സൈലത്തില്‍ 500 കോടിയുടെ നിക്ഷേപത്തിനൊരുങ്ങി ഫിസിക്സ് വാല
- മറ്റ് ലയന- ഏറ്റെടുക്കല്‍ സാധ്യതകളും ഫിസിക്സ് വാല പരിശോധിക്കുന്നു
- 2023 -24ല്‍ വരുമാനം 300 കോടിയാക്കുക സൈലത്തിന്‍റെ ലക്ഷ്യം
- മറ്റ് ദക്ഷിണേന്ത്യന്‍ വിപണികളിലേക്കുള്ള വിപുലീകരണം ഉടന്‍
യുണികോൺ എഡ്‌ടെക് കമ്പനിയായ ഫിസിക്‌സ് വാല, കേരളം ആസ്ഥാനമായുള്ള എഡ്‌ടെക് സ്ഥാപനമായ സൈലം (Xylem) ലേണിംഗുമായി തന്ത്രപരമായ പങ്കാളിത്തം പ്രഖ്യാപിച്ചു, ഇതിന്‍റെ ഭാഗമായി അടുത്ത മൂന്ന് വർഷ കാലയളവില്‍ 500 കോടി രൂപയുടെ നിക്ഷേപം നടത്താന്‍ പദ്ധതിയിടുന്നതായി ഫിസിക്സ്‍ വാല (പിഡബ്ല്യു) അറിയിച്ചു. ദക്ഷിണേന്ത്യൻ വിപണിയിൽ തങ്ങളുടെ സാന്നിധ്യം ശക്തമാക്കാനാണ് ഈ പങ്കാളിത്തത്തിലൂടെ കമ്പനി ലക്ഷ്യമിടുന്നത്.
"സൈലം ലേണിംഗുമായുള്ള ഈ പങ്കാളിത്തം വലിയ ആവേശവും അഭിമാനവും നല്‍കുന്നതാണ്. എല്ലാവർക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകുക എന്നതാണ് ഞങ്ങള്‍ ഇരുവരുടെയും കാഴ്ചപ്പാട്. മാത്രമല്ല, ദക്ഷിണേന്ത്യയിലെ പ്രമുഖ വിദ്യാഭ്യാസ പ്ലാറ്റ്‌ഫോം ആകുക എന്ന ഞങ്ങളുടെ തന്ത്രപരമായ ലക്ഷ്യത്തിലേക്ക് ഇത് ഞങ്ങളെ അടുപ്പിക്കുകയും ചെയ്യുന്നു," പിഡബ്ല്യു സ്ഥാപകനും സിഇഒ-യുമായ അലഖ് പാണ്ഡെ എന്നിവർ പ്രസ്താവനയിൽ പറഞ്ഞു. സൈലമിലെ തന്ത്രപരമായ ഓഹരിയും പണ നിക്ഷേപങ്ങളും വിപുലീകരണ പ്രവർത്തനങ്ങളും പങ്കാളിത്തത്തിന്‍റെ ഭാഗമായി വരുന്നു.
സൈലം മോഡൽ ഹൈബ്രിഡ് ലേണിംഗ്" സമീപ പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കുന്നതില്‍ കേന്ദ്രീകരിച്ച് മൂന്നു വര്‍ഷത്തിനുള്ളിലാണ് 500 കോടി രൂപയുടെ നിക്ഷേപം നടത്തുന്നത്. ഇത് ചെയ്യുന്നതിന് ശക്തമായ ടീം ബിൽഡിംഗ്, ഉള്ളടക്ക വികസനം, സാങ്കേതികമായ നൂതനാവിഷ്‍കാരങ്ങള്‍, മറ്റ് വിഭാഗങ്ങളിലും ഹൈബ്രിഡ് കേന്ദ്രങ്ങളിലുമുള്ള വിപുലീകരണം എന്നിവ ആവശ്യമാണെന്നും ദക്ഷിണേന്ത്യയില്‍ നിന്നുള്ള മറ്റ് ലയന- ഏറ്റെടുക്കല്‍ സാധ്യതകളും പരിശോധിക്കുന്നുണ്ടെന്നും പാണ്ഡെ പറഞ്ഞു.
26 കാരനായ എംബിബിഎസ് ബിരുദധാരി അനന്തു എസ് സ്ഥാപിച്ച സൈലം ലേണിംഗിന്, കേരള എഡ്‍ടെക് വിപണിയിൽ ശക്തമായ സാന്നിധ്യമുണ്ട്, ഇപ്പോൾ തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നിങ്ങനെയുള്ള മറ്റ് ദക്ഷിണേന്ത്യൻ വിപണികളിലേക്കുള്ള വിപുലീകരണത്തിന് തയാറെടുക്കുകയാണ്.
നിലവിൽ, സൈലം ലേണിംഗിന്‍റെ 30 യൂട്യൂബ് ചാനലുകളിലൂടെ 3 ദശലക്ഷത്തിലധികം വിദ്യാർത്ഥികൾ സൗജന്യ ക്ലാസുകൾ നേടുന്നുണ്ട്. കൂടാതെ, ഒരു ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ പണമടച്ചുള്ള സബ്‍സ്ക്രിപ്ഷനിലൂടെ വിവിധ ഓൺലൈൻ കോഴ്‌സുകളില്‍ പഠനം നടത്തുന്നു. കേരളത്തിലെ അഞ്ച് പ്രധാന ജില്ലകളിൽ സ്ഥിതി ചെയ്യുന്ന ഓഫ്‌ലൈൻ അല്ലെങ്കിൽ ഹൈബ്രിഡ് സെന്ററുകളിലായി 30,000 വിദ്യാർത്ഥികളും സൈലത്തിനുണ്ട്.
"2023-24 സാമ്പത്തിക വർഷത്തിൽ 300 കോടി രൂപ വരുമാനം നേടാനാണ് ലക്ഷ്യമിടുന്നത്, കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇത് 150 കോടി രൂപയായിരുന്നു. ഗുണമേന്മയുള്ള വിദ്യാഭ്യാസം താങ്ങാവുന്ന വിലയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കണമെന്ന അലാഖ് പാണ്ഡെയുടെ കാഴ്ചപ്പാട് ഞങ്ങളുടേതുമായി തികച്ചും യോജിക്കുന്നതാണ," അനന്തു പറഞ്ഞു.