കയ്യില്‍ കാശില്ലെ! യുപിഐ മതി, KSRTC ബസിൽ ഇനി ടിക്കറ്റ് ഡിജിറ്റലായി എടുക്കാം

Update: 2024-11-12 10:18 GMT

കെഎസ്ആര്‍ടിസി ബസില്‍ ഇനി ടിക്കറ്റ് ഡിജിറ്റലായി എടുക്കാം. കയ്യില്‍ കാശില്ലെന്ന് കരുതി ബസില്‍ കയറാന്‍ ഇനി ആശങ്ക വേണ്ട. ഡെബിറ്റ് കാര്‍ഡിലൂടെയും യുപിഐ ആപ്പിലൂടെയും ടിക്കറ്റെടുക്കാം. ചലോ ആപ്പുമായി സഹകരിച്ചാണ് പദ്ധതി. നിലവില്‍ തിരുവനന്തപുരം ജില്ലയില്‍ ചില ബസുകളിൽ നടപ്പാക്കിയ ഈ സംവിധാനം സംസ്ഥാനത്താകെ വ്യാപിപ്പിക്കുമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാര്‍ പറഞ്ഞു. ഇതുസംബന്ധിച്ച കരാറില്‍ ഉടന്‍ ഒപ്പുവയ്ക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ട്രാവല്‍ കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, ഗൂഗിള്‍ പേ ഉള്‍പ്പടെയുള്ള യുപിഐ സംവിധാനങ്ങള്‍, ക്യുആര്‍ കോഡ് സ്‌കാന്‍ പേയ്‌മെന്റ് രീതി എന്നിവ ചലോ ആപ്പില്‍ ലഭിക്കും. എന്നാല്‍ ക്രെഡിറ്റ് കാര്‍ഡ് സ്വീകരിക്കില്ല. നാലായിരത്തിൽ അധികം വരുന്ന ബസുകളുടെ വിവരങ്ങൾ ചലോ ആപ്പിൽ അപ്പ്‌ലോഡ്‌ ചെയ്യുന്ന നടപടികളും പുരോഗമിക്കുകയാണ്‌.

യാത്രക്കാർക്ക്‌ തങ്ങളുടെ ബസ്‌ എവിടെ എത്തി, റൂട്ടിൽ ഏതൊക്കെ ബസ്‌ ഓടുന്നുണ്ട്‌ എന്നും ബസ്‌ എത്തുന്ന സമയവും അറിയാനാകും. കൂടുതൽ യാത്രക്കാരെ ആകർഷിക്കുകയാണ്‌ പുതിയ പദ്ധതിയുടെ ലക്ഷ്യം. സംസ്ഥാനത്ത് സ്വകാര്യ ബസുകളിൽ പലതിലും ഡിജിറ്റൽ പേ​മെന്റ് സംവിധാനമുണ്ട്. കെ.എസ്.ആർ.ടി.സി ബസുകളിലും ഡിജിറ്റൽ പേമെൻറ് വരുന്നത് യാത്രക്കാർക്ക് ഏറെ സൗകര്യപ്രദമാകും.

Tags:    

Similar News