ഇത് ചരിത്രം ! 30 സ്വകാര്യ വ്യവസായ പാർക്കുകൾക്ക്‌ അനുമതി

Update: 2024-10-11 07:17 GMT

സംസ്ഥാനത്ത് ഇതുവരെ 30 സ്വകാര്യ വ്യവസായ പാർക്കുകൾക്ക് അനുമതി നൽകിയതായി വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് നിയമസഭയിൽ അറിയിച്ചു. കാമ്പസ് വ്യവസായ പാർക്കിന് 80 സ്ഥാപനങ്ങൾ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും വ്യവസായ മേഖലയിലെ വലിയ മുന്നേറ്റമാണ് കേരളത്തിൽ ഉണ്ടായതെന്നും മന്ത്രി പറഞ്ഞു. കേരളത്തെ ലോകത്തിനുമുന്നിൽ അവതരിപ്പിക്കുന്നതിനായി ബ്രാൻഡിങ് നടപ്പാക്കിയതായും മന്ത്രി വ്യക്തമാക്കി. ആദ്യ ഘട്ടത്തിൽ നന്മ ബ്രാൻഡിന്റെ കീഴിൽ നാല് വെളിച്ചെണ്ണ നിർമാണ മില്ലുകൾക്ക് ബ്രാൻഡിങ് നൽകി. സംരംഭങ്ങൾ ആരംഭിക്കാനും അവരെ മുന്നോട്ടു കൊണ്ടുപോകാനുമുള്ള സഹായം സർക്കാർ നൽകുകയാണെന്ന് മന്ത്രി പറഞ്ഞു.

നിക്ഷേപവും വായ്പയും തമ്മിലുള്ള അനുപാതം, മറ്റു സംസ്ഥാനങ്ങളേക്കാൾ കുറവായിരുന്നു. ഇത് 75% മുകളിലാക്കാൻ ശ്രമങ്ങൾ നടക്കുന്നുവെന്നും ബാങ്കുകൾ എംഎസ്എംഇകൾക്ക് 96,000 കോടി രൂപ വായ്പയായി നൽകി എന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി. ബാങ്കുകളുടെ താഴെത്തട്ടിലും സംരംഭക സൗഹൃദ സാഹചര്യങ്ങൾ രൂപപ്പെടേണ്ടതുണ്ട്. ‘ഒരു തദ്ദേശഭരണ സ്ഥാപനത്തിന് ഒരു ഉൽപ്പന്നം’ പദ്ധതിയുടെ ഭാഗമായി 456 തദ്ദേശഭരണ സ്ഥാപനങ്ങൾ ഉൽപ്പന്നങ്ങൾ കണ്ടെത്തിയതായും മന്ത്രി അറിയിച്ചു.

നിലവിൽ 30 സ്വകാര്യ വ്യവസായ പാർക്കുകളുടെ നിർമ്മാണം ആരംഭിച്ചിരിക്കുകയാണ്, ഇതിൽ അഞ്ച് പാർക്കുകൾ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. പാർക്കുകളുടെ നിർമ്മാണം വേഗത്തിൽ പൂർത്തിയാകുന്നത് ചെറുതും വലുതുമായ നിരവധി നിക്ഷേപങ്ങളെ ആകർഷിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. 14 ജില്ലകളിലും ഈ സർക്കാരിന്റെ കാലാവധിക്കുള്ളിൽ സ്വകാര്യ വ്യവസായ പാർക്കുകൾ ആരംഭിക്കാനാകുമെന്ന പ്രതീക്ഷയും മന്ത്രി പ്രകടിപ്പിച്ചു. പുതുതായി സ്വകാര്യ വ്യവസായ പാർക്കുകൾ ആരംഭിക്കുന്നവർക്ക് 3 കോടി രൂപ വരെ സാമ്പത്തിക സഹായം ഉറപ്പു നൽകിയിരിക്കുന്നതായും അദ്ദേഹം പറഞ്ഞു.

പ്രൈവറ്റ് ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് സ്കീം - 2022 പദ്ധതിയുടെ ഭാഗമായി, സ്വകാര്യ വ്യവസായ പാർക്ക് സ്ഥാപിക്കാൻ അനുമതി ലഭിക്കുന്ന ഡെവലപ്പർമാർക്ക് സർക്കാർ സഹായം ലഭ്യമാണ്. മൂല്യാധാരിത അടിസ്ഥാന സൗകര്യങ്ങളുടെ നിർമ്മാണത്തിനായി ഏക്കറിന് 30 ലക്ഷം രൂപ, പരമാവധി 3 കോടി രൂപ വരെ അനുവദിക്കും. സ്വകാര്യ വ്യവസായ പാർക്കുകൾ സ്ഥാപിച്ച് സംസ്ഥാനത്തിൻ്റെ സമ്പദ് വ്യവസ്ഥയിൽ പുതിയ ഉണർവ് നൽകുക എന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനം സാക്ഷാത്‌കരിക്കുകയാണെന്ന്‌ മന്ത്രി വ്യക്തമാക്കി.

Tags:    

Similar News