ഇന്ത്യയുടെ 'മാംഗോ മാജിക്'; അടിതെറ്റി ദക്ഷിണാഫ്രിക്ക

  • ഭാരത് മാമ്പഴ ഉത്സവ് സംഘടിപ്പിച്ചത് ജോഹനാസ്ബര്‍ഗിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍
  • ഇന്ത്യയിലും ദക്ഷിണാപ്രിക്കയിലും മാമ്പഴ സീസണ്‍ വ്യത്യസ്തമാണ്
  • മാമ്പഴങ്ങള്‍ ദക്ഷിണാഫ്രിക്കയുടെ അയല്‍ രാജ്യങ്ങളിലേക്കും അയക്കാന്‍ പദ്ധതി

Update: 2024-06-18 03:01 GMT

ഇന്ത്യന്‍ മാമ്പഴങ്ങള്‍ ലോക പ്രശസ്തമാണ്, അവയുടെ രുചിയും അതുപോലെതന്നെ. അതിനാല്‍ ആഗോളതലത്തില്‍ വലിയ ആവശ്യകതയാണ് ഈ പഴങ്ങളുടെ രാജാവിന് ലഭിക്കുന്നത്. ഓരോവര്‍ഷവും ഇന്ത്യന്‍ ഇനങ്ങള്‍ക്കുള്ള ആവശ്യക്കാര്‍ ഏറുകയാണ്. ഇപ്പോള്‍ മാമ്പഴ രുചി മത്തുപിടിപ്പിച്ചത് ദക്ഷിണാഫ്രിക്കയെയാണ്. ഇന്ത്യയില്‍നിന്നും കൂടുതല്‍ വ്യത്യസ്ത ഇനം മാമ്പഴങ്ങള്‍ ഇറക്കുമതി ചെയ്യാനാണ് പ്രിട്ടോറിയ ആവശ്യപ്പെട്ടിരിക്കുന്നത്.ഇക്കാര്യം ഫാം എക്സ്പോര്‍ട്ട് ബോഡി ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

കഴിഞ്ഞയാഴ്ച ജോഹനാസ്ബര്‍ഗിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ 'ഭാരത് മാമ്പഴ ഉത്സവ് 2024' എന്ന പരിപാടി സംഘടിപ്പിച്ചിരുന്നു. ഇത് ദക്ഷിണാപ്രിക്കയെ മാമ്പഴരുചികൊണ്ട് കീഴടക്കിയതായി അഗ്രികള്‍ച്ചറല്‍ ആന്‍ഡ് പ്രോസസ്ഡ് ഫുഡ് പ്രോഡക്ട്സ് എക്സ്പോര്‍ട്ട് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (അപെഡ) പ്രസ്താവന അറിയിച്ചു.

മാമ്പഴങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന അല്‍ഫോന്‍സോ, തോതാപുരി, രാജപുരി, ബദാമി, കേസര്‍, നീലം എന്നിവയില്‍ പ്രത്യേകം കൊണ്ടുവന്ന ഇന്ത്യന്‍ മാമ്പഴങ്ങളുടെ സാമ്പിള്‍ എടുക്കാന്‍ പരിപാടിയിലെ അതിഥികള്‍ക്ക് അവസരം ലഭിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷം മാമ്പഴത്തിന് ദക്ഷിണാഫ്രിക്കയിലേക്ക് വിപണി പ്രവേശനം ലഭിച്ചിരുന്നു. ഇപ്പോള്‍ ഗുജറാത്തില്‍ നിന്ന് 1.5 മെട്രിക് ടണ്‍ മാമ്പഴം അവിടേക്ക് കയറ്റി അയച്ചതായി അപെഡ അറിയിച്ചു. ഇത് വര്‍ധിപ്പിക്കാനാണ് ദക്ഷിണാഫ്രിക്ക താല്‍പ്പര്യം അറിയിച്ചിരിക്കുന്നത്.

ഇന്ന് ലോകത്തിലെ ഏറ്റവും കൂടുതല്‍ മാമ്പഴം ഉത്പാദിപ്പിക്കുന്നത് ഇന്ത്യയാണ്. ആഗോള ഉല്‍പാദനത്തിന്റെ 50 ശതമാനവും ഇവിടെയാണ്. ദക്ഷിണാഫ്രിക്കയിലും മാമ്പഴ ഉല്‍പ്പാദനമുണ്ട്. എന്നാല്‍ അത് ഇന്ത്യയിലേപ്പോലെ വ്യാപകമല്ല. കൂടാതെ നിരവധി ഇനങ്ങള്‍ ഇന്ത്യയിലാണ് ഉള്ളത്. ഇക്കാരണത്താലാണ് ഇന്ത്യന്‍ മാമ്പഴത്തിന് അവിടെ പ്രിയമേറുന്നത്.

ദക്ഷിണാഫ്രിക്കന്‍ സര്‍ക്കാരില്‍ നിന്ന് മാമ്പഴ വ്യാപാരത്തിന് അനുമതി ലഭിക്കാന്‍ ബുദ്ധിമുട്ടായിരുന്നു. റേഡിയേഷനുശേഷമാണ് ഈ മാമ്പഴങ്ങള്‍ വരുന്നത് എന്നതിനാല്‍ വിശകലനങ്ങള്‍ നടത്തേണ്ട ഒരു കാലമുണ്ടായിരുന്നു.

2012ല്‍ ഇന്ത്യന്‍ സാധനങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ തുടങ്ങിയത് മുതല്‍ എല്ലാ വര്‍ഷവും മാമ്പഴത്തിന് ആവശ്യമായ ഇറക്കുമതി അനുമതി ലഭിക്കാന്‍ എപിഇഡിഎയോട് ആവശ്യപ്പെട്ടിരുന്നതായി ഇന്ത്യന്‍ ഭക്ഷ്യ ഉല്‍പന്നങ്ങളുടെ ദക്ഷിണാഫ്രിക്കയിലെ പ്രമുഖ വിതരണക്കാരില്‍ ഒരാളായ പ്രണവ് ഖട്ടര്‍ പറഞ്ഞു. മാമ്പഴം ഇറക്കുമതി ഇപ്പോള്‍ ഔദ്യോഗികമായി അനുവദിച്ചതില്‍ വളരെ സന്തുഷ്ടരാണ്. ഇന്ത്യയില്‍ മാത്രമല്ല, ലോകമെമ്പാടും മാമ്പഴം വളരെ പ്രസിദ്ധമാണ്. അടുത്ത സീസണില്‍ ഇറക്കുമതി ആരംഭിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലും ദക്ഷിണാഫ്രിക്കയിലും മാമ്പഴ സീസണ്‍ വ്യത്യസ്തമാണ്. അതിനാല്‍ മാര്‍ക്കറ്റില്‍ ഇന്ത്യയ്ക്ക് ഭീഷണി ഉണ്ടാവുകയുമില്ല.

ദക്ഷിണാഫ്രിക്കയില്‍ നിന്ന് അയല്‍ സംസ്ഥാനങ്ങളായ ബോട്സ്വാന, നമീബിയ, മൊസാംബിക്, സാംബിയ, സിംബാബ്വെ എന്നിവിടങ്ങളിലേക്ക് അയക്കുന്ന മറ്റ് ചരക്കുകള്‍ പോലെ ഈ രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യാനും ഇന്ത്യക്ക് പദ്ധതിയുണ്ട്.

Tags:    

Similar News