നന്ദിനി-അമുല്‍ യുദ്ധം ടി20 ലോകകപ്പിലേക്കും

  • അമുലിന് പിന്നാലെ നന്ദിനിയും ക്രിക്കറ്റ് ലോകത്തേക്ക്
  • നന്ദിനി ലോഗോ പ്രെമോട്ട് ചെയ്യാന്‍ ടെന്‍ഡര്‍ ക്ഷണിച്ചു
  • നെതര്‍ലാന്‍ഡ്സ്, ശ്രീലങ്ക തുടങ്ങിയ ടീമുകളെ പരിഗണിക്കും

Update: 2024-03-20 05:34 GMT

നന്ദിനിക്കെന്താണ് ക്രിക്കറ്റില്‍ കാര്യം? എന്നാല്‍ കാര്യമുണ്ടെന്നാണ് കര്‍ണാടകയില്‍നിന്നുള്ള വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. നന്ദിനി ബ്രാന്‍ഡിന് കീഴില്‍ പാലും പാലുല്‍പ്പന്നങ്ങളും വിപണനം ചെയ്യുന്ന കര്‍ണാടക മില്‍ക്ക് ഫെഡറേഷന്‍ (കെഎംഎഫ്), ക്രിക്കറ്റ് മൈതാനത്തേക്ക് ഇറങ്ങുന്നു എന്നാണ് പുതിയവാര്‍ത്ത. ഇവിടെ അമുല്‍-നന്ദിനി പാല്‍യുദ്ധം ചൂടുപിടിക്കും എന്നാണ് വിലയിരുത്തല്‍.

ജൂണില്‍ നടക്കുന്ന ടി20 ക്രിക്കറ്റ് ലോകകപ്പില്‍ ഒന്നോ അതിലധികമോ ടീമുകളെ സ്‌പോണ്‍സര്‍ ചെയ്യാന്‍ നന്ദിനി തീരുമാനിച്ചതോടെയാണ് ഇരു കമ്പനികളും തമ്മിലുള്ള മത്സരം പുതിയ തലത്തിലേക്ക് കടക്കുന്നത്.

ടി20 ക്രിക്കറ്റ് ലോകകപ്പില്‍ പങ്കെടുക്കുന്ന ഒന്നോ അതിലധികമോ ടീമുകളുടെ ലീഡ് ആം ജേഴ്സിയില്‍ (അതായത്, ഇടംകൈയ്യന്‍ ബാറ്റ്സ്മാന്‍മാര്‍ക്ക് വലത് കൈയ്യിലും വലംകൈയ്യന്‍ ബാറ്റ്സ്മാന്‍മാര്‍ക്ക് ഇടത് കൈയ്യിലും) നന്ദിനി ലോഗോ പ്രമോട്ട് ചെയ്യുന്നതിനായി കെഎംഎഫ് ടെന്‍ഡര്‍ ക്ഷണിച്ചത് ഇക്കാര്യം വ്യക്തമാക്കുന്നു. ലോകകപ്പ് മത്സരങ്ങള്‍ ജൂണ്‍ ഒന്നുമുതല്‍ 29വരെ അമേരിക്കയിലും വെസ്റ്റിന്‍ഡീസിലും സംയുക്തമായി നടക്കും. ഈ വര്‍ഷത്തെ ട്വന്റി 20 ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ 20 ടീമുകളാണുള്ളത്.

നന്ദിനി എതിരാളികളായ അമുലിന്റെ വഴിയേ സഞ്ചരിക്കുകയാണ് ചെയ്യുന്നത്. 2011-ല്‍, അമുല്‍ ബ്രാന്‍ഡിന് കീഴില്‍ അതിന്റെ പാലുല്‍പ്പന്നങ്ങള്‍ വിപണനം ചെയ്യുന്ന ഗുജറാത്ത് കോഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍, ആ വര്‍ഷത്തെ ലോകകപ്പില്‍ നെതര്‍ലാന്‍ഡ്‌സ് ടീമിനെ സ്‌പോണ്‍സര്‍ ചെയ്തു. അതിനുശേഷം, അവര്‍ ന്യൂസിലാന്‍ഡ്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍ എന്നീ ക്രിക്കറ്റ് ടീമുകളുമായി സഹകരിച്ചു പ്രവര്‍ത്തിച്ചു. 2019-ല്‍, അഫ്ഗാനിസ്ഥാന്‍ ടീമിന് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) പൂര്‍ണ്ണ അംഗ പദവി ലഭിച്ചതിന് ശേഷം അമുല്‍ അതിന്റെ പ്രധാന സ്‌പോണ്‍സറായി.

ഇന്ത്യ, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ്, ശ്രീലങ്ക, നേപ്പാള്‍, ഒമാന്‍, നെതര്‍ലാന്‍ഡ്സ്, ഉഗാണ്ട, നമീബിയ എന്നിവയുള്‍പ്പെടെ ഒന്നോ രണ്ടോ ടീമുകള്‍ക്കായാണ് നന്ദിനി ഇപ്പോള്‍ അന്വേഷിക്കുന്നതെന്ന് കെഎംഎഫ് അധികൃതര്‍ പറയുന്നു.

നന്ദിനിയുടെ ടെന്‍ഡര്‍ അന്തിമ ഘട്ടത്തിലാണെന്ന് കെഎംഎഫ് മാനേജിംഗ് ഡയറക്ടര്‍ എം കെ ജഗദീഷ് പറയുന്നു. തിരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്ന് അനുമതി ലഭിച്ച ശേഷം വര്‍ക്ക് ഓര്‍ഡര്‍ നല്‍കാനാണ് ഇപ്പോഴുള്ള തീരുമാനം. കെഎംഎഫ് ഒരു പൊതുമേഖലാ സ്ഥാപനമായതിനാല്‍ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പെരുമാറ്റച്ചട്ടം അവര്‍ക്കും ബാധകമാണ്. എല്ലാ പ്രധാന തീരുമാനങ്ങളും തിരഞ്ഞെടുപ്പ് ബോഡി അംഗീകരിക്കേണ്ടതുണ്ട്.

നന്ദിനി നെതര്‍ലാന്‍ഡ്സ്, ശ്രീലങ്ക തുടങ്ങിയ ടീമുകളെ പരിഗണിക്കുന്നതായാണ് വാര്‍ത്ത. മറ്റേതെങ്കിലും ടീം ഞങ്ങളുടെ ബജറ്റില്‍ യോജിക്കുന്നുവെങ്കില്‍ അവര്‍അതും പരിഗണിക്കും. മിഡില്‍ ഈസ്റ്റ്, സിംഗപ്പൂര്‍, ഭൂട്ടാന്‍, മ്യാന്‍മര്‍ എന്നിവയുള്‍പ്പെടെയുള്ള അന്താരാഷ്ട്ര വിപണികളില്‍ കെഎംഎഫിന് സാന്നിധ്യമുണ്ടെന്നും കമ്പനി പറയുന്നു.

കൂടുതല്‍ ആള്‍ക്കാരിലേക്ക് നന്ദിനിയുടെ വിശദാംശങ്ങള്‍ എത്താന്‍ ഈ സംരംഭം സഹായിക്കുമെന്നാണ് കെഎംഎഫ് കരുതുന്നത്. ഒപ്പം കളിക്കാര്‍ കമ്പനിക്കൊപ്പം പരസ്യങ്ങളുടെ വിപണന അവസരങ്ങള്‍ സുഗമമാക്കുകയും ചെയ്യും. ഇത് ബ്രാന്‍ഡിന് കാര്യമായ മൈലേജ് നല്‍കും. 'ഇത് ഞങ്ങളുടെ ബ്രാന്‍ഡ് അന്താരാഷ്ട്ര വിപണിയില്‍ പ്രദര്‍ശിപ്പിക്കാനുള്ള മികച്ച അവസരമാണ്',ജഗദീഷ് പറയുന്നു.

പ്രോ കബഡി ലീഗില്‍ ബെംഗളൂരു ബുള്‍സ് ടീമിന്റെ അസോസിയേറ്റ് സ്‌പോണ്‍സറാണ് നന്ദിനി. ബെംഗളൂരുവിന്റെ ഐപിഎല്‍ ടീമായ ആര്‍സിബിയെയും സ്‌പോണ്‍സര്‍ ചെയ്യാന്‍ ക്ഷീര സഹകരണസംഘം ആഗ്രഹം പ്രകടിപ്പിച്ചു. 'നിര്‍ഭാഗ്യവശാല്‍, അത് വളരെ ചെലവേറിയതിനാല്‍ ഞങ്ങള്‍ക്ക് ഒരു സ്ലോട്ട് സുരക്ഷിതമാക്കാന്‍ കഴിഞ്ഞില്ല,' ജഗദീഷ് പറഞ്ഞു.

2023ലെ കര്‍ണാടക തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ പാലുല്‍പ്പന്നങ്ങളുടെ കാര്യത്തില്‍ തര്‍ക്കത്തിലായിരുന്നു. ഗുജറാത്ത് ആസ്ഥാനമായുള്ള അമുലിന്റെ ബെംഗളൂരു വിപണിയില്‍ പ്രവേശിക്കാനുള്ള തീരുമാനമാണ് ഇതിന് കാരണമായത്, ഇത് കര്‍ണാടകയിലെ ക്ഷീര സഹകരണ സംഘത്തെയും സംസ്ഥാനത്തെ ലക്ഷക്കണക്കിന് ക്ഷീര കര്‍ഷകരെയും ബാധിക്കുമെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. 14 യൂണിയനുകളും 24 ലക്ഷം പാല്‍ ഉല്‍പാദക അംഗങ്ങളും 22,000 ഗ്രാമങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 14,000 പാല്‍ ഉല്‍പാദക സഹകരണ സംഘങ്ങളും കെഎംഎഫില്‍ ഉണ്ട്. കര്‍ഷകര്‍ക്ക് പ്രതിദിനം 17 കോടി രൂപയാണ് അവര്‍ വിതരണം ചെയ്യുന്നത്. കൂടാതെ, ഇത് സായുധ സേനയ്ക്ക് ഉല്‍പ്പന്നങ്ങള്‍ നല്‍കുകയും പാല്‍ കയറ്റുമതി ചെയ്യുകയും ചെയ്യുന്നു. 2021-22ല്‍ കെഎംഎഫ് ഏകദേശം 19,800 കോടി രൂപയുടെ വിറ്റുവരവ് രേഖപ്പെടുത്തി. അമുല്‍, 2022-23ല്‍ 55,055 കോടി രൂപയുടെ താല്‍ക്കാലിക വിറ്റുവരവ് റിപ്പോര്‍ട്ട് ചെയ്തു.

Tags:    

Similar News