പയര്‍ വര്‍ഗങ്ങളുടെ സ്റ്റോക്ക് വെളിപ്പെടുത്തണമെന്ന് കേന്ദ്രം; കടല ഉത്പാദനത്തില്‍ കുറവെന്ന് വ്യാപാരികള്‍
- കടലയുടെ വിളവ് കുറഞ്ഞിട്ടില്ലെന്നും മണ്ഡി മാര്‍ക്കറ്റുകളില്‍ വരവ് കൂടുന്നതായും നിധി ഖാരെ
- മൊത്തം പയറുവര്‍ഗ്ഗങ്ങളുടെ ഉല്‍പാദനത്തില്‍ 50% കടലയാണ്
- ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിക്കാന്‍ 2017 ല്‍ പയറുവര്‍ഗ്ഗങ്ങള്‍ക്ക് 50% ഇറക്കുമതി തീരുവ ചുമത്തയിരുന്നു.
പൂഴ്ത്തിവയ്പ്പും പയറുവര്‍ഗങ്ങളുടെ വിലക്കയറ്റവും തടയാന്‍, വ്യാപാരികള്‍, ഇറക്കുമതിക്കാര്‍, മില്ലുടമകള്‍, സംഭരണക്കാര്‍ എന്നിവര്‍ ഈ മാസം 15 മുതല്‍ ഈ ഇനങ്ങളുടെ സ്റ്റോക്ക് പ്രഖ്യാപിക്കണമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഇറക്കുമതി ചെയ്ത പയറുവര്‍ഗ്ഗങ്ങള്‍ ഗണ്യമായ അളവില്‍ കസ്റ്റംസ് ഗോഡൗണുകളില്‍ കെട്ടിക്കിടക്കുന്നതായി സംശയിക്കുന്നതിനാലാണ് ഈ നീക്കം.
അവശ്യവസ്തുക്കളുടെ തത്സമയ സ്റ്റോക്ക് നില വിലയിരുത്തുന്നതിന് ഉപഭോക്തൃകാര്യ വകുപ്പ് സംസ്ഥാനങ്ങളുമായും വ്യാപാരികളുമായും ഇറക്കുമതിക്കാരുമായും മീറ്റിംഗുകള്‍ വിളിച്ചിട്ടുണ്ട്. കൂടാതെ ഇറക്കുമതിയെ തുടര്‍ന്ന് വിപണിയില്‍ പയറുവര്‍ഗ്ഗങ്ങളുടെ വരവ് വൈകുന്നതിന്റെ കാരണങ്ങളും വകുപ്പ് വിലയിരുത്തുന്നുണ്ട്.
നിലവില്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും കര്‍ഷകരും ഉപഭോക്താക്കളും കഷ്ടപ്പെടാതിരിക്കാന്‍ കടലയുടേയും മറ്റെല്ലാ പയറുവര്‍ഗങ്ങളുടെയും ലഭ്യതയും വിലയും സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും ഉപഭോക്തൃ കാര്യ സെക്രട്ടറി നിധി ഖാരെ പറഞ്ഞു.
ജൂലൈ മുതല്‍ ജൂണ്‍ വരെയുള്ള 2023-24 വിള വര്‍ഷത്തില്‍ മൊത്തം ഉല്‍പ്പാദനം മുന്‍വര്‍ഷത്തെ 12.2 മെട്രിക് ടണ്ണില്‍ നിന്ന് 12.1 മില്യണ്‍ ടണ്‍ (എംടി) ആയി കുറഞ്ഞിട്ടുണ്ടെങ്കിലും വിളവ് ഗണ്യമായി കുറഞ്ഞിട്ടില്ലെന്നാണ് നിധി ഖാരെ വ്യക്തമാക്കുന്നത്. അതേസമയം വ്യാപാര സ്രോതസ്സുകള്‍ ഔദ്യോഗിക കണക്കുകളേക്കാള്‍ വളരെ താഴെയാണ് പ്രധാന പയറുവര്‍ഗ്ഗങ്ങളുടെ ഉല്‍പ്പാദനം കണക്കാക്കുന്നത്.
നിലവില്‍, വിലസ്ഥിരതാ ഫണ്ടിന് കീഴില്‍ സംഭരിച്ച ഒരു മെട്രിക് ടണ്‍ അസംസ്‌കൃത കടലയുടെ ബഫര്‍ സ്റ്റോക്ക് സര്‍ക്കാരിന്റെ പക്കലുണ്ട്.
സംഭരണം കാര്യക്ഷമമാക്കുന്നതിനും ജാര്‍ഖണ്ഡ് പോലെയുള്ള പാരമ്പര്യേതര പയര്‍വര്‍ഗ്ഗങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന സംസ്ഥാനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും വിവിധ സംസ്ഥാന സര്‍ക്കാരുകളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തുന്നുണ്ട്.
കടലയക്ക് പകരമായി ഉപയോഗിക്കുന്ന മഞ്ഞ പയറിന്റെ തീരുവ രഹിത ഇറക്കുമതി സര്‍ക്കാര്‍ കഴിഞ്ഞ ആഴ്ച ജൂണ്‍ 30 വരെ നീട്ടിയിരുന്നു.