സീ-സോണി ലയനം; ഗോയങ്കക്ക് പകരം മേധാവിയെ നിയമിക്കാന്‍ സോണി

  • ജപ്പാന്റേയും അമേരിക്കയുടേയും കര്‍ശനമായ കോര്‍പ്പറേറ്റ് മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ചാണ് ലയന കരാര്‍.
  • ഗോയങ്കക്കെതിരെ ഉയര്‍ന്ന ആരോപണത്തില്‍ സോണി പ്രതികരിച്ചിട്ടുണ്ട്.

Update: 2023-11-04 07:58 GMT

സീ എന്റര്‍ടൈന്‍മെന്റ് എന്റര്‍പ്രൈസസ് ലിമിറ്റഡ് (സെഡ്ഇഇഎല്‍) മേധാവി പുനീത് ഗോയങ്കയുടെ സോണി-സീ ലയന സ്ഥാപനത്തിന്റെ എംഡി-സിഇഒ പദവി അനിശ്ചിതത്വത്തില്‍. സെഡ്ഇഇല്‍ നിന്ന് പ്രൊമോട്ടര്‍ സ്ഥാപനങ്ങളിലേക്ക് ഫണ്ട് വകമാറ്റി എന്ന ആരോപണത്തിൽ  ഗോയങ്ക സെബി അന്വേഷണം നേരിടുകയാണ്. അതേസമയം സോണി ഗ്രൂപ്പിന്റെ ഇന്ത്യന്‍ എക്‌സിക്യൂട്ടീവായി ദീര്‍ഘകാലം പ്രവര്‍ത്തിച്ച എന്‍പി സിംഗിനെ പുതിയ സംരംഭത്തിന്റെ മേധാവിയാക്കാനും ശ്രമം നടക്കുന്നുണ്ട്. ജപ്പാന്റേയും അമേരിക്കയുടേയും കര്‍ശനമായ കോര്‍പ്പറേറ്റ് മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ചാണ് ലയന കരാര്‍.

സെക്യൂരിറ്റീസ് അപ്പലേറ്റ് ട്രിബ്യൂണല്‍ (എസ്എടി) നിയമനം സംബന്ധിച്ച് ഗോയങ്കക്കു  ഇടക്കാല ഇളവ് അനുവദിച്ചിട്ടുണ്ടെങ്കിലും ഗോയങ്കക്കു എതിരെയുള്ള  സെബിയുടെ അന്വേഷണം തുടരുകയാണ്. അന്വേഷണത്തില്‍ സെബിയുമായി സഹകരിക്കണമെന്ന് ഉത്തരവില്‍ പറയുന്നു. ഗോയങ്കയ്ക്കെതിരെ എന്തെങ്കിലും തെളിവുകള്‍ കണ്ടെത്തിയാല്‍, സെബിക്ക് നിയമനടപടികള്‍ പിന്തുടര്‍ന്ന് ഉചിതമായ നടപടിയെടുക്കാമെന്നും എസ്എടി ഉത്തരവില്‍ പറയുന്നു.

സെഡ്ഇഇഎല്‍ ഉം കള്‍വര്‍ മാക്‌സ് എന്റര്‍ടൈന്‍മെന്റും തമ്മിലുള്ള ലയന കരാറിനെ നിലവിലെ സംഭവവികാസങ്ങള്‍ പ്രതികൂലമായി ബാധിക്കും. സോണി ഗ്രൂപ്പ് കോര്‍പ്പറേഷന്റെ ഇന്ത്യന്‍ മീഡിയ വിഭാഗമാണിത്.

ലയന സ്ഥാപനത്തിന്റെ എംഡിയും സിഇഒയും ആയി ഗോയങ്കയെ നാമനിര്‍ദ്ദേശം ചെയ്തത് ലയന വ്യവസ്ഥയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് സോണി പിക്ചേഴ്സ് എന്റര്‍ടെയ്ന്‍മെന്റ് ചെയര്‍മാന്‍ ടോണി വിന്‍സിക്വറ, സോണി പിക്ചേഴ്സിന്റെ ഗ്ലോബല്‍ ടെലിവിഷന്‍ സ്റ്റുഡിയോ ആന്‍ഡ് കോര്‍പ്പറേറ്റ് ഡെവലപ്മെന്റ് ചെയര്‍മാന്‍ രവി അഹൂജ, ഗോയങ്ക എന്നിവര്‍ ചര്‍ച്ചകള്‍ നടത്തി. എന്നാല്‍ ചര്‍ച്ച പുരോഗതി കൈവരിച്ചില്ല.

അതേസമയം ഗോയങ്കക്കെതിരെ ഉയര്‍ന്ന ആരോപണത്തില്‍ സോണി പ്രതികരിച്ചിട്ടുണ്ട്. , സെഡ്ഇഇഎല്‍ പ്രൊമോട്ടര്‍മാര്‍ക്കെതിരായ സെബിയുടെ ഉത്തരവ് വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും ഇടപാടിനെ ബാധിച്ചേക്കാവുന്ന സംഭവവികാസങ്ങള്‍ നിരീക്ഷിക്കുന്നത് തുടരുമെന്നും സോണി പറഞ്ഞു. താന്‍ സിഇഒ ആയാലും ഇല്ലെങ്കിലും ലയനം നടക്കുമെന്ന് ഗോയങ്ക നേരത്തെ പ്രസ്താവിച്ചിരുന്നു.

ഇരു സ്ഥാപനങ്ങളും തമ്മിലുള്ള ലയനത്തില്‍ വളരെയധികം മുന്നോട്ട് പോയതിനാല്‍ സോണിയും സീയും ഈ പ്രശ്‌നം രമ്യമായി പരിഹരിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് എന്‍വി ക്യാപിറ്റലിന്റെ മാനേജിംഗ് പാര്‍ട്ണര്‍ നിതിന്‍ മേനോന്‍ പറഞ്ഞു.

ലയനം ഇരു കമ്പനികളുടേയും ഓഹരി ഉടമകള്‍ക്കും പ്രയോജനം ചെയ്യുന്നതായതിനാല്‍ എസ്എടിയുടെ അനുകൂല ഉത്തരവ് ഗോയങ്ക് പ്രയോജനപ്പെടുത്തിയേക്കും.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ സോണിയുടെ വരുമാനം 6684 കോടി രൂപയാണ്. ലാഭം 1042 കോടി രൂപയും. 26 ചാനലുകളാണ് കമ്പനിക്ക് കീഴിലുള്ളത്. അതേസമയം 48 ടിവി ചാനലുകളുള്ള സീക്ക് 8088 കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ വരുമാനം. ലാഭം 48 കോടി രൂപയും.

Tags:    

Similar News