നിരാശ നല്‍കാത്ത നിരക്കുകള്‍; കെ ഫോണ്‍ കേമനോ
- ആറ് മാസ കാലയളവിലുള്ള ഒന്‍പത് പ്ലാനുകളുടെ താരിഫ് വിവരങ്ങളാണ് സര്‍ക്കാര്‍ പുറത്തുവിട്ടത്
- 20 എംബിപിഎസ് ആണ് ഇന്റര്‍നെറ്റിന്റെ വേഗത
കോര്‍പ്പറേറ്റുകള്‍ക്ക് ജനകീയ ബദലെന്ന മുഖ്യമന്ത്രി പ്രഖ്യാപിച്ച കെ ഫോണ്‍ നിരക്കുകള്‍ താരതമ്യേന മികച്ചതെന്ന് വിദഗ്ധാഭിപ്രായം. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് മിതമായ നിരക്കിലുമാണ് കെഫോണ്‍ മുഖേന ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാകുക. സംസ്ഥാനത്ത് 20 ലക്ഷം കുടുംബങ്ങള്‍ക്കാണ് കെഫോണ്‍ സൗകര്യം ലഭിക്കുക.
ജനകീയ പ്ലാനുകള്‍
ആറ് മാസ കാലയളവിലുള്ള ഒന്‍പത് പ്ലാനുകളുടെ താരിഫ് വിവരങ്ങളാണ് സര്‍ക്കാര്‍ പുറത്തുവിട്ടത്. 20 എംബിപിഎസ് വേഗത്തില്‍ ആറ് മാസത്തേക്ക് 3,000 ജിബി ഡാറ്റ ലഭിക്കുന്ന പ്ലാനാണ് കൂട്ടത്തില്‍ ഏറ്റവും നിരക്ക് കുറവ്. പ്രതിമാസം 299 രൂപ നിരക്കില്‍ ആറ് മാസത്തേക്ക് 1,794 രൂപയാണ് ഈടാക്കുക. ആറ് മാസത്തേക്ക് 30 എംബിപിഎസ് വേഗത്തില്‍ 3,000 ജിബി ഡാറ്റ ലഭിക്കുന്ന പ്ലാനിന് ഒരു മാസത്തേക്ക് 349 രൂപ നിരക്കില്‍ 2,094 രൂപയാണ് നിരക്ക്. 17,412 ഓഫിസുകളിലും 9,000 വീടുകളിലും കെ ഫോണ്‍ കണക്ഷനായെന്നു സര്‍ക്കാര്‍ അറിയിച്ചു.
മറ്റു പ്ലാനുകള്‍
6 മാസത്തേയ്ക്ക് 40 എംബിപിഎസ് വേഗത്തില്‍ 4,000 ജിബി ഡാറ്റ. ഒരു മാസത്തേക്ക് 399 രൂപ നിരക്കില്‍ 2394 രൂപ.
6 മാസത്തേയ്ക്ക് 50 എംബിപിഎസ് വേഗത്തില്‍ 5,000 ജിബി ഡാറ്റ. ഒരു മാസത്തേക്ക് 449 രൂപ നിരക്കില്‍ 2694 രൂപ.
6 മാസത്തേയ്ക്ക് 75 എംബിപിഎസ് വേഗത്തില്‍ 4,000 ജിബി ഡാറ്റ. ഒരു മാസത്തേക്ക് 499 രൂപ നിരക്കില്‍ 2994 രൂപ.
6 മാസത്തേയ്ക്ക് 100 എംബിപിഎസ് വേഗത്തില്‍ 5,000 ജിബി ഡാറ്റ. ഒരു മാസത്തേക്ക് 599 രൂപ നിരക്കില്‍ 3594 രൂപ.
6 മാസത്തേയ്ക്ക് 150 എംബിപിഎസ് വേഗത്തില്‍ 5,000 ജിബി ഡാറ്റ. ഒരു മാസത്തേക്ക് 799 രൂപ നിരക്കില്‍ 4794 രൂപ.
6 മാസത്തേയ്ക്ക് 200 എംബിപിഎസ് വേഗത്തില്‍ 5,000 ജിബി ഡാറ്റ. ഒരു മാസത്തേക്ക് 999 രൂപ നിരക്കില്‍ 5994 രൂപ.
6 മാസത്തേയ്ക്ക് 250 എംബിപിഎസ് വേഗത്തില്‍ 5,000 ജിബി ഡാറ്റ. ഒരു മാസത്തേക്ക് 1249 രൂപ നിരക്കില്‍ 7494 രൂപ.
എല്ലാവര്‍ക്കും ഇന്റര്‍നെറ്റ്
എല്ലാവര്‍ക്കും ഇന്റര്‍നെറ്റെന്ന ഡിജിറ്റല്‍ സമത്വമെന്ന ആശയവുമായാണ് സംസ്ഥാനത്ത് കെഫോണ്‍ (കേരള ഫൈബര്‍ ഒപ്റ്റിക്ക് നെറ്റ് വര്‍ക്ക്) നിലവില്‍ വന്നത്. 30,000 സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഒരു മണ്ഡലത്തില്‍ 100 എണ്ണം നിരക്കില്‍ 14,000 വീടുകളാണ് കെ ഫോണിന്റെ ഗുണഭോക്താക്കളാകുന്നത്.
ഉദ്ഘാടനത്തിന് മുന്‍പ് സ്‌കൂളുകള്‍, ആശുപത്രികള്‍, ഓഫീസുകള്‍ തുടങ്ങി 18000 ഓളം സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ കെ-ഫോണ്‍ മുഖേന ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുന്നത്. 7000 വീടുകളില്‍ കണക്ഷന്‍ ലഭ്യമാക്കാനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ഇതില്‍ 748 കണക്ഷന്‍ നല്‍കി. 30,000 സര്‍ക്കാര്‍ ഓഫീസുകളില്‍ 26492 ഓഫീസുകളിലാണ് കേബിള്‍ സ്ഥാപിച്ചത്. ഇതില്‍ 17354 ഇടങ്ങളില്‍ കണക്ഷന്‍ നല്‍കിയിട്ടുണ്ട്. മാത്രമല്ല കേരളത്തില്‍ 40 ലക്ഷത്തോളം ഇന്റര്‍നെറ്റ് സൗകര്യ ലഭ്യമാക്കാന്‍ പര്യാപ്തമായ ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ കെ ഫോണിനുണ്ട്. 20 എംബിപിഎസ് ആണ് ഇന്റര്‍നെറ്റിന്റെ വേഗത.
കൊച്ചി ഇന്‍ഫോപാര്‍ക്ക് കേന്ദ്രീകരിച്ചാണ് കെ ഫോണിന്റെ നെറ്റ് വര്‍ക്ക് ഓപ്പറേറ്റിംഗ് സെന്റര്‍. 376 കെഎസ്ഇബി സബ് സ്റ്റേഷനുകളിലായുള്ള പിഒപി (പോയിന്റ് ഓഫ് പ്രസന്‍സ്) കേന്ദ്രങ്ങള്‍ വഴിയാണ് ഇന്റര്‍നെറ്റ് എത്തുന്നത്. കൂടാതെ പൊതുജനങ്ങള്‍ക്കായി 2000 സൗജന്യ വൈഫൈ സ്‌പോട്ടുകളും, സര്‍ക്കാര്‍ ഓഫീസില്‍ സേവനങ്ങള്‍ക്കായി എത്തുന്നവര്‍ക്ക് സൗജന്യമായും മിതമായ നിരക്കിലും ഉപയോഗിക്കാവുന്ന വൈഫൈ നെറ്റ് വര്‍ക്കും കെ ഫോണ്‍ മുഖേന സജ്ജമാക്കുന്നുണ്ട്.
കെ ഫോണ്‍ ആപ്പ്
ഉദ്ഘാടനത്തിനു ശേഷം കെ ഫോണ്‍ ആപ്പ് പ്ലേസ്റ്റോറിലും ആപ്പ് സ്റ്റോറിലും ലഭ്യമാകും. ഇതിനായി കണക്ഷന്‍ എടുക്കുന്നതിന് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം ന്യൂ കസ്റ്റമര്‍ എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കാം. ശേഷം പ്രാഥമിക വിവരങ്ങള്‍ നല്‍കി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഇതിന് ശേഷം ബിസിനസ് സപ്പോര്‍ട്ട് സെന്ററില്‍ നിന്ന് നിങ്ങളെ ബന്ധപ്പെടുന്നതാണ്. പ്രാദേശിക നെറ്റ് വര്‍ക്ക് പ്രവൈഡര്‍മാര്‍ മുഖേനയാണ് കണക്ഷന്‍ ലഭിക്കുക.
സംയുക്ത സംരംഭം
കെഎസ്ഇബിയുടേയും കെഎസ്‌ഐടിഐഎലിന്റേയും സംയുക്ത സംരംഭമായ കെ ഫോണ്‍ ലിമിറ്റഡ് വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ നടത്തിപ്പിനായി ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ് നേതൃത്വം നല്‍കുന്ന കണ്‍സോഷ്യത്തിനാണ് കരാര്‍ നല്‍കിയിരുന്നത്. ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ്, റെയില്‍ടെല്‍, എല്‍എസ് കേബിള്‍, എസ്ആര്‍ഐടി എന്നീ കമ്പനികളാണ് പ്രസ്തുത കണ്‍സോഷ്യത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. 1500 കോടി രൂപയാണ് കെ ഫോണിനായി കിഫ്ബി നല്‍കിയിരിക്കുന്നത്.