ക്ഷീരകര്‍ഷകര്‍ക്കും സംഘങ്ങള്‍ക്കും സഹായപദ്ധതിയുമായി മില്‍മ
വിവിധ സബ്‌സിഡികള്‍ അടക്കം 12 ഇന സഹായ പദ്ധതികളാണ് ലഭ്യമാക്കുന്നത്
കളമശേരി: സബ്‌സിഡി നിരക്കില്‍ വൈക്കോലും സൈലേജും, ബാങ്ക് വായ്പ എടുത്ത് പശുക്കളെ വാങ്ങുന്ന കര്‍ഷകര്‍ക്ക് പലിശ സബ്‌സിഡി, ഇന്‍ഷുറന്‍സ് ഇല്ലാതെ കറവപശുവോ, കിടാരിയോ മരിച്ചാല്‍ സഹായധനം തുടങ്ങി ക്ഷീരകര്‍ഷകര്‍ക്കും സംഘങ്ങള്‍ക്കും സഹായപദ്ധതിയുമായി മില്‍മ. എറണാകുളം മേഖലാ യൂണിയന്റെ കീഴിലുള്ള എറണാകുളം, തൃശൂര്‍, കോട്ടയം, ഇടുക്കി ജില്ലകളിലെ 1000ത്തില്‍ പരം വരുന്ന പ്രാഥമിക ക്ഷീരസംഘങ്ങളിലെ സംഘങ്ങള്‍ക്കും കര്‍ഷകര്‍ക്കുമാണ് പദ്ധതി. മൊത്തം 12 സഹായപദ്ധതികളാണ് ചെയര്‍മാന്‍ എംടി ജയന്‍ പ്രഖ്യാപിച്ചത്.
മേഖലാ യൂണിയനില്‍ അംഗത്വമുള്ള ആനന്ദ് മാതൃകാ സംഘങ്ങള്‍ക്ക് കെട്ടിട നിര്‍മാണത്തിനുള്ള ധനസഹായം, കര്‍ഷകര്‍ക്ക് വീല്‍ബാരോ വാങ്ങുന്നതിന് സബ്‌സിഡി, കറവയന്ത്രം, ചാഫ് കട്ടര്‍ എന്നിവ വാങ്ങാന്‍ സാമ്പത്തിക സഹായം എന്നിവയും പദ്ധതിയിലുണ്ട്.
കൂടാതെ, കാനുകള്‍, ഇലക്ട്രിക്കല്‍ സെന്‍ട്രിഫ്യൂജ് എന്നിവ വാങ്ങുന്നതിന് സബ്‌സിഡിയും നല്‍കും. സംഘങ്ങളില്‍ കൗ ലിഫ്റ്റര്‍ നിര്‍മിച്ചതിനും വാങ്ങിയതിനും സഹായവും ലഭിക്കും.
ബള്‍ക്ക് മില്‍ക്ക് കൂളറുകള്‍ പ്രവര്‍ത്തിക്കുന്ന ആനന്ദ് മാതൃകാ സംഘങ്ങളില്‍ ക്യാന്‍ കണ്‍വേയറുകള്‍ സ്ഥാപിക്കുന്നതിനും വെയിംഗ് ബാലന്‍സ് വാങ്ങിക്കുന്നതിനും റിപ്പയറിംഗ് ചെയ്യുന്നതിനും ധനസഹായം നല്‍കും. പദ്ധതി സംബന്ധിച്ച വിശദമായ സര്‍ക്കുലറുകള്‍ സംഘങ്ങളില്‍ എത്തിച്ചിട്ടുണ്ട്. സംഘങ്ങളാണ് സഹായപദ്ധതികള്‍ക്കുള്ള അപേക്ഷകങ്ങള്‍ നല്‍കേണ്ടതെന്ന് ചെയര്‍മാന്‍ അറിയിച്ചു.