കൊച്ചിയിൽ വീണ്ടും ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്, എളംകുളം സ്വദേശിക്ക് നഷ്ടമായത് 18 ലക്ഷം രൂപ
സംസ്ഥാനത്ത് വീണ്ടും ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ്. കൊച്ചി എളംകുളം സ്വദേശിയായ എണ്‍പത്തിയഞ്ചുകാരനില്‍ നിന്ന് പതിനേഴ് ലക്ഷത്തിലധികം രൂപയാണ് തട്ടിയെടുത്തത്. ജെറ്റ് എയര്‍വെയ്സിന്റെ പേരിലായിരുന്നു തട്ടിപ്പ്. ഹൈദരാബാദ് ഹുമയൂണ്‍ പോലീസ് കേസെടുത്തിട്ടുണ്ടെന്നും ഉടനെ അറസ്റ്റ് ചെയ്യുമെന്നും പറഞ്ഞായിരുന്നു പണം തട്ടിയത്. നവംബർ മാസത്തിലാണ് പണം തട്ടിയത്.
ജെറ്റ് എയര്‍വേയ്സ് മാനേജ്മെന്റുമായി നടത്തിയ തട്ടിപ്പില്‍ അറസ്റ്റ് രേഖപ്പെടുത്തുന്നു എന്ന് പറഞ്ഞ് കഴിഞ്ഞമാസം 22-ാം തീയതി ഫോണില്‍ ബന്ധപ്പെട്ടു. ഇതില്‍ നിന്ന് ഒഴിവാക്കുന്നതിനായി ആദ്യം അയ്യായിരം രൂപ അയച്ചുതരാന്‍ പറഞ്ഞു. പിന്നീട് 27ന് വീണ്ടും വിളിച്ച് ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടു. 28ന് 16 ലക്ഷം രൂപയും ആവശ്യപ്പെട്ടു. ഇങ്ങനെ 1ലക്ഷത്തിലധികം രൂപയാണ് തട്ടിയെടുത്തത്. മൂന്നു തവണയായാണ് തട്ടിപ്പ് നടത്തിയത്. അടുത്തിടെ നടന്ന ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിലെ ഏറ്റവും ഉയർന്ന തുകകളിലൊന്നാണിത്.
ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകളെ കുറിച്ച് അറിഞ്ഞപ്പോഴാണ് തട്ടിപ്പാണെന്ന് അറിയുന്നത്. ഇതിന് പിന്നാലെ സൈബര്‍ പൊലീസിനെ സമീപിക്കുകയായിരുന്നു. സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.