ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴിയെ ഇസ്രായേല്‍-ഹമാസ് യുദ്ധം ബാധിക്കും: സീതാരാമന്‍
- ആഗോള വാണിജ്യത്തില്‍ മിഡില്‍ ഈസ്റ്റിന് നിര്‍ണായക പങ്ക് വഹിക്കാനും കഴിയും.
യുഎസ് പിന്തുണയുള്ള ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴിക്ക് ഇസ്രായേല്‍-ഗാസ സംഘര്‍ഷം വെല്ലുവിളിയെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. സെപ്റ്റംബറില്‍, ഡെല്‍ഹിയില്‍ നടന്ന ജി20 ഉച്ചകോടിയില്‍ ആഗോള നേതാക്കള്‍ മിഡില്‍ ഈസ്റ്റിനെയും ദക്ഷിണേഷ്യയെയും ബന്ധിപ്പിക്കുന്ന ഒരു റെയില്‍, തുറമുഖ കരാര്‍ പ്രഖ്യാപിച്ചു. ആഗോള അടിസ്ഥാന സൗകര്യങ്ങളിലുള്ള ചൈനയുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് മുന്നേറ്റത്തെ ചെറുക്കാനാണ് പുതിയ സാമ്പത്തിക ഇടനാഴിയിലൂടെ യുഎസ് ശ്രമിക്കുന്നത്.
ഇസ്രായേലിലൂടെയാണ് നിര്‍ദ്ദിഷ്ട ഇടനാഴി കടന്നുപോകുന്നത്. എന്നാല്‍ ഇക്കഴിഞ്ഞ ഒക്ടോബര്‍ ഏഴിന് അതിര്‍ത്തി കടന്ന് ഇസ്രയേലിലേക്ക് ഹമാസ് തീവ്രവാദികള്‍ നടത്തിയ ആക്രമണത്തിന് പ്രതികാരമായി ഗാസ മുനമ്പില്‍ ഹമാസുമായി ഇസ്രയേല്‍ കടുത്ത ഏറ്റുമുട്ടല്‍ നടത്തി വരികയാണ്.
ഈ നിര്‍ദ്ദിഷ്ട ഇടനാഴിയില്‍ മറ്റ് ജിയോ പൊളിറ്റിക്കല്‍ വെല്ലുവിളികളും നിലനില്‍ക്കുന്നുണ്ടെങ്കിലും ഇസ്രായേലിലും ഗാസയിലും നടന്നുകൊണ്ടിരിക്കുന്ന സംഘര്‍ഷവും അതീവ ആശങ്ക സൃഷ്ടിക്കുന്നതാണ്,'' നിര്‍മല സീതാരാമന്‍ സമ്മേളനത്തില്‍ പറഞ്ഞു.
മിഡില്‍ ഈസ്റ്റ് ദക്ഷിണ ഏഷ്യ ഇടനാഴി വ്യാപാരം വര്‍ധിപ്പിക്കാനും ഊര്‍ജ സ്രോതസ്സുകള്‍ എത്തിക്കാനും ഡിജിറ്റല്‍ കണക്ടിവിറ്റി മെച്ചപ്പെടുത്താനും സഹായിക്കും.
മേഖലയിലെ താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങള്‍ക്ക് ഈ കരാര്‍ ഗുണം ചെയ്യും. കൂടാതെ ആഗോള വാണിജ്യത്തില്‍ മിഡില്‍ ഈസ്റ്റിന് നിര്‍ണായക പങ്ക് വഹിക്കാനും കഴിയും.
ഇന്ത്യയും യൂറോപ്പും തമ്മിലുള്ള റെയില്‍വേ വ്യാപാരം 40 ശതമാനം വരെ വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് ആഗോള അടിസ്ഥാന സൗകര്യമേഖലയിലെ ചൈനയുടെ വിപുലമായ നിക്ഷേപത്തെ ചെറുക്കാനാണ് ഇടനാഴി.