പ്രതിമാസം 5000 രൂപ സ്റ്റൈപന്‍ഡ്,പിഎം ഇന്റേണ്‍ഷിപ്പ് കേരളത്തിൽ 3000 അവസരങ്ങൾ
പിഎം ഇന്‍റേണ്‍ഷിപ്പ് പദ്ധതിയിൽ കേരളത്തിൽ 2959 അവസരങ്ങൾ ലിസ്റ്റ് ചെയ്തു. ഒഴിവുകളിലേക്ക് യുവജനങ്ങൾക്ക് നവംബർ ആദ്യ ആഴ്ചവരെ അപേക്ഷിക്കാം. ഒരാൾക്ക് അഞ്ച് അവസരങ്ങൾ ഓപ്ഷനായി നൽകാം. ഡിസംബര്‍ രണ്ടിനാണ് ആദ്യഘട്ട ഇന്‍റേണ്‍ഷിപ്പ് ആരംഭിക്കുക. 5000 രൂപ പ്രതിമാസ സ്റ്റൈപന്‍ഡ് വിദ്യാർഥികൾക്ക് ലഭിക്കും. ഇതിനു പുറമേ 6000 രൂപയുടെ ഒറ്റത്തവണ സാമ്പത്തിക സഹായവുമുണ്ട്.
കേരളത്തിൽ കൂടുതൽ ഒഴിവുകൾ എറണാകുളം ജില്ലയിലാണ്. 1,167 അവസരങ്ങള്‍ ഇവിടെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എറണാകുളത്തിന് പിന്നിൽ 501 അസരങ്ങളുമായി തിരുവനന്തപുരമാണ് രണ്ടാമതുള്ളത്. മലപ്പുറം - 266, കോഴിക്കോട് - 210, കോട്ടയം - 184, തൃശൂർ - 172, കൊല്ലം - 116, ആലപ്പുഴ - 106, പാലക്കാട് - 64, കാസർകോട് - 63, കണ്ണൂർ - 60, വയനാട് - 20, പത്തനംതിട്ട - 16, ഇടുക്കി - 14 എന്നിങ്ങനെയാണ് മറ്റുജില്ലകളിലെ ഒഴിവുകൾ.
വിവിധ സംസ്ഥാനങ്ങളുടെ കണക്കെടുക്കുമ്പോൾ മഹാരാഷ്ട്രയിലാണ് കൂടുതൽ അവസരങ്ങളുള്ളത് 14,694. രണ്ടാമത് തമിഴ്നാടും (13,262), മൂന്നാമത് ഗുജറാത്ത് (12,246), കർണാടക (8,944), യുപി (8,506) എന്നിങ്ങനെയാണ് ഒഴിവുകൾ. ഓയിൽ, ഗ്യാസ് ആൻഡ് എനർജി (29,108), ഓട്ടമോട്ടിവ് (22,012), ട്രാവൽ ആൻഡ് ഹോസ്പിറ്റാലിറ്റി (15,639), ബാങ്കിങ് ആൻഡ് ഫിനാൻഷ്യൽ സർവീസസ് (12,265), മെറ്റൽസ് ആൻഡ് മൈനിങ് (8804) എന്നീ മേഖലകളിലാണ് അവസരങ്ങൾ കൂടുതൽ.
ആർക്കൊക്കെ അപേക്ഷിക്കാം?
ഹൈസ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയിരിക്കണം. ഐടിഐയിൽ നിന്ന് സർട്ടിഫിക്കറ്റ്, പോളിടെക്‌നിക് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള ഡിപ്ലോമ അല്ലെങ്കിൽ ബിഎ, ബിഎസ്‌സി, ബികോം, ബിസിഎ, ബിബിഎ, അല്ലെങ്കിൽ ബിഫാർമ ബിരുദം നേടിയിരിക്കണം. അപേക്ഷകർക്ക് 21 നും 24 നും ഇടയിൽ പ്രായമുണ്ടായിരിക്കണം. ഉദ്യോഗാർത്ഥികൾ ഇന്ത്യക്കാരായിരിക്കണം. മുഴുവൻ സമയ ജോലിയില്ലാത്ത, മുഴുവൻ സമയ വിദ്യാർത്ഥികൾ അല്ലാത്തവർക്ക് അപേക്ഷിക്കാം. ഓൺലൈൻ അല്ലെങ്കിൽ വിദൂര പഠന കോഴ്സുകളിൽ എൻറോൾ ചെയ്തിട്ടുണ്ടെങ്കിൽ അപേക്ഷകർക്ക് അപേക്ഷിക്കാം.
അപേക്ഷിക്കേണ്ട വിധം?
1. pminternship.mca.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
2. ഹോംപേജിൽ, താഴേക്ക് സ്ക്രോൾ ചെയ്യുക. ഒരു രജിസ്റ്റർ ഓപ്ഷൻ കാണും. ലിങ്ക് തിരഞ്ഞെടുക്കുക, ഒരു പുതിയ പേജ് തുറക്കും.
3. രജിസ്ട്രേഷൻ വിശദാംശങ്ങളും ആവശ്യമായ രേഖകളും പൂരിപ്പിച്ചശേഷം submit ബട്ടൺ ക്ലിക്ക് ചെയ്യുക.