ഇന്ത്യയില്‍ സ്വിസ് നിക്ഷേപത്തിന് വലിയ സാധ്യതകളെന്ന് ഗോയല്‍

  • ആഗോളതലത്തില്‍ ഇന്ത്യയുടെ 20-ാമത്തെ വലിയ വ്യാപാര പങ്കാളിയാണ് സ്വിറ്റ്‌സര്‍ലന്‍ഡ്
  • ഇന്ത്യയിലെ 12-ാമത്തെ വലിയ നിക്ഷേപകന്‍ കൂടിയാണ് സ്വിറ്റ്‌സര്‍ലന്‍ഡ്
  • ഇന്ത്യയില്‍ 330-ലധികം സ്വിസ് കമ്പനികള്‍ പ്രവര്‍ത്തിക്കുന്നു

Update: 2024-07-17 03:30 GMT

നിരവധി മേഖലകള്‍ക്ക് വലിയ സാധ്യതകളുള്ളതിനാല്‍ ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ സ്വിസ് കമ്പനികളോട് വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ അഭ്യര്‍ത്ഥിച്ചു. സ്വിറ്റ്‌സര്‍ലന്‍ഡിലെ ഫെഡറല്‍ കൗണ്‍സിലര്‍ ഗൈ പാര്‍മെലിന്റെ ക്ഷണപ്രകാരമാണ് മന്ത്രി സ്വിറ്റ്‌സര്‍ലന്‍ഡില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തിയത്.

ജൂലൈ 15ന് നടന്ന പ്രഭാതഭക്ഷണ യോഗത്തില്‍ രണ്ട് മന്ത്രിമാരും പ്രമുഖ സ്വിസ്, ഇന്ത്യന്‍ വ്യവസായ മേധാവികളുമായി ഇടപഴകുകയും ഫലപ്രദമായ ചര്‍ച്ചകള്‍ നടത്തുകയും ചെയ്തതായി വാണിജ്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യയുടെ വളര്‍ച്ചയുടെ ഭാഗമാകാനും അതിന്റെ വിപണിയില്‍ നിക്ഷേപം നടത്താനും സ്വിസ് കമ്പനികളെ അദ്ദേഹം പ്രോത്സാഹിപ്പിച്ചു. 12 അംഗ ഇന്ത്യന്‍ ബിസിനസ് ഡെലിഗേഷനും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.

മാര്‍ച്ച് 10 ന് ഒപ്പുവച്ച ചരിത്രപരമായ ഇന്ത്യ-ഇഎഫ്ടിഎ വ്യാപാര സാമ്പത്തിക പങ്കാളിത്ത കരാര്‍ (ടിഇപിഎ) നടപ്പാക്കുന്നതിനുള്ള തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യുക എന്നതായിരുന്നു സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യം. 2023-ല്‍ 21 ബില്യണ്‍ യുഎസ് ഡോളറിന്റെ ഉഭയകക്ഷി വ്യാപാരവുമായി ആഗോളതലത്തില്‍ ഇന്ത്യയുടെ 20-ാമത്തെ വലിയ വ്യാപാര പങ്കാളിയാണ് സ്വിറ്റ്‌സര്‍ലന്‍ഡ്.

2000 ഏപ്രില്‍ മുതല്‍ 2024 മാര്‍ച്ച് വരെയുള്ള കാലയളവില്‍ ഏകദേശം 10 ബില്യണ്‍ യുഎസ് ഡോളറിന്റെ എഫ്ഡിഐ ഉള്ള ഇന്ത്യയിലെ 12-ാമത്തെ വലിയ നിക്ഷേപകന്‍ കൂടിയാണ് അവര്‍.

ഇന്ത്യയില്‍ 330-ലധികം സ്വിസ് കമ്പനികള്‍ പ്രവര്‍ത്തിക്കുന്നു, അവ ഇന്ത്യയില്‍ 1,66,000-ത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു. ഈ കമ്പനികളില്‍ പലതും ഇന്ത്യയില്‍ അവരുടെ നിര്‍മ്മാണ സൗകര്യങ്ങളും ഗവേഷണ-വികസന കേന്ദ്രങ്ങളുമുണ്ട്.

Tags:    

Similar News