പാം ഓയില്‍ ഇറക്കുമതി റിഫൈനറികള്‍ റദ്ദാക്കി
- ഒക്ടോബറിനും ഡിസംബറിനുമിടയില്‍ ഡെലിവറി ചെയ്യുന്നതിനായി നല്‍കിയിരുന്ന ഓര്‍ഡറുകളായിരുന്നു റദ്ദാക്കിയത്
- ഈ മാസം ആദ്യം ക്രൂഡ്, ശുദ്ധീകരിച്ച ഭക്ഷ്യ എണ്ണ എന്നിവയുടെ അടിസ്ഥാന ഇറക്കുമതി നികുതി ഇന്ത്യ വര്‍ധിപ്പിച്ചിരുന്നു
- രാജ്യത്തെ കര്‍ഷകരെ സഹായിക്കുന്നതിനുള്ള നടപടിയുടെ ഭാഗമായാണ് ഈ തീരുമാനം
ഇന്ത്യന്‍ റിഫൈനറികള്‍ പാം ഓയില്‍ ഇറക്കുമതി റദ്ദാക്കി. വില വര്‍ധന, ഇറക്കുമതി തീരുവ ഉയര്‍ത്താനുള്ള കേന്ദ്ര നീക്കം എന്നീ കാരണങ്ങളാല്‍ 100,000 മെട്രിക് ടണ്‍ പാം ഓയില്‍ ഓര്‍ഡറുകളാണ് റദ്ദാക്കിയത്. ഒക്ടോബറിനും ഡിസംബറിനുമിടയില്‍ ഡെലിവറി ചെയ്യുന്നതിനായി നല്‍കിയിരുന്ന ഓര്‍ഡറുകളായിരുന്നു ഇത്.
മലേഷ്യന്‍ പാം ഓയില്‍ ഫ്യൂച്ചറുകള്‍ 2 മാസത്തിനുള്ളില്‍ ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് കുതിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് ലോകത്തിലെ ഏറ്റവും വലിയ പാം ഓയില്‍ ഇറക്കുമതി രാജ്യമായ ഇന്ത്യ ഇറക്കുമതി ഓര്‍ഡറുകള്‍ റദ്ദാക്കുകയായിരുന്നു.
ഇന്ത്യന്‍ റദ്ദാക്കലുകള്‍ മലേഷ്യന്‍ പാം ഓയില്‍ വിലയിലെ കുതിപ്പിന് വിരാമമിടുമെന്ന് വിപണി കരുതുന്നു.
ഇന്ത്യ ഈ മാസം ആദ്യം ക്രൂഡ്, ശുദ്ധീകരിച്ച ഭക്ഷ്യ എണ്ണ എന്നിവയുടെ അടിസ്ഥാന ഇറക്കുമതി നികുതി 20 ശതമാനം ഉയര്‍ത്തി. ഇത് ക്രൂഡ് പാം ഓയിലിന്റെ മൊത്തം ഇറക്കുമതി തീരുവ 5.5 ശതമാനത്തില്‍ നിന്ന് 27.5 ശതമാനമായി ഉയര്‍ത്തി.
ഭക്ഷ്യ എണ്ണയുടെ ഇറക്കുമതി തീരുവ ഉയര്‍ത്തിയതിനു പിന്നാലെ വിപണി സാഹചര്യത്തിനനുസരിച്ച് നികുതി ഘടനയില്‍ മാറ്റം വരുത്താനാണ് സര്‍ക്കാര്‍ നീക്കം. പ്രാദേശികമായി ഉല്‍പാദിപ്പിച്ച എണ്ണകള്‍ക്ക് ഇറക്കുമതി ഇനങ്ങള്‍ ഭീഷണി ആകില്ലെന്ന് ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ആഭ്യന്തരമായി ഉല്‍പ്പാദിപ്പിക്കുന്ന ഭക്ഷ്യ എണ്ണകള്‍ ന്യായമായ നിരക്കില്‍ ഏത് സമയത്തും വില്‍ക്കാനുള്ള നടപടികള്‍ക്കാണ് ഇപ്പോള്‍ ഭരണകൂടം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ആഭ്യന്തര ഭക്ഷ്യയെണ്ണ ഉല്‍പാദനം മികച്ചതാക്കാനും കര്‍ഷകര്‍ക്ക് വരുമാനം ഉറപ്പാക്കാനും 6800 കോടി രൂപയാണ് സര്‍ക്കാര്‍ ചെലഴിച്ചത്.
ഇറക്കുമതി തീരുവ ഇല്ലാതിരുന്ന അസംസ്‌കൃത പാം, സോയാബീന്‍, സൂര്യകാന്തി എണ്ണ എന്നിവയുടെ തീരുവ 20 ശതമാനമായും ശുദ്ധീകരിച്ച പാം, സോയാബീന്‍, സൂര്യകാന്തി എണ്ണ എന്നിവയുടെ തീരുവ 12.5 ശതമാനത്തില്‍ നിന്ന് 32.5 ശതമാനമായും ഈ മാസം 13 ന് സര്‍ക്കാര്‍ വര്‍ധിപ്പിച്ചിരുന്നു.