ഭക്ഷണ പ്രീയരായി എറണാകുളം; സരസ് മേളയിൽ ഫുഡ് കോർട്ട് നേടിയത് 1.39 കോടി
- ഒരു ദിവസം 20 ലക്ഷം രൂപയുടെ വിറ്റു വരവ് നേടി
- 40 ഭക്ഷ്യ സ്റ്റാളുകളും 250 വിപണന സ്റ്റാളുകളുമാണ് മേളയില്‍ ഉണ്ടായിരുന്നത്
- ഏറ്റവും ജനപ്രിയമായി മാറിയത് കഫേ കുടുംബശ്രീ ഇന്ത്യ ഫുഡ് കോര്‍ട്ട്
;

കൊച്ചിയില്‍ നടന്ന പത്താമത് ദേശീയ സരസ് മേളയിലെ ഭക്ഷ്യസ്റ്റാളുകള്‍ക്ക് റെക്കോഡ് വിറ്റുവരവ്. 1.39 കോടി രൂപയാണ് വിറ്റു വരവ്. ഒരു ദിവസം 20 ലക്ഷം രൂപയുടെ വിറ്റു വരവ് നേടി. കൊച്ചി സരസിലെ ഭക്ഷ്യ മേളയുടെ ഏറ്റവും ഉയര്‍ന്ന തുകയാണിത്.
40 ഭക്ഷ്യ സ്റ്റാളുകളും 250 വിപണന സ്റ്റാളുകളുമാണ് മേളയില്‍ ഉണ്ടായിരുന്നത്. വിപണന സ്റ്റാളുകളില്‍ നിന്ന് 1.04കോടി രൂപയുടെ വിറ്റു വരവ് ഉള്‍പ്പെടെ 11.83 കോടി രൂപയുടെ വിറ്റ് വരവാണ് കൊച്ചി സരസ്‌മേള നേടിയത്.
മേളയില്‍ ഏറ്റവും ജനപ്രിയമായി മാറിയത് കഫേ കുടുംബശ്രീ ഇന്ത്യ ഫുഡ് കോര്‍ട്ട് ആയിരുന്നു. ഇന്ത്യ ഓണ്‍ എ പ്ലേറ്റ് എന്ന ആശയത്തില്‍ ഒരുക്കിയ ഭക്ഷ്യ മേള വഴി ഇന്ത്യയുടെ രുചി വൈവിധ്യങ്ങള്‍ വിളമ്പാന്‍ സരസിന് കഴിഞ്ഞു. 40 ഫുഡ് കോര്‍ട്ടുകളിലായി 156 സംരംഭകരാണ് ഇന്ത്യന്‍ ഫുഡ് കോര്‍ട്ടിന്റെ ഭാഗമായി അണിനിരന്നത്. സിക്കിം, അരുണാചല്‍ പ്രദേശ്, ഉത്തര്‍പ്രദേശ്, ലക്ഷദ്വീപ്, ഉത്തരാഖണ്ഡ്, മഹാരാഷ്ട്ര, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നായി ഓരോ യൂണിറ്റുകളും രാജസ്ഥാനില്‍ നിന്ന് മൂന്ന് യൂണിറ്റുകളുമാണ് മേളയില്‍ പ്രവര്‍ത്തിച്ചത്.
എറണാകുളം ജില്ലയില്‍ നിന്ന് 9 ഫുഡ് സ്റ്റാളുകളും വയനാട് ജില്ലയില്‍ നിന്ന് പുല്‍പ്പള്ളിയുടെയും തിരുനെല്ലിയുടെയും ഓരോ സ്റ്റാളുകളും എല്ലാ ജില്ലകളില്‍ നിന്നുമുള്ള ഓരോ യൂണിറ്റുകളുമുണ്ടായിരുന്നു.