പോകാം വാഗമണിലേക്ക്; സഞ്ചാരികളുടെ മനം കവർന്ന് വന്‍ ഹിറ്റായി ഗ്ലാസ് ബ്രിഡ്ജ്

  • രാവിലെ 9 മുതല്‍ വൈകിട്ട് 6 വരെയാണ് പ്രവേശനം
  • ഒരു സഞ്ചാരിക്ക് 5 മുതല്‍ 7 മിനിറ്റ് വരെ ചിലവഴിക്കാം
  • 250 രൂപയാണ് ടിക്കറ്റ് നിരക്ക്

Update: 2024-01-04 11:49 GMT

സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ വാഗമണിലെ അഡ്വഞ്ചര്‍ പാര്‍ക്കിലെ ഗ്ലാസ് ബ്രിഡ്ജ് പ്രവര്‍ത്തനമാരംഭിച്ച് നാല് മാസങ്ങള്‍ പിന്നിടുമ്പോള്‍ വന്‍ ഹിറ്റായി മാറിക്കഴിഞ്ഞു. സര്‍ക്കാരിന്റെയും സ്വകാര്യ കമ്പനിയുടെയും പങ്കാളിത്തത്തില്‍ മൂന്നുകോടി രൂപ ചെലവഴിച്ചാണ് വാഗമണിലെ കോലാഹലമേട്ടില്‍ ഗ്ലാസ് ബ്രിഡ്ജിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്.

2023 സെപ്റ്റംബര്‍ മാസത്തിലാണ് വാഗമണ്‍ ഗ്ലാസ് ബ്രിഡ്ജ് ആരംഭിച്ചത്. ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ കണക്കുകള്‍ പ്രകാരം 2023 ഡിസംബര്‍ 31 വരെ 1,00,954 സഞ്ചാരികളാണ് ഇവിടെ സന്ദര്‍ശിച്ചത്. രണ്ടര കോടിയിലധികം വരുമാനവും ലഭിച്ചു. ക്രിസതുമസ്, പുതുവത്സര കലയളവില്‍ റെക്കോഡ് സഞ്ചാരികളാണ് എത്തിയത്.

രാജ്യത്തെ തന്നെ ഏറ്റവും നിളം കൂടിയ കാന്റി ലിവര്‍ ഗ്ലാസ് ബ്രിഡ്ജ് എന്ന നിലയില്‍ സഞ്ചാരികള്‍ കൗതുകത്തോടെയാണ് വാഗമണിലേക്ക് എത്തുന്നത്. സാഹസിക വിനോദസഞ്ചാരമേഖലയില്‍ പുതിയ ചുവടുവെയ്പുകള്‍ നടത്തുന്ന കേരളാ ടൂറിസത്തിന് ആത്മവിശ്വാസം പകരുകയാണ് വാഗമണ്‍ ഗ്ലാസ് ബ്രിഡ്ജ്. സമുദ്രനിരപ്പില്‍ നിന്ന് 3500 അടി ഉയരത്തിലുള്ള ചില്ലുപാലത്തിന്റെ നീളം 40 മീറ്ററാണ്.

രാവിലെ 9 മുതല്‍ വൈകിട്ട് 6 വരെയാണ് പ്രവേശനം. ടിക്കറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്ന സമയത്തു മാത്രം പാലത്തിനു സമീപത്തേക്ക് സന്ദര്‍ശകരെ കയറ്റി വിടുന്ന രീതിയാണ് ഇപ്പോള്‍ നടപ്പാക്കുന്നത്. ഒരു ദിവസം 1000 പേരെ പ്രവേശിപ്പിക്കാന്‍ കഴിയുന്ന വിധത്തിലാണ് ടിക്കറ്റ് വിതരണം ചെയ്യുക. ഒരു സഞ്ചാരിക്ക് 5 മുതല്‍ 7 മിനിറ്റ് വരെ പാലത്തില്‍ ചെലവഴിക്കാം. ഒരേ സമയം 15 പേര്‍ക്കാണ് പ്രവേശനം. 250 രൂപയാണ് ടിക്കറ്റ് നിരക്ക്.

റോക്കറ്റ് ഇജക്റ്റർ, ജയന്റ് സ്വിങ്, സിപ് ലൈൻ, സ്കൈ സൈക്ലിങ്, സ്കൈ റോളർ, ഫ്രീ ഫോൾ, ഹ്യൂമൻ ഗൈറോ തുടങ്ങിയ നിരവധി സാഹസിക വിനോദങ്ങളും അഡ്വഞ്ചർ പാർക്കിൽ ഒരുക്കിയിട്ടുണ്ട്.

Tags:    

Similar News