ബജറ്റില്‍ 10 കോടി; പ്ലാന്റേഷന്‍ ഭവന നിര്‍മ്മാണ സബ്‌സിഡിക്കായി കരട് പദ്ധതി

  • തോട്ടം മേഖലയിലെ തൊഴിലാളികളുടെ പാര്‍പ്പിടം വിഷയം കാലങ്ങളായി നിലനില്‍ക്കുന്ന പ്രശ്‌നമാണ്
  • തോട്ടം ഉടമകളുമായി യോഗം നടത്തി മന്ത്രി പി രാജീവ്
  • ഈ മേഖലയിലെ വിവിധ കൃഷി സംബന്ധ അനുമതിക്ക് ഏകജാലക സംവിധാനം

Update: 2024-03-06 07:10 GMT

തോട്ടം മേഖലയിലുള്ളവരുടെ ഭവനനിര്‍മ്മാണ സബ്‌സിഡി പദ്ധതി പ്ലാന്റേഷന്‍ ഡയറക്ടറേറ്റ് വഴി നടപ്പാക്കുമെന്ന് വ്യവസായ പി രാജീവ്. നടപ്പു സാമ്പത്തിക വര്‍ഷം പത്തു കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. ഭവനനിര്‍മ്മാണ പദ്ധതിയുമായി ബന്ധപ്പെട്ട് തോട്ടം ഉടമകളുമായി നടത്തിയ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

തോട്ടം മേഖലയിലുള്ള ലയങ്ങളുടെ പുനരുദ്ധാരണം നടത്തുന്ന തോട്ടം ഉടമകള്‍ക്ക് സബ്‌സിഡി നല്‍കുന്നതിനുള്ള കരട് പദ്ധതിയാണ് തയ്യാറായിട്ടുള്ളത്. ഇതു സംബന്ധിച്ച് തോട്ടം ഉടമകളുമായി ചര്‍ച്ച ചെയ്യുന്നതിനു വേണ്ടിയാണ് മന്ത്രിയുടെ അധ്യക്ഷതയില്‍ വ്യവസായ വകുപ്പ് സെക്രട്ടറി, പ്ലാന്റേഷന്‍ ഡയറക്ടറേറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരുള്‍പ്പെട്ട യോഗം വിളിച്ചത്. യോഗത്തിലെ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും കണക്കിലെടുത്ത് പദ്ധതി സംബന്ധിച്ച ഉത്തരവ് ജൂണ്‍ മാസത്തില്‍ ഇറക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.

തോട്ടം മേഖലയില്‍ അഞ്ച് ശതമാനം ഭൂമിയില്‍ ഇതരകൃഷിയും ടൂറിസം പ്രവര്‍ത്തനങ്ങളും നടത്തുന്നതിനുള്ള അനുമതിയ്ക്കായി ഏകജാലക സംവിധാനം ജൂണില്‍ നടപ്പില്‍ വരും. കാര്‍ഷികവിളകള്‍, ഔഷധ കൃഷി, ഫലവൃക്ഷ കൃഷി, പുഷ്പ കൃഷി തുടങ്ങിയവയ്ക്ക് അനുമതി ലഭിക്കുന്നതിന് നിലവിലുള്ള ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിന് വേണ്ടിയാണ് ഏകജാലക സംവിധാനം നടപ്പാക്കുന്നത്.

തോട്ടം മേഖലയിലെ വിവിധ പ്രശ്‌നങ്ങള്‍ അഭിസംബോധന ചെയ്യുന്നതിനായി റവന്യു-വനം-വ്യവസായവകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരെക്കൂടി ഉള്‍പ്പെടുത്തിയുള്ള സമിതി തോട്ടമുടമകളുമായി ചര്‍ച്ച നടത്തും. തോട്ടം മേഖലയിലെ പ്രശ്‌നങ്ങളെയും സാധ്യതകളയും കുറിച്ച് പഠിക്കുന്ന ഐഐഎം കോഴിക്കോടിന്റെ അടിസ്ഥാനത്തില്‍ സമഗ്രനയം സര്‍ക്കാര്‍ പുറത്തിറക്കുമെന്നും പി രാജീവ് പറഞ്ഞു.

തോട്ടം ഭൂമി വിഘടിച്ചു പോകുന്ന സാഹചര്യത്തെ ഗൗരവമായി കാണണമെന്ന് വ്യവസായ സെക്രട്ടറി ബിജു പ്രഭാകര്‍ പറഞ്ഞു. തോട്ടം മേഖലയിലെ വിവിധ പങ്കാളികളുടെ താത്പര്യം സംരക്ഷിക്കണം. കാപ്പികൃഷിയ്ക്ക് തോട്ടം മേഖല കൂടുതല്‍ പ്രാധാന്യം നല്‍കണമെന്നും അദ്ദേഹം വ്യക്തമാക്കി.

നടപ്പു സാമ്പത്തികവര്‍ഷത്തില്‍ തോട്ടം മേഖലയ്ക്കായി സര്‍ക്കാര്‍ മൂന്ന് പദ്ധതികളാണ് നടപ്പാക്കുന്നതെന്ന് വ്യവസായവകുപ്പ് ഡയറക്ടറും പ്ലാന്റേഷന്‍ വകുപ്പ് സ്‌പെഷ്യല്‍ ഓഫീസറുമായ എസ് ഹരികിഷോര്‍ പറഞ്ഞു. തോട്ടം മേഖലയ്ക്കുള്ള സഹായം, ഇന്‍ഷുറന്‍സ്, വിപണി പിന്തുണ എന്നിവയാണ് സര്‍ക്കാര്‍ നല്‍കുന്നത്. തോട്ടം മേഖലയെ പുനരുജ്ജീവിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ പ്രതിബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

തോട്ടം മേഖലയിലെ പാര്‍പ്പിട പദ്ധതികള്‍ക്കായി ജില്ലാ വ്യവസായ കേന്ദ്രത്തില്‍ അപേക്ഷ നല്‍കേണ്ടതിന്റെ വിശദാംശങ്ങള്‍ പ്ലാന്റേഷന്‍ ഡയറക്ടറേറ്റ് അഡി. ഡയറക്ടര്‍ കെ എസ് കൃപകുമാര്‍ വിശദീകരിച്ചു. പ്ലാന്റേഷന്‍ വകുപ്പ് ഡെ. ഡയറക്ടര്‍ ജോസ് തോമസ് നന്ദി അറിയിച്ചു.

Tags:    

Similar News