ഓഹരിയുടമകൾക്ക് സുവർണാവസരം; എസ്ഐബി റൈറ്റ്സ് ഇഷ്യൂ 1:3 ആകുമോ?
- വായ്പാ വളർച്ച കഴിഞ്ഞ കുറച്ച് കാലങ്ങളായി മന്ദഗതിയിലായിരുന്നു
- ബാങ്കിംഗ് വ്യവസായം അവരുടെ മൂലധന അടിത്തറ 5 ശതമാനം വർദ്ധിപ്പിക്കേണ്ടതുണ്ട്
- അവകാശ ഇഷ്യു മൂലധന അടിത്തറ 7888.1 കോടിയിൽ നിന്ന് 9638.1 കോടിയായി ഉയർത്തും
കൊച്ചി: മൂലധന അടിത്തറ മെച്ചപ്പെടുത്താൻ 1750 കോടി രൂപയുടെ അവകാശ ഇഷ്യൂവുമായി വിപണിയിലെത്തുകയാണ് തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സൗത്ത് ഇന്ത്യൻ ബാങ്ക് (എസ്‌ഐബി). അങ്ങനെ, വായ്പാ റിസ്ക് വെയ്റ്റ് സംബന്ധിച്ച റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ വിപണിയിൽ എത്തുന്ന ആദ്യത്തെ ബാങ്കായി മാറുകയാണ് എസ്ഐബി.
നവംബറിൽ സെൻട്രൽ ബാങ്ക് രാജ്യത്തെ ബാങ്കുകളോട് അവരുടെ സുരക്ഷിതമല്ലാത്ത വായ്പകളുടെയും എൻബിഎഫ്‌സികൾക്കുള്ള ലോണുകളുടെയും റിസ്ക് വെയ്റ്റ് 100 ശതമാനത്തിൽ നിന്ന് 25 ശതമാനം ഉയർത്താൻ ആവശ്യപ്പെട്ടിരുന്നു, ഇത് ഫലപ്രദമായി 125 ശതമാനമായി ഉയർത്തി.
അല്ലെങ്കിലും, 2025 ജനുവരിയിൽ ആസന്നമായ ഒരു കോൾ ഓപ്‌ഷൻ ഉടനടി നടപ്പിലാക്കേണ്ടതുള്ളതിനാൽ എസ്‌ഐബി അതിന്റെ 13.75 ശതമാനം 500 കോടി രൂപ ടയർ 1 ബോണ്ടിന്റെ വീണ്ടെടുപ്പിൽ (redemption) നിന്ന് ഉണ്ടാകുന്ന മൂലധന ചോർച്ച നികത്താൻ കൂടുതൽ മൂലധനം ചേർക്കേണ്ടതുണ്ട്.
ബാങ്കിനോട് അടുപ്പമുള്ള ചില വ്യക്തികൾ പറയുന്നതനുസരിച്ച്, ഒരു ഓഹരിക്ക് ഏകദേശം 27 രൂപ നിലവിലെ വിപണി വിലയും അവകാശ ഓഹരി പരമ്പരാഗതമായി വിപണി വിലയേക്കാൾ 10 മുതൽ 20 ശതമാനം വരെ കിഴിവിലാണ് വിൽക്കുന്നത് എന്ന വസ്തുതയും കണക്കിലെടുക്കുമ്പോൾ ബാങ്ക് ആസൂത്രണം ചെയ്യുന്ന അവകാശ ഇഷ്യു 1:3 എന്ന അനുപാതത്തിൽ ആയിരിക്കാനാണ് സാധ്യത .
ഒരു വർഷത്തിനുള്ളിൽ വരുന്ന 500 കോടി രൂപയുടെ ബോണ്ട് റിഡീംഷനും സുരക്ഷിതമല്ലാത്ത ലോണുകളുടെയും എൻബിഎഫ്‌സികൾക്ക് നൽകുന്ന ലോണുകളുടെയും റിസ്ക് വെയിറ്റ് ഉയർത്താൻ ബാങ്കുകളോട് ആവശ്യപ്പെട്ടുള്ള പുതിയ ആർബിഐ നിർദ്ദേശത്തിനും ശേഷം, വരാനിരിക്കുന്ന അവകാശ ഇഷ്യു എസ്‌ഐബിയുടെ മൂലധന-റിസ്ക് ആസ്തി അനുപാതം (സിആർഎആർ; capital to risk assets ratio) ഏകദേശം 18.35 ശതമാനം എന്ന നിലയിലേക്ക് ശക്തിപ്പെടുത്തും. നിലവിൽ (സെപ്റ്റംബർ 30, 2023 വരെ) അത് 16.69 ശതമാനാമാണ്.
നിഷ്‌ക്രിയ ആസ്തികളുടെ (എൻപിഎ; NPA) അമിതഭാരം കാരണം വായ്പാ വളർച്ചയിൽ കഴിഞ്ഞ കുറച്ച് കാലങ്ങളായി മന്ദഗതിയിലായിരുന്ന ബാങ്ക് കഴിഞ്ഞ ചില പാദങ്ങളിലെ നഷ്ടപ്പെട്ട അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിന് വേഗത്തിലുള്ള വായ്പാ പദ്ധതികൾ നടപ്പിലാക്കാൻ തയ്യാറെടുക്കുകയാണെന്ന് മൈഫിൻപോയിന്റിനോട് സംസാരിച്ച വിശകലന വിദഗ്ധർ പറഞ്ഞു.
ആർബിഐ തീരുമാനം
നവംബറിൽ പുറത്തിറങ്ങിയ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ) റിപ്പോർട്ട് അനുസരിച്ച്, സുരക്ഷിതമല്ലാത്ത വായ്പകളിൽ റിസ്ക് വെയ്റ്റ് വർദ്ധിപ്പിക്കാനുള്ള ആർബിഐ-യുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ബാങ്കിംഗ് വ്യവസായം അവരുടെ മൂലധന അടിത്തറ 5 ശതമാനം വർദ്ധിപ്പിക്കേണ്ടതുണ്ട്.
സുരക്ഷിതമല്ലാത്ത വ്യക്തിഗത വായ്പകൾ, ക്രെഡിറ്റ് കാർഡുകൾ, ബാങ്ക് ഇതര ധനകാര്യ കമ്പനികൾക്ക് (എൻബിഎഫ്‌സി) വായ്പ നൽകൽ എന്നിവയിൽ ആർബിഐ റിസ്ക് വെയ്റ്റ് 25 ശതമാനം വർധിപ്പിച്ചു. എസ് ആന്റ് പി ഗ്ലോബൽ റേറ്റിംഗ്സ് അനുസരിച്ച്, ഇത് ഇന്ത്യൻ ബാങ്കുകളുടെ മൂലധന പര്യാപ്തത 60 ബേസിസ് പോയിന്റ് അല്ലെങ്കിൽ 0.6 ശതമാനം കുറയ്ക്കും.
ആർബിഐയുടെ ഈ നടപടി ബാങ്കുകളുടെ മൂലധന ആവശ്യങ്ങൾ വർധിപ്പിക്കുമെന്നും ഇത് അവയുടെ മൂലധനച്ചെലവ് വർധിപ്പിക്കുമെന്നും വിശകലന വിദഗ്ധർ പറയുന്നു.
എസ്ഐബി ഓഹരി മൂലധനം
ഇപ്പോൾ ആസൂത്രണം ചെയ്യുന്ന 1750 കോടി രൂപയുടെ അവകാശ ഇഷ്യു ബാങ്കിന്റെ മൂലധന അടിത്തറ 7888.1 കോടി രൂപയിൽ നിന്ന് 9638.1 കോടി രൂപയായി ഉയർത്തും, അതേസമയം റൈറ്റ്സ് ഇഷ്യൂ 1:3 എന്ന അനുപാതത്തിലാണെന്ന് അനുമാനിക്കുകയാണെങ്കിൽ എസ്ഐബി-യുടെ അടച്ച ഓഹരി മൂലധനം (paid-up capital) ഇപ്പോഴുള്ള 209 കോടി രൂപയിൽ നിന്ന് ഏകദേശം 280 കോടി രൂപയായി വർദ്ധിക്കും.