ബജറ്റിന് ബാങ്കിങ്, വ്യവസായ മേഖലയുടെ കയ്യടി; 'മേക്ക് ഇൻ കേരള' നവീന ആശയം
- നിക്ഷേപ സൗഹൃദ നയത്തെ പ്രതിഫലിപ്പിക്കുന്ന ബജറ്റ്: ബാങ്കേഴ്സ്
- ``മേക്ക് ഇൻ കേരള'' ആശയം നവീകരണത്തേയും സംരംഭകത്വത്തേയും കൂടുതൽ ഉത്തേജിപ്പിക്കും.
കൊച്ചി: ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ച 2023 -24 ലേക്കുള്ള ബജറ്റ് സംസ്ഥാനത്തിന്റെ വികസനത്തിനും വളർച്ചക്കും ഊർജം പകരുമെന്ന് ബാങ്കിങ് , വ്യവസായ മേഖലകൾ.
പെട്രോളിനും ഡീസലിനും മദ്യത്തിനും സർചാർജ് ഏർപ്പെടുത്തിയതിൽ ഇടതുപക്ഷ സർക്കാർ വ്യാപക പ്രതിഷേധം നേരിടുമ്പോഴാണ്, പ്രധാനപ്പെട്ട രണ്ടു മേഖലകൾ ബജറ്റിന്റെ പേരിൽ സർക്കാരിനെ അഭിനന്ദിക്കുന്നത്.
സ്റ്റാർട്ട് അപ്പുകൾക്കു ബജറ്റിൽ പ്രത്യേക പരിഗണന നൽകിയതും ``മെയ്ക്ക് ഇൻ കേരള'' സങ്കൽപ്പത്തിന് തുടക്കം കുറിച്ചതും കൊച്ചിൻ ചേമ്പർ ഓഫ് കൊമേഴ്‌സ് സ്വാഗതം ചെയ്തു .
ഇടതു സർക്കാരിന്റെ നിക്ഷേപ സൗഹൃദ നയത്തെ പ്രതിഫലിപ്പിക്കുന്ന ബജറ്റ് പുരോഗമന സ്വഭാവമുള്ളതും സമൂഹത്തിലെ എല്ലാ വിഭവങ്ങളുടെയും വളർച്ച ഉറപ്പുവരുത്തുന്നതു ആണെന്നും ബാങ്കേഴ്സ് പറയുന്നു.
``മേക്ക് ഇൻ കേരള'' ആശയം നവീകരണത്തേയും സംരംഭകത്വത്തേയും കൂടുതൽ ഉത്തേജിപ്പിക്കുമെന്നു പറഞ്ഞ ലുലു ഫിനാൻഷ്യൽ ഹോൾഡിങ്‌സിലെ അദീപ് അഹമ്മദ് സംസ്ഥാനത്തിന്റെ ഒളിഞ്ഞിരിക്കുന്ന സാധ്യതകളെ കണ്ടെത്താൻ ബജറ്റിന് കഴിയുമെന്ന് കരുതുന്നു.
``വിപണി ഗവേഷണം , ചെറുതും, വലുതുമായ സംരംഭങ്ങളുടെ അടിത്തറയുമായി സംയോജിക്കുന്ന ഒരു അന്തരീക്ഷം വളർത്തുന്ന നമ്മുക്ക് മറ്റു സംസ്ഥാനങ്ങളിലേക്ക് കാർഷിക, വ്യവസായ, വിവരസാങ്കേതിക വിദ്യ എന്നീ മേഖലകളിൽ നിന്ന് വമ്പിച്ച കയറ്റുമതി സാധ്യമാക്കി നമ്മുടെ വ്യാപാര കമ്മി കുറക്കാൻ കഴിയും.'' അഹമ്മദ് പറഞ്ഞു
പശ്ചാത്തല വികസന൦ , ഉന്നത വിദ്യാഭ്യസ൦ , ഗവേഷണ൦ -വികസന൦ സാമൂഹികക്ഷേമ൦ എന്നീ മേഖലകളിൽ വിവിധങ്ങളായ പുതിയ പദ്ധതികൾക്ക് ആരംഭം കുറിച്ച കാര്യം ഫെഡറൽ ബാങ്കിന്റെ സീനിയർ വൈസ് - പ്രസിഡന്റും, ആസൂത്രണത്തിന്റെ തലവനുമായ ജോയ് പി വി ചൂണ്ടികാണിക്കുന്നു.
``കേരള സർക്കാർ പുരോഗമനപരവും, എല്ലാമേഖലകളുടെയും വികാസം ഉറപ്പാക്കുന്ന ഒരു ബജറ്റുമായി മുന്നോട്ടു വന്നിരിക്കുന്നു. അത് സംസ്ഥാനത്തിന്റെ വികസനവും, വളർച്ചയും മുന്നോട്ടു പോകുന്നതിനു ഊർജം പകരും. മേക്ക് ഇൻ കേരള സംരംഭം സ്വാഗതാർഹമായ ഒരു നീക്കമാണ്. അത് കേരളത്തിന്റെ വ്യവസായ വളർച്ച ത്വരിതപ്പെടുത്തുക മാത്രമല്ല , കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും.'' ജോയ് പറയുന്നു
ഇസാഫ് സ്മാൾ ഫിനാൻസ് ബാങ്ക് എം ഡി യും, സി ഇ ഓ യുമായ കെ പി പോൾ തോമസിനും ഏതാണ്ട് ഇതുതന്നെയാണ് പറയാറുള്ളത് . പശ്ചാത്തല വികസനത്തിനും , കയറ്റുമതിക്കും ഊന്നൽ കൊടുത്ത് നല്ലൊരു നീക്കമാണ്, അദ്ദേഹം പറഞ്ഞു
കഴിഞ്ഞ വർഷം നേടിയ 12 ശതമാനം വളർച്ചയും, നികുതി വരുമാനത്തിലെ വർധനയും, പശ്ചാത്തല വികസനത്തിന് കൊടുക്കുന്ന ശ്രദ്ധയും, സി എസ് ആർ ഫണ്ടുകൾ ഉപയോഗ സാധ്യമാകുമോ എന്ന അന്വേക്ഷണവും പ്രശംസനീയമാണെന്നു കൊച്ചിൻ സി ഐ ഐ പ്രസിഡന്റ് പി എം വീരമണി പറഞ്ഞു.