂടെ കൂടിയത് ലക്ഷക്കണക്കിന് ഉപയോക്താക്കളായിരുന്നു. അങ്ങനെ എഫ്.ടി.എക്സ് വളര്‍ന്ന് പന്തലിച്ചു.
ഹോങ്കോങ്ങിലായിരുന്നു കമ്പനിയുടെ ആസ്ഥാനം. 2021ല്‍, കര്‍ശനമായ നികുതി നിയന്ത്രണങ്ങള്‍ ഒഴിവാക്കുന്നതിനായി കമ്പനി ബഹാമസിലേക്ക് മാറി. 2021 ജൂലൈയില്‍, കമ്പനിക്ക് 900 മില്യണ്‍ ഡോളര്‍ നിക്ഷേപം ലഭിച്ചു, ഇത് എഫ്ടിഎക്സിന്റെ മൂല്യം 18 ബില്യണ്‍ ഡോളറായി ഉയര്‍ത്തി.
ഇതിനെത്തുടര്‍ന്ന്, എഫ്ടിഎക്സിന് ക്രമാതീതമായ വളര്‍ച്ചയാണ് ഉണ്ടായത്. ഇത് കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ മെഴ്സിഡസിന്റെ ഫോര്‍മുല 1 ടീമുമായി ഒരു സ്പോണ്‍സര്‍ഷിപ്പ് കരാര്‍ നേടാന്‍ കമ്പനിയെ സഹായിച്ചു. സിംഗപ്പൂരിലെ ടെമാസെക്കിന്റെയും ടൈഗര്‍ ഗ്ലോബലിന്റെയും നിക്ഷേപം കൂടി എത്തിയതോടെ രണ്ട് മാസത്തിനുള്ളില്‍ എഫ്ടിഎക്സിന്റെ മൂലധനം 18 ബില്യണ്‍ ഡോളറില്‍ നിന്ന് 25 ബില്യണ്‍ ഡോളറായി ഉയര്‍ന്നു.
സാം ബാങ്ക്മാന്‍ ഫ്രൈഡും തന്റെ കമ്പനിയും സ്വന്തമാക്കിയത് 2600 കോടി (2021ലെ കണക്കില്‍) ഡോളറോളമുള്ള ആസ്തി. അതായത് രണ്ട് ലക്ഷം കോടി രൂപ. കഴിഞ്ഞ വര്‍ഷം ക്രിപ്റ്റോ ഇടപാടിന് ഇടിവ് തുടങ്ങിയപ്പോഴും എഫ്.ടി.എക്സിന്റെ ആസ്തി 1000 കോടി ഡോളറിലേക്കെത്തി. അമേരിക്കന്‍ ബിസിനസ് മാധ്യമമായ ഫോബ്സിന്റെ റിപ്പോര്‍ട്ട് പ്രകാരം മാത്രം സാം ബാങ്ക്മാന്‍ ഫ്രൈഡിന് 1600 കോടി ഡോളറാണ് ആസ്തി.
നിഗൂഢമായ ചാരിക്കാരന്‍
I want to get rich, not because i like money. But because I wanted to give that money to chartiy'. പണം സമ്പാദിക്കുന്നതെന്തിനാണെന്ന ചോദ്യത്തിന് സാം പറഞ്ഞിരുന്ന ഉത്തരമാണിത്. മില്യണ്‍ കണക്കിന് സമ്പാദിക്കുമെങ്കിലും ജീവിതരീതിയിലോ മറ്റോ സാം ബാങ്ക്മാന്‍ അത് പ്രതിഫലിപ്പിച്ചിരുന്നില്ല.
മട്ടിലും ഭാവത്തിലുമെല്ലാം ലാളിത്യജീവിതമായിരുന്നു പ്രകടിപ്പിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം 50 മില്യണ്‍ ഡോളറാണ് സാം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ചത്. വരും വര്‍ഷങ്ങളില്‍ ഈ തുക 500 മില്യണായും അടുത്ത ദശാബ്ദത്തോടെ 10 ബില്യണിലധികമായും ഉയര്‍ത്തുകയാണ് തന്റെ ലക്ഷ്യമെന്നും സാം പറഞ്ഞിരുന്നു.
വളര്‍ച്ചയേക്കാല്‍ വേഗം തകര്‍ച്ച
സാം ബാങ്ക്മാന്‍ ഫ്രൈഡിന്റെ വളര്‍ച്ച അഭൂതപൂര്‍വമായിരുന്നു. കാര്യങ്ങള്‍ തകിടം മറിഞ്ഞത് വളരെ വേഗത്തിലാണ്. ഉയര്‍ച്ച പോലെ തന്നെ ബാങ്ക്മാന്റെ വീഴ്ചയും അതിവേഗത്തിലായിരുന്നു.
പലിശനിരക്ക് വര്‍ധിച്ചതിന്റെ ഫലമായി ക്രിപ്റ്റോ വിപണിയില്‍ ഇടിവുണ്ടായ സമയത്ത് മറ്റ് ക്രിപ്റ്റോ സ്ഥാപനങ്ങളെ രക്ഷിക്കാന്‍ സന്നദ്ധത അറിയിച്ചപ്പോള്‍ ബാങ്ക്മാന്‍ മാസങ്ങള്‍ക്ക് മുമ്പ് വരുത്തിയ പിഴവുകളുടെ ഫലമാണ് എഫ്ടിഎക്സിന്റെ തകര്‍ച്ചയെന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഈ ഇടപാടുകളില്‍ ചിലതില്‍ അലമേഡ റിസര്‍ച്ച് ഉള്‍പ്പെട്ടിരുന്നുവെന്നും ഇത് പിന്നീട് തുടര്‍ച്ചയായ നഷ്ടത്തിലേക്ക് നയിച്ചുവെന്നുമാണ് റോയിട്ടേര്‍സിന്റെ ഒരു റിപ്പോര്‍ട്ടില്‍ പറയുന്നത്.
ബാലന്‍സ് ഷീറ്റ് പ്രകാരം 14.6 ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന അലമേഡ റിസര്‍ച്ചിന്റെ ആസ്തികളില്‍ ഭൂരിഭാഗവും യഥാര്‍ത്ഥത്തില്‍ എഫ്ടിഎക്സിന്റെ സ്വന്തം എഫ്ടിടി ടോക്കണുകളാണെന്ന് കോയ്ന്‍ടെസ്‌ക് റിപ്പോര്‍ട്ട് ഈ മാസം വെളിപ്പെടുത്തിയതോടെ പ്രശ്നം കൂടുതല്‍ രൂക്ഷമായി. പണപ്പെരുപ്പവും മാന്ദ്യവും ചേര്‍ന്നതോടെ കമ്പനിയുടെ തകര്‍ച്ച കൂടുതല്‍ പ്രകടമായി.
നിക്ഷേപകരിലൊരാളും ബിനാന്‍സ് സ്ഥാപകനും സിഇഒയുമായ ചാങ്പെങ് ഷാവോയുമായുണ്ടായ തര്‍ക്കം കാര്യങ്ങള്‍ കൂടുതല്‍ പുറത്തുകൊണ്ടുവന്നു. രണ്ട് ശതകോടീശ്വരന്മാരും വിപണി വിഹിതത്തിനായി പരസ്പരം മത്സരിക്കാന്‍ തുടങ്ങി. ഇവര്‍ തമ്മിലുള്ള കടുത്ത സ്പര്‍ദ്ധ അഭിമുഖങ്ങളിലൂടെയും സന്ദേശങ്ങളിലൂടെയും മറനീക്കി പുറത്തു വന്നു.
സ്ഥിതിഗതികള്‍ വഷളായതിനെ തുടര്‍ന്ന് നവംബര്‍ 9ന്, ബിനാന്‍സ് അവരുടെ കരാറില്‍ നിന്ന് പിന്‍മാറി, ഇത് എഫ്ടിഎക്സിന്റെ ഭാവി കൂടുതല്‍ അനിശ്ചിതത്വത്തിലാക്കി. ഇതിനെത്തുടര്‍ന്ന്, വാങ്ങാന്‍ ഒരാളെ കണ്ടെത്താനാവാതെ സാം ബാങ്ക്മാന്‍ ഫ്രൈഡ് കുഴങ്ങി, മറ്റു നിക്ഷേപകരെ കണ്ടെത്താന്‍ ശക്തമായ തിരച്ചില്‍ തുടങ്ങി.
പക്ഷേ, കഴിഞ്ഞയാഴ്ച എഫ്.ടി.എക്സ് ഉപയോക്താക്കള്‍ ആ സത്യമറിഞ്ഞു. കമ്പനി പൊട്ടിയിരിക്കുന്നു. ബാങ്ക്മാന്‍ തന്നെ പാപ്പരായി പ്രഖ്യാപിക്കാന്‍ കോടതി കയറിയിരിക്കുന്നു. വെറും പൊട്ടലായിരുന്നില്ല, എഫ്.ടി.എക്സില്‍ ഉപയോക്താക്കള്‍ നിക്ഷേപിച്ച കോടിക്കണക്കിന് ഡോളറുമായി ബാങ്ക്മാന്‍ ആരുമറിയാതെ മുങ്ങി.
നിക്ഷേപമെല്ലാം തന്റേതന്നെ മറ്റൊരു കമ്പനിയിലേക്ക് ആരുമറിയാതെ മാറ്റിയാണ് ബാങ്ക്മാന്‍ നാട് വിട്ടതെന്നാണ് റോയിട്ടേഴ്സ് അടക്കമുള്ളവര്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഇതോടെ സാം ബാങ്ക്മാന്‍ ഫ്രൈഡിനായി അന്വേഷണവും പ്രഖ്യാപിച്ചിരിക്കുന്നു. എഫ്.ടി.എക്സ് ആസ്തികള്‍ കോടതി മരവിപ്പിച്ചു. പല രാജ്യങ്ങളിലും പടര്‍ന്ന് പന്തലിച്ച എഫ്.ടി.എക്സ്. അനുബന്ധ ഓഫീസുകള്‍ അടച്ചുപൂട്ടപ്പെട്ടു. പാപ്പരായി പ്രഖ്യാപിച്ചതിന് പിന്നാലെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ബാങ്ക്മാന്‍ എഫ്.ടി.എക്സ് ചീഫ് എക്സിക്യൂട്ടീവ് സ്ഥാനത്ത് നിന്ന് രാജിവെച്ചത്.
തകര്‍ച്ചയിലേക്ക് നയിച്ചത് അരാജകത്വം
അതേസമയം, ഏതെങ്കിലും ഒരു എതിരാളിയുടെ കളിയല്ല തകര്‍ച്ചയുടെ പിറകിലെന്നാണ് തെളിഞ്ഞുവരുന്ന ചിത്രം സൂചിപ്പിക്കുന്നത്. ഒരു എതിരാളിയോ മോശം വ്യാപാരമോ ക്രിപ്റ്റോകറന്‍സികളുടെ മൂല്യത്തിലുണ്ടായ ഈ വര്‍ഷത്തെ നിരന്തരമായ ഇടിവോ അല്ല എഫ്ടിഎക്സിനെ വീഴ്ത്തിയത്.
വളരെക്കാലമായി അതിനകത്ത് അരങ്ങേറുന്ന അരാജകത്വമായിരുന്നു. തുടക്കം മുതല്‍ തന്നെ കോര്‍പറേറ്റ് സ്ഥാപനങ്ങളുടെ അനിയന്ത്രിതമായ കൂട്ടായ്മയായിരുന്നു സ്ഥാപനം.
ഉപഭോക്തൃ ആസ്തികളും ബാങ്ക്മാന്‍ഫ്രൈഡ് ബാങ്കര്‍മാര്‍ക്ക് കാണിച്ചിരിക്കുന്ന കമ്പനി ബാലന്‍സ് ഷീറ്റുകളും ജീവനക്കാരുമായും നിക്ഷേപകരുമായുമൊക്കെയുള്ള അഭിമുഖങ്ങളും എല്ലാം ഇതാണ് സ്ഥാപിക്കുന്നത്. എന്തൊക്കെ ആര്‍ക്കൊക്കെ ഉള്ളതാണെന്ന് ആര്‍ക്കും കൃത്യമായി പറയാന്‍ കഴിഞ്ഞിട്ടില്ല. പ്രോസിക്യൂട്ടര്‍മാര്‍ ഇപ്പോഴും അതിന്റെ തകര്‍ച്ചയെക്കുറിച്ചും ഉള്ളുകളികളെക്കുറിച്ചും അന്വേഷിക്കുകയാണ്.
റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണവായിച്ച ചക്രവര്‍ത്തിയെ ഓര്‍മ്മിപ്പിക്കുന്ന വിധം തീര്‍ത്തും ആഡംബര പൂര്‍ണമായിരുന്നു ബാങ്ക്മാന്റെ ജീവിതം. തന്റെ സാമ്രാജ്യം തകര്‍ന്നടിഞ്ഞ്, നിരവധി നിക്ഷേപകര്‍ക്ക് ലക്ഷക്കണക്കിന് ഡോളറിന്റെ നഷ്ടം വരുന്ന സമയത്ത് തന്റെ ഉറ്റവരുമായി ബഹാമസില്‍ ആഘോഷങ്ങളില്‍ മുഴുകിയിരിക്കുകയായിരുന്നു അയാള്‍ എന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
തകര്‍ച്ചക്കു പിന്നില്‍ കാമുകിയും അദ്ദേഹത്തിന്റെ ട്രേഡിങ് ഫേമിന്റെ സി.ഇ.ഒയുമായി 28കാരി കരോലിന്‍ എലിസന്റെ പേരും പറഞ്ഞു കേള്‍ക്കുന്നു.
എഫ്ടിഎക്സ് ഉപഭോക്താക്കളുടെ 10 ബില്യണ്‍ ഡോളര്‍ ബാങ്ക്മാന്‍ഫ്രൈഡ് തന്റെ ട്രേഡിങ് കമ്പനിയായ അലമെഡ റിസര്‍ച്ചിലേക്ക് മാറ്റി എന്നതുള്‍പ്പടെയുള്ള ആരോപണങ്ങളാണ് ഇപ്പോള്‍ അന്വേഷിക്കുന്നത്. ബാങ്ക്മാന്‍ഫ്രൈഡിന്റെ കാമുകിയായ കരോലിന്‍ എലിസണ്‍ ആണ് ഈ കമ്പനി നടത്തുന്നത്. അവരുടേ ലിങ്ക്ഡിന്‍ പേജിലെ വിവരങ്ങള്‍ പ്രകാരം അവര്‍ താമസിക്കുന്നത് ബഹാമസിലാണ്. എന്നാല്‍, ഇപ്പോള്‍ അവര്‍ ഹോങ്കോംഗില്‍ ഉണ്ടെന്നാണ് കോയിന്‍ ടെലെഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒരുപക്ഷേ, അവര്‍ ദുബായിലേക്ക് കടക്കാനും സാധ്യതയുണ്ടെന്നറിയുന്നു.
നേരത്തേ എഫ്ടിഎക്സിന്റെ അക്കൗണ്ടില്‍ നിന്നും 545 ഡോളര്‍ തികച്ചും ദുരൂഹമായ സാഹചര്യത്തില്‍ അപ്രത്യക്ഷമായതായി ഇന്റര്‍നെറ്റ് അപസര്‍പ്പക വിദഗ്ധര്‍ കണ്ടെത്തിയിരുന്നു. ഈ ഫണ്ട് പിന്‍വലിച്ചത് ആരാണെന്ന് അറിയാമെന്നും അന്വേഷണത്തിന് നേതൃത്വം നല്‍കിയ ക്രാക്കെനിലെ സുരക്ഷാ ഉദ്യോഗസ്ഥന്‍ നിക്ക് പെര്‍കോകോ പറഞ്ഞു. എന്നാല്‍, ഇക്കാര്യത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്താന്‍ അയാള്‍ തയ്യാറായിട്ടില്ല.
ബാങ്ക്മാനൊപ്പം ഇന്ത്യക്കാരനും
സാം ബാങ്ക്മാന്‍ പിടിയിലായതോടെ അദ്ദേഹത്തിന്റെ പ്രധാന സഹായിയെന്ന് അറിയപ്പെട്ട ഇന്ത്യക്കാരന്‍ നിഷാദ് സിങ്ങും നിരീക്ഷണത്തിലാണ്. 2017ല്‍ അലമേഡ റിസേര്‍ച്ചില്‍ ചേര്‍ന്ന നിഷാദ് സിങ്, പിന്നീട് എഫ്.ടി.എക്സിന്റെ ബുദ്ധികേന്ദ്രമായി മാറി. ഫെയ്സ്ബുക്കില്‍ സോഫ്റ്റ്വെയര്‍ എന്‍ജിനിയറായി ജോലി ചെയ്ത് വരികെയാണ് നിഷാദ് സിങ് അലമേഡയിലെത്തിയത്. 17 മാസത്തോളം ഇവിടെ ജോലി ചെയ്യുകയും പിന്നീട് എഫ്.ടി.എക്സിന്റെ എന്‍ജിനിയറിംഗ് വിങ്ങിലേക്ക് മാറുകയുമായിരുന്നു.
നിഷാദ് സിങ്ങും ബാങ്ക്മാനുമായിരുന്നു എഫ്.ടി.എക്സിന്റെ എല്ലാ കോഡ് നിയന്ത്രണങ്ങളും നടത്തിയിരുന്നത്. എഫ്.ടി.എക്സ് ഉപഭോക്താക്കളുടെ 10 ബില്ല്യണ്‍ ഡോളറുകള്‍ തന്റെ പഴയ കമ്പനിയായ അലമാഡയിലേക്ക് ബാങ്ക്മാന്‍ മാറ്റിയെന്നാണ് റോയിട്ടേര്‍സ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ബാങ്ക്മാന്‍, അലമേഡ റിസേര്‍ട്ട് സി.ഇ.ഒ. കരോളിന്‍ എലിസണ്‍, എഫ്.ടി.എക്സ് എക്സിക്യൂട്ടീവുകളായ നിഷാദ് സിങ്ങ്, ഗ്രേ വാങ് എന്നിവര്‍ക്ക് എഫ്.ടി.എക്സ് നിക്ഷേപങ്ങള്‍ അലമാഡയിലേക്ക് മാറ്റിയതിനെ കുറിച്ച് അറിയാമായിരുന്നുവെന്ന് വാള്‍ സ്ട്രീറ്റ് ജേണലും ചൂണ്ടിക്കാട്ടുന്നുണ്ട്. ഇതോടെ നിഷാദ് സിങ്ങിനും പിടിവീഴുമെന്ന് ഉറപ്പായിരിക്കുകയാണ്.
അന്വേഷണം ധ്രുതഗതിയില്‍
യു.എസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ജസ്റ്റിസും സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് കമ്മീഷനും എഫ്ടിഎക്സിന്റെ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കുന്നതിന് വേണ്ടി നിലവില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണത്തിലൂടെ, കമ്പനി ഏതെങ്കിലും അന്യായമായ പ്രവര്‍ത്തനങ്ങളോ സുരക്ഷാ നിയമലംഘനമോ നടത്തിയിട്ടുണ്ടോ എന്ന് കണ്ടെത്താനാകുമെന്നാണ് വകുപ്പ് പ്രതീക്ഷിക്കുന്നത്.
അലമേഡ റിസര്‍ച്ചിലേക്ക് ഉപഭോക്താക്കള്‍ നിക്ഷേപിച്ച നിക്ഷേപങ്ങള്‍ വകമാറ്റിയോ ഇല്ലയോ എന്നതിന്റെ സാധ്യതയിലായിരിക്കും അന്വേഷണം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അങ്ങനെ തെളിഞ്ഞാല്‍ ക്രിപ്റ്റോ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പിലേക്കായിരിക്കും സാം ബാങ്ക്മാന്‍ എത്തിപ്പെടുക. ഒപ്പം ജയില്‍ വാസത്തിലേക്കും.