സഹാറ ലൈഫുമായി ലയനമില്ലെന്ന് വിശദീകരിച്ച് എസ്ബിഐ ലൈഫ്
- ഏറ്റെടുക്കുന്നത് പോളിസി ഉടമകളുമായി ബന്ധപ്പെട്ട ആസ്തികളും ബാധ്യതകളും
- സഹാറ ലൈഫ് പോളിസി ഉടമകള്‍ക്ക് മികച്ച സേവനം ഉറപ്പാക്കും
- പരിവര്‍ത്തനം സുഗമമാക്കാന്‍ സജ്ജീകരണങ്ങള്‍ ഒരുക്കി
സഹാറ ലൈഫ് ഇൻഷുറൻസിന്റെ പോളിസി ഉടമകളുമായി ബന്ധപ്പെട്ട ആസ്തികളും ബാധ്യതകളും ഏറ്റെടുക്കുക മാത്രമാണ് ചെയ്യുന്നതെന്നും ഇത് ഇരു കമ്പനികളുടെയും ലയനമല്ലെന്നും എസ്ബിഐ ലൈഫ്. സമ്മർദ്ദത്തിലായ സഹാറ ഇന്ത്യ ലൈഫ് ഇൻഷുറൻസ് കമ്പനി ലിമിറ്റഡിന്റെ (SILIC) ഏകദേശം രണ്ട് ലക്ഷത്തോളം പോളിസികളുടെ ബാധ്യതകൾ അവയുടെ ആസ്തികൾക്കൊപ്പം ഏറ്റെടുക്കാൻ വെള്ളിയാഴ്ച ഇന്‍ഷുറന്‍സ് വിപണി നിയന്ത്രകരായ ഐആര്‍ഡിഎഐ എസ്ബിഐ ലൈഫ് ഇൻഷുറൻസിന് നിർദ്ദേശം നൽകിയിരുന്നു
ഐആര്‍ഡിഎഐ ഉത്തരവിന് ശേഷം, സഹാറ ലൈഫ് രണ്ട് ലക്ഷം പോളിസി ഉടമകൾക്ക് തങ്ങളുടെ ഉപഭോക്താക്കൾക്ക് നൽകുന്ന "ഉയർന്ന തലത്തിലുള്ള" സേവനവും പ്രതിബദ്ധതയും ഉറപ്പ് നൽകിക്കൊണ്ട് എസ്ബിഐ ലൈഫ് രംഗത്തുവന്നിരുന്നു. ഈ പോളിസി ഹോൾഡർമാരെയെല്ലാം തങ്ങളുടെ സിസ്റ്റങ്ങളിൽ സംയോജിപ്പിക്കുന്നതിനുള്ള പ്രക്രിയ വേഗത്തില്‍ നടപ്പാക്കുകയാണെന്നും കമ്പനി അറിയിച്ചു.
വിവരങ്ങളുടെ പൂർണ്ണമായ സംയോജനത്തിന് കുറച്ച് സമയമെടുത്തേക്കാമെന്നും എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കില്‍ ഈ പോളിസി ഉടമകള്‍ക്ക് തങ്ങളുടെ ഹെൽപ്പ് ലൈൻ നമ്പറായ 1800 267 9090-ലോ saharalife@sbilife.co.in എന്ന ഇ-മെയില്‍ ഐഡിയിലോ ബന്ധപ്പെടാവുന്നതാണെന്നും എസ്ബിഐ ലൈഫ് വ്യക്തമാക്കിയിട്ടുണ്ട്. കമ്പനിയുടെ പ്രതിനിധികള്‍ ഉടൻ തന്നെ ഈ പോളിസി ഹോൾഡർമാരെ സമീപിക്കുമെന്നും സുഗമമായ പരിവർത്തനത്തിനായി വിവിധ ടച്ച് പോയിന്റുകളെക്കുറിച്ചും സേവന രീതികളെക്കുറിച്ചും അവരെ അറിയിക്കുമെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
സഹാറ ലൈഫ് ഇൻഷുറൻസിന് പുതിയ ബിസിനസിന് അണ്ടർ റൈറ്റിംഗ് ഐആര്‍ഡിഎഐ അനുവദിച്ചില്ല. റെഗുലേറ്ററി ആവശ്യകതകൾ നിറവേറ്റുന്നതിനായി ഇൻഷുറർക്ക് കൂടുതൽ മാര്ഗ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. ധാരാളം അവസരങ്ങളും മാനദണ്ഡങ്ങള്‍ പാലിക്കൽ ഉറപ്പാക്കാൻ മതിയായ സമയവും നൽകിയിട്ടും, അതോറിറ്റിയുടെ നിർദ്ദേശങ്ങൾ അനുസരിക്കുന്നതിലും പോളിസി ഉടമകളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിന് അനുകൂലമായ നടപടികളൊന്നും സ്വീകരിക്കാന്‍ സഹാറ ഇന്ത്യക്ക് സാധിച്ചില്ലെന്ന് റെഗുലേറ്റര് വിലയിരുത്തി.
പോളിസി ഉടമകളുടെ താല്‍പ്പര്യം സംരക്ഷിക്കുന്നതിനായുള്ള നടപടികളും നിരീക്ഷണവും തുടര്‍ന്നും സഹാറ ഇന്ത്യയുടെ കാര്യത്തില്‍ ഉണ്ടാകുമെന്നും ഐആര്‍ഡിഎഐ വ്യക്തമാക്കിയിട്ടുണ്ട്.