ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ 2026-ൽ

  • സൂറത്തിനും ബിലിമോറയ്ക്കും ഇടയിലാണ് സര്‍വീസ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്
  • 270 കിലോമീറ്റര്‍ ഗ്രൗണ്ട് വര്‍ക്ക് പൂര്‍ത്തിയായി
  • ജപ്പാന്‍ റെയില്‍വേ ട്രാക്ക് കണ്‍സള്‍ട്ടന്റ് കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി

Update: 2024-01-13 11:00 GMT

ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിന്‍ 2026 ഓടെ പ്രവര്‍ത്തനമാരംഭിക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. സൂറത്തിനും ബിലിമോറയ്ക്കും ഇടയിലാണ് ബുള്ളറ്റ് ട്രെയിന്‍ സര്‍വീസ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. വൈബ്രന്റ് ഗുജറാത്ത് സമ്മിറ്റില്‍ വെച്ചായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം.ബുള്ളറ്റ് ട്രെയിനിന്റെ 270 കിലോമീറ്റര്‍ ഗ്രൗണ്ട് വര്‍ക്ക് ഇതിനകം പൂര്‍ത്തിയായിക്കഴിഞ്ഞു. മുന്‍ നിശ്ചയിച്ച പ്രകാരം തന്നെ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

ഗുജറാത്ത് സംസ്ഥാനത്തിലെ ഗാന്ദേവി താലൂക്കിലും നവസാരി ജില്ലയിലും അംബിക നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു നഗരമാണ് ബിലിമോറ.

നാഷണല്‍ ഹൈസ്പീഡ് റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡാണ് ബുള്ളറ്റ് ട്രെയിനിന്റെ പദ്ധതി നടപ്പിലാക്കുന്നത്.

ജപ്പാന്‍ റെയില്‍വേ ട്രാക്ക് കണ്‍സള്‍ട്ടന്റ് (ജെആര്‍ടിസി; JRTC) കമ്പനിയുമായി സഹകരിച്ചാണ് ബുള്ളറ്റ് ട്രെയിന്‍ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത്. പദ്ധതിയിലെ പ്രാരംഭ തടസ്സങ്ങളിലൊന്ന് സ്ഥലമേറ്റെടുപ്പ് സംബന്ധിച്ചുള്ള പ്രശ്‌നങ്ങളാണ്. ജെആര്‍ടിസിയുമായുള്ള സഹകരണം പദ്ധതിയെ മികച്ചതാക്കുമെന്നും വളരെ വ്യത്യസ്തമായ പ്രവര്‍ത്തന ശൈലിയാണ് ജപ്പാനീസ് കമ്പനി സ്വീകരിച്ചിരിക്കുന്നതെന്നും മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.

കൂടാതെ, മുംബൈ-താനെ കടലിനടിയിലെ തുരങ്കത്തിന്റെ ജോലിയും ആരംഭിച്ചിട്ടുണ്ട്. പാതയിലുളള എട്ട് നദികളില്‍ പാലങ്ങളുടെ നിര്‍മാണം അതിവേഗം നടക്കുന്നു. രണ്ട് പാലങ്ങള്‍ ഇതിനകം പൂര്‍ത്തിയായി. സബര്‍മതി ടെര്‍മിനല്‍ സ്‌റ്റേഷന്റെ ജോലിയും ഏകദേശം പൂര്‍ത്തിയായതായി മന്ത്രി കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News