കെ സ്‍മാര്‍ട്ട് എത്തി; ഉദ്യോഗസ്ഥര്‍ ശീലങ്ങള്‍ മാറ്റണമെന്ന് മുഖ്യമന്ത്രി

  • ആളുകളെ ബുദ്ധിമുട്ടിക്കുന്നതില്‍ പ്രാവീണ്യമുള്ള ഉദ്യോഗസ്ഥരുണ്ടെന്ന് പിണറായി
  • കെ സ്‍മാര്‍ട്ടിലൂടെ ലഭ്യമാക്കുന്നത് 900ല്‍ അധികം സേവനങ്ങള്‍
  • കെ സ്‍മാര്‍ട്ട് ആദ്യ ഘട്ടത്തില്‍ കോര്‍പ്പറേഷനുകലിലും മുനിസിപ്പാലിറ്റികളിലും

Update: 2024-01-01 07:15 GMT

സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴിയുള്ള മുഴുവൻ സേവനങ്ങളും ഓൺലൈനായി ലഭ്യമാക്കുന്ന കെ- സ്‍മാര്‍ട്ട് ആപ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലാതെയും ഡിജിറ്റലായും സേവനങ്ങള്‍ ലഭ്യമാക്കാനുള്ള ഇത്തരം ഉദ്യമങ്ങള്‍ക്കൊപ്പം ശീലങ്ങളില്‍ മാറ്റം വരുത്താന്‍ ഉദ്യോഗസ്ഥരും തയാറാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആളുകളെ ബുദ്ധിമുട്ടിക്കുന്നതില്‍ പ്രാവീണ്യമുള്ള ചില ഉദ്യോഗസ്ഥരുണ്ടെന്നും ഏതു മാറ്റം വന്നാലും തങ്ങള്‍ മാറില്ലെന്ന മനോഭാവം പുലര്‍ത്തുന്ന ഇത്തരക്കാരുടെ ഉദാഹരണങ്ങള്‍ തന്‍റെ പക്കലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കെ-സ്മാർട്ട് അഥവാ കേരള സൊല്യൂഷൻസ് ഫോർ മാനേജിംഗ് അഡ്മിനിസ്‌ട്രേറ്റീവ് റീഫർമേഷൻ ആൻഡ് ട്രാൻഫർമേഷൻ നിലവിൽ വരുന്നതോടെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ 900-ല്‍ അധികം സേവനങ്ങളാണ് വിരൽത്തുമ്പിൽ ലഭ്യമാകുന്നത്. കേരളത്തിലെ എല്ലാ മുൻസിപ്പൽ കോർപ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലുമാണ് ആദ്യ ഘട്ടത്തിൽ കെ-സ്മാർട്ട് സംവിധാനം നടപ്പിലാക്കുന്നത്.  ഏപ്രിൽ ഒന്നിന് കെ-സ്മാർട്ട് ഗ്രാമപഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കും. ഇതോടെ സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നുമുള്ള സേവനങ്ങൾ സമയബന്ധിതമായി ഓഫീസുകളിൽ നേരിട്ട് പോകാതെ തന്നെ പൊതുജനങ്ങൾക്ക് ലഭ്യമാവും.

കെ-സ്മാർട്ട് ആപ്ലിക്കേഷനിലൂടെ സേവനങ്ങൾക്കായുള്ള അപേക്ഷകളും പരാതികളും ഓൺലൈനായി സമർപ്പിക്കാനും അവയുടെ സ്റ്റാറ്റസ് ഓൺലൈനായി തന്നെ അറിയാനും സാധിക്കും. അതിനായി അപേക്ഷകളുടെയും പരാതികളുടെയും കൈപ്പറ്റ് രസീത്, പരാതിക്കാരന്റെ/അപേക്ഷകന്റെ ലോഗിനിലും വാട്‌സ്ആപ്പിലും ഇ-മെയിലിലും ലഭ്യമാകുന്ന ഇന്റഗ്രേറ്റഡ് മെസേജിംഗ് സംവിധാനം ഒരുക്കിയിട്ടുണ്ട്. തദ്ദേശ സ്വയംഭരണ വകുപ്പിനുവേണ്ടി ഇൻഫർമേഷൻ കേരള മിഷനാണ് കെ-സ്മാർട്ട് വികസിപ്പിച്ചത്.

ആദ്യ ഘട്ടത്തിൽ ജനന -മരണ വിവാഹ രജിസ്‌ട്രേഷൻ, വ്യാപാരങ്ങൾക്കും വ്യവസായങ്ങൾക്കും ഉള്ള ലൈസൻസുകൾ, വസ്തു നികുതി, യൂസർ മാനേജ്‌മെന്റ്, ഫയൽ മാനേജ്‌മെന്റ് സിസ്റ്റം, ഫിനാൻസ് മോഡ്യൂൾ, ബിൽഡിംഗ് പെർമിഷൻ മൊഡ്യൂൾ, പൊതുജന പരാതി പരിഹാരം എന്നീ എട്ട് സേവനങ്ങളായിരിക്കും കെ-സ്മാർട്ടിലൂടെ ലഭ്യമാവുക. കെ-സ്മാർട്ട് യാഥാർത്ഥ്യമാകുന്നതോടെ പ്രവാസികൾക്ക് നേരിട്ടെത്താതെ തന്നെ അതത് തദ്ദേശ സ്ഥാപനങ്ങളിൽ നിന്നുള്ള സേവനങ്ങൾ ലഭ്യമാവും. ലോഗിൻ ഐഡി ഉപയോഗിച്ച് വീഡിയോ കെവൈസി പൂർത്തിയാക്കുന്നതോടെ വിവാഹ രജിസ്‌ട്രേഷൻ ഉൾപ്പടെയുള്ള കാര്യങ്ങൾ വിദേശത്തിരുന്ന് തന്നെ ചെയ്യാൻ സാധിക്കും. 

ജനങ്ങൾക്ക് മെച്ചപ്പെട്ട സേവനം സുതാര്യമായി ഉറപ്പാക്കുന്നതിനൊപ്പം ഉദ്യോഗസ്ഥരുടെ ജോലി ഭാരം കുറയ്ക്കാനും കാര്യങ്ങൾ സുതാര്യമാക്കാനും കഴിയും. ഇ-ഗവേണൻസിൽ കേരളത്തിന്റെ മുന്നേറ്റത്തിന് പുത്തൻ വേഗം പകരുന്ന സംവിധാനമായാണ് കെ-സ്മാർട്ടിനെ സംസ്ഥാന സര്‍ക്കാര്‍ അവതരിപ്പിക്കുന്നത്. 

Tags:    

Similar News