വിഴിഞ്ഞം തുറമുഖ പദ്ധതി ; നാലാമത്തെ കപ്പൽ ഇന്ന് നങ്കൂരമിടും
- രണ്ട് ഷിപ്പ് ടു ഷോര്‍ ക്രെയ്‌നുകളും മൂന്ന് യാര്‍ഡ് ക്രെയിനുകളുമാണ് കപ്പലിലുള്ളത്
- ഇതോടെ തുറമുഖത്ത് നാല് ഷിപ്പു ടു ഷോര്‍ ക്രെയ്‌നുകളും 11 യാര്‍ഡ് ക്രെയ്‌നുകളുമാകും
- ആദ്യം എത്തിയ കപ്പലായ ഷെന്‍ ഹുവ 15 ആണ് വീണ്ടുമെത്തുന്നത്
വിഴിഞ്ഞം തുറമുഖത്തേക്കുള്ള ക്രെയ്‌നുകളുമായി ചൈനയിൽ നിന്നുള്ള നാലാമത്തെ കപ്പല്‍ ഇന്ന് തുറമുഖത്ത് നങ്കൂരമിടും. ആദ്യം വിഴിഞ്ഞത്ത് എത്തിയ കപ്പലായ ഷെന്‍ ഹുവ 15 ആണ് ഇന്ന് വീണ്ടുമെത്തുന്നത്. രണ്ട് ഷിപ്പ് ടു ഷോര്‍ ക്രെയ്‌നുകളും മൂന്ന് യാര്‍ഡ് ക്രെയിനുകളുമാണ് കപ്പലിലുള്ളത്.
ഇതോടെ വിഴിഞ്ഞം തുറമുഖത്ത് നാല് ഷിപ്പു ടു ഷോര്‍ ക്രെയ്‌നുകളും 11 യാര്‍ഡ് ക്രെയ്‌നുകളുമാകും. ഈ ക്രെയിനുകള്‍ പ്രവര്‍ത്തന സജ്ജമാക്കിയതിന് ശേഷമായിരിക്കും രണ്ടാം ഘട്ടമായി ബാക്കിയുള്ള ക്രെയിനുകള്‍ എത്തുക. ഒക്ടോബര്‍ 12 ന് ആയിരുന്നു വിഴിഞ്ഞത്ത് ആദ്യ കപ്പല്‍ എത്തിയത്. ഇതിൽ രണ്ട് യാർഡ് ക്രെയിനുകളും ഒരു ഷിഫ്റ്റ് ഷോർ ക്രെയിനുമാണ് വിഴിഞ്ഞത്ത് ഇറക്കിയത്. ഇതിന് ശേഷം നവംബർ ഒമ്പതിന് രണ്ടാമത്തെ കപ്പലെത്തി. ഇതിൽ ഒരു ഷിഫ്റ്റ് ടു ഷോർ ക്രെയിനും മൂന്ന് യാർഡ് ക്രെയിനുകളുമാണ് ഉണ്ടായിരുന്നത്. നവംബർ 27നാണ് വിഴിഞ്ഞത്ത് മൂന്നാമത്തെ കപ്പലെത്തിയത്.
വിഴിഞ്ഞം തുറമുഖം പൂർണമായി പ്രവർത്തനമാരംഭിക്കുന്നതോടെ 400 കോടി രൂപയോളം വിഹിതം കേരള സർക്കാരിന് ലഭിക്കും. നികുതി കൂടി ഉൾപ്പെടുത്തിയ തുകയാണിത്. 2027 ഓടെ 30 ലക്ഷം കണ്ടെയ്നറുകൾ തുറമുഖത്ത് കൈകാര്യം ചെയ്യാൻ സാധിക്കുന്ന നിലയിലേക്കാകുമെന്നാണ് പ്രതീക്ഷിയ്ക്കുന്നത്. ഇതോടെ ഒരു വർഷം തുറമുഖത്തു നിന്ന് 2500 കോടിയുടെ വരുമാനമാണ് പ്രതീക്ഷിയ്ക്കുന്നത്.
7,700 കോടി രൂപയാണ് തുറമുഖത്തിന്റെ നിർമാണ ചെലവ്. രാജ്യാന്തര കപ്പൽ ചാലിൽനിന്ന് 18 കിലോമീറ്റർ അകലെയാണ് വിഴിഞ്ഞം തുറമുഖം. ആദ്യഘട്ടത്തിൽ 10 ലക്ഷം കണ്ടെയ്നറുകൾ കൈകാര്യം ചെയ്യാനുള്ള ശേഷിയാണ് തുറമുഖത്തിനുള്ളത്.