പേടിഎം ബ്രാന്‍ഡിന്റെ മാതൃസ്ഥാപനമായ ഫിന്‍ടെക് സ്ഥാപനം വണ്‍97 കമ്മ്യൂണിക്കേഷന്‍സ് ഉയര്‍ന്ന വായ്പകളില്‍ ഇനി ശ്രദ്ധകേന്ദ്രീകരിക്കുമെന്ന് കമ്പനിയിലെ ഉദ്യോഗസ്ഥര്‍ അറിയിച്ചു. 50,000 രൂപയില്‍ താഴെയുള്ള വായ്പകള്‍ ഇനി മന്ദഗതിയിലാകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഉപഭോക്തൃ വായ്പകളെ അപേക്ഷിച്ച് കമ്പനിയുടെ മര്‍ച്ചന്റ് ലോണ്‍ പോര്‍ട്ട്ഫോളിയോ ഇപ്പോള്‍ മികച്ച പ്രകടനമാണ് നടത്തുന്നതെന്ന് പേടിഎം പ്രസിഡന്റും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായ ഭവേഷ് ഗുപ്ത പറഞ്ഞു.
'ഉപഭോക്തൃ പക്ഷത്തേക്കാള്‍ മികച്ച പ്രകടനം ഞങ്ങള്‍ വ്യാപാരികളുടെ ഭാഗത്ത് കാണുന്നു. ഞങ്ങള്‍ അവിടെ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കും. ബിസിനസില്‍ ഇപ്പോള്‍ ഞങ്ങളുടെ ശ്രദ്ധ ഉയര്‍ന്ന വായ്പകളിലാണ്്',ഗുപ്ത പറഞ്ഞു. മൊത്തത്തിലുള്ള വായ്പാ ബിസിനസില്‍ പോസ്റ്റ്പെയ്ഡ് വായ്പകള്‍ ക്രമേണ കുറയാന്‍ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
കൂടുന്ന ഉപഭോക്താക്കൾ
പ്രതിമാസം ശരാശരി 3.5 മുതല്‍ 4 ലക്ഷം വരെ പുതിയ പോസ്റ്റ്പെയ്ഡ് ലോണ്‍ ഉപഭോക്താക്കളെ കമ്പനി സ്വന്തമാക്കുന്നുണ്ട്. അതില്‍ 70 ശതമാനം പേരും 50,000 രൂപയില്‍ താഴെയുള്ള വായ്പകളാണ് തിരഞ്ഞെടുത്തത്.
പേടിഎമ്മിന്റെ പുതിയ വായ്പാ വിതരണത്തില്‍ 60 ശതമാനവും തിരിച്ചടവ് രംഗത്ത് മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഉപഭോക്താക്കള്‍ക്കാണ് ലഭിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അത് 60 ശതമാനത്തില്‍ നിന്ന് 70 ശതമാനമായി ഉയര്‍ത്താന്‍ തങ്ങൾ ശ്രമിക്കുമെന്നും ഗുപ്ത കൂട്ടിച്ചേര്‍ത്തു.
അടുത്ത രണ്ട് പാദങ്ങളില്‍ രണ്ട് വലിയ നോണ്‍-ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ സേവന കമ്പനികളെയും വായ്പാ സേവനങ്ങള്‍ക്കായി ഒരു ബാങ്കിനെയും കൂടി ഉള്‍പ്പെടുത്താന്‍ പേടിഎം പദ്ധതിയിടുന്നതായി അദ്ദേഹം പറഞ്ഞു.
പേടിഎമ്മിന് നിലവില്‍ 7 എന്‍ബിഎസി പങ്കാളികളുണ്ട്.