സർവകാല റെക്കോഡിൽ റബ്ബർവില

  • 13 വ​ർ​ഷ​ത്തി​നു​ശേ​ഷ​മാ​ണ് ​റബ്ബർ വി​ല റെ​ക്കോ​ഡ്​ ഭേ​ദി​ച്ച​ത്
  • 243 രൂ​പ​യാ​യി​രു​ന്നു ഇ​തു​വ​രെ​യു​ള്ള​തി​ൽ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ര​ക്ക്
  • നേ​ര​ത്തേ വി​ല 90 വ​രെ​യാ​യി കു​റ​ഞ്ഞി​രു​ന്നു

Update: 2024-08-10 06:16 GMT

പതിമൂന്നു വർഷത്തിന് ശേഷം സംസ്ഥാനത്ത് റബ്ബർ വില റെക്കോഡ് മറികടന്നു. റബ്ബർ ബോർഡ് ഇന്നലെ പ്രസിദ്ധീകരിച്ച വില അനുസരിച്ച്‌ ആർഎസ്എസ് നാല് ഗ്രേഡ് ഷീറ്റിന് 247 രൂപയാണ് രേഖപ്പെടുത്തിയത്.  2011-12 സാ​മ്പ​ത്തി​ക വ​ര്‍ഷ​ത്തി​ല്‍ ആ​ർ.​എ​സ്.​എ​സ്​ നാ​ലി​ന്​ കി​ലോ​ക്ക് ല​ഭി​ച്ച 243 രൂ​പ​യാ​യി​രു​ന്നു ഇ​തു​വ​രെ​യു​ള്ള​തി​ൽ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ര​ക്ക്.

സമീപകാലത്ത് റബ്ബർ വിലയിൽ വലിയ മുന്നേറ്റമാണ് രേഖപ്പെടുത്തുന്നത്. അന്താരാഷ്ട്രവിലയേക്കാൾ 44 രൂപയുടെ വ്യത്യാസമാണ് ഇന്ത്യൻ വിപണിയിലുള്ളത്. ഇന്നലെ ആർഎസ്എസ് നാല് ഗ്രേഡിന്റെ ബാങ്കോക്കിലെ വില 203 രൂപയായിരുന്നു. ലാറ്റക്സിനും മികച്ച വിലയാണ് കിട്ടുന്നത്.  60 ശതമാനം ഡിആർസിയുള്ള ലാറ്റക്സിന് 173 രൂപയാണ് വില. റബ്ബർ വ്യാപാരം ഏറ്റവും മികച്ച നിരക്കിൽ നടന്നത് 2011ലായിരുന്നു. അതിനുശേഷം കൂപ്പുകുത്തിയ റബ്ബർ വില ഒരു പതിറ്റാണ്ടിന് ശേഷം ഉയരുന്നതു കർഷകർക്ക് വലിയ പ്രതീക്ഷ നൽകുന്നുണ്ട്. ഈ ട്രെന്റ് നിലനിന്നാല്‍ കിലോയ്ക്ക് 300 രൂപയിലേക്ക് റബ്ബർ കുതിക്കാനുള്ള സാധ്യതയുണ്ട്.

പ്രതികൂല കാലാവസ്ഥയെ തുടർന്നുണ്ടായ ചരക്കു ക്ഷാമമാണ് വില ഉയരാനുള്ള പ്രധാന കാരണം. റബ്ബർ വരവ് കുറഞ്ഞതോടെ ടയര്‍ നിര്‍മാതാക്കള്‍ വിപണിയില്‍ നിന്ന് പരമാവധി ചരക്ക് ശേഖരിക്കാനാണ് താല്പര്യപ്പെടുന്നത്. ആഗോള തലത്തിലെ ഉത്പാദന കുറവും ടയര്‍ നിര്‍മാണത്തിനായുള്ള റബ്ബറിന്റെ ആവശ്യകത വര്‍ധിച്ചതും വില ഉയരാന്‍ ഇടയാക്കി. പശ്ചിമേഷ്യന്‍ സംഘര്‍ഷവും റബ്ബർ വിലയിലെ ഉയര്‍ച്ചയ്ക്ക് കാരണമാകുന്നുണ്ട്.  ഷീ​റ്റി​ന്​ ക്ഷാ​മം അ​നു​ഭ​വ​പ്പെ​ടു​ന്ന​തി​നാ​ൽ ഉ​യ​ർ​ന്ന വി​ല ന​ൽ​കി ചെ​രു​പ്പ്​ ക​മ്പ​നി​ക​ള​ട​ക്കം റബ്ബർ വാങ്ങുകയാണ്. ഷീറ്റ് റബ്ബറാണ് വാണിജ്യപരമായി നേട്ടമുണ്ടാക്കുകയെന്നും അതിനാൽ  കർഷകർ ലാറ്റക്സിൽനിന്ന് ഷീറ്റ് ഉത്പാദനത്തിലേക്ക് തിരിയണമെന്നാണ് റബ്ബർ  ബോർഡ് അഭിപ്രായം.

Tags:    

Similar News