ഏഴ് പതിറ്റാണ്ടിനിടയിലെ ഏറ്റവും മികച്ച വാര്‍ഷിക കണക്കുമായി കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍

  • 2022 -23ല്‍ അറ്റാദായം നാലിരട്ടി വര്‍ധിച്ച് 50 കോടിയില്‍
  • വ്യവസായ സംരംഭങ്ങള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കുമായി 3207 കോടി വായ്പ നല്‍കി
  • വായ്പാ ആസ്തി പതിനായിരം കോടിയിലേക്ക് ഉയര്‍ത്തുക ലക്ഷ്യം
;

Update: 2023-06-08 03:06 GMT
Kerala Financial Corporation
  • whatsapp icon

സംസ്ഥാന സർക്കാരിന്‍റെ ഉടമസ്ഥതയിലുള്ള ധനകാര്യ സ്ഥാപനമായ കേരള ഫിനാൻഷ്യൽ കോർപ്പറേഷന്‍റെ അറ്റാദായം മാർച്ച് 31 ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ നാലിരട്ടി വർധിച്ച് 50.19 കോടി രൂപയായി.മുന്‍ സാമ്പത്തിക വർഷം കമ്പനി 13 കോടി രൂപ അറ്റാദായം നേടിയിരുന്നു. മൊത്തവരുമാനം കഴിഞ്ഞ വർഷത്തെ 518.17 കോടിയിൽ നിന്ന് 694.38 കോടിയായി ഉയർന്നതായി കേരള ഫിനാൻസ് പ്രസ്താവനയിൽ പറഞ്ഞു.

പലിശ വരുമാനം 38 ശതമാനം ഉയർന്ന് 543.64 കോടി രൂപയായി. മുൻവർഷത്തെ 4,750.71 കോടി രൂപയിൽ നിന്ന് വായ്പാ പോർട്ട്ഫോളിയോ 37 ശതമാനം വർധിച്ച് 6,529.40 കോടി രൂപയിലേക്ക് എത്തി.

2022 -23 സാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാന സർക്കാർ 200 കോടി രൂപയുടെ ഓഹരി മൂലധനം നിക്ഷേപിച്ചതോടെ, കേരള ഫിനാൻസിന്റെ മൂലധന പര്യാപ്തത അനുപാതം ഒരു വർഷം മുമ്പുണ്ടായിരുന്ന 22.41 ശതമാനത്തിൽ നിന്ന് 25.58 ശതമാനമായി മെച്ചപ്പെട്ടു. ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികൾക്ക് ആർബിഐ നിർദ്ദേശിച്ചിട്ടുള്ള ഏറ്റവും കുറഞ്ഞ മൂലധന പര്യാപ്‍തത അനുപാതം 15 ശതമാനം മാത്രമാണ്. സ്ഥാപനത്തിന്റെ നിഷ്ക്രിയ ആസ്തി 3.11 ശതമാനമായി കുറയ്ക്കുവാനും സാധിച്ചിട്ടുണ്ട്.

ഏഴ് പതിറ്റാണ്ടിനിടെ കെ.എഫ്.സിയുടെ ഏറ്റവും മികച്ച വാര്‍ഷിക കണക്കുകളാണിതെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ വ്യക്തമാക്കി. "കോവിഡിന് ശേഷം സംസ്ഥാനത്തെ സാമ്പത്തികരംഗം ശക്തമായി തിരിച്ചുവരുന്നു എന്നതിന്റെ സൂചനയായി ഇതിനെ കാണാവുന്നതാണ്. ടൂറിസവും വ്യവസായവുമുള്‍പ്പടെയുള്ള മേഖലകളില്‍ ഉണര്‍വുണ്ടായിരിക്കുന്നു," മന്ത്രി വിശദീകരിച്ചു.

വ്യവസായ സംരംഭങ്ങള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കുമായി 3207 കോടി രൂപയുടെ വായ്പ കെ.എഫ്.സി കഴിഞ്ഞ വര്‍ഷം അനുവദിച്ചു. മുഖ്യമന്ത്രിയുടെ സംരംഭക വികസന പദ്ധതിയില്‍ 2404 സംരംഭങ്ങള്‍ക്ക് 5 ശതമാനം പലിശ നിരക്കില്‍ 472 കോടി രൂപയുടെ വായ്പകള്‍ നല്‍കി. ഈ പദ്ധതികള്‍ക്കെല്ലാം സര്‍ക്കാര്‍ 3 ശതമാനം പലിശ സബ്സിഡി നല്‍കുന്നു. 49 സ്റ്റാര്‍ട്ടപ്പുകള്‍ക്കായി 59.91 കോടി രൂപയുടെ വായ്പയും കെ.എഫ്.സി അനുവദിച്ചു..

കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്റെ വായ്പാ ആസ്തി പതിനായിരം കോടിയിലേക്ക് ഉയര്‍ത്താനും രാജ്യത്തെ മികച്ച ധനകാര്യ സ്ഥാപനങ്ങളിലൊന്നായി കെ.എഫ്.സിയെ മാറ്റാനുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും ബാലഗോപാല്‍ കൂട്ടിച്ചേര്‍ത്തു. 

Tags:    

Similar News