ഗെയിമിംഗിന്റെ ജനപ്രീതിക്ക് റോക്കറ്റ് വേഗമെന്ന് പഠനം

  • സ്മാര്‍ട്ട്‌ഫോണ്‍ ഗെയിമര്‍മാര്‍ വര്‍ധിച്ചു
  • സോഷ്യല്‍ മീഡിയ പ്ലാറ്റുഫോമുകള്‍ക്ക് നിര്‍ണായക പങ്ക്
  • റീലുകള്‍ ഗെയിമിംഗിന്റെ ഉത്തേജകങ്ങള്‍

Update: 2024-03-14 10:50 GMT

ഇന്ത്യയില്‍ ഗെയിമിംഗിന്റെ ജനപ്രീതി വര്‍ധിച്ചുവരികയാണെന്ന് സോഷ്യല്‍ മീഡിയ സ്ഥാപനമായ മെറ്റയുടെ പഠനം വ്യക്തമാക്കുന്നു. 10 സ്മാര്‍ട്ട്ഫോണ്‍ ഗെയിമര്‍മാരില്‍ ആറ് പേരും ദൈനംദിന ഗെയിമിംഗ് സെഷനുകളില്‍ ഏര്‍പ്പെടുന്നു. കാഷ്വല്‍ ഗെയിമര്‍മാരില്‍ പകുതിയോളം പേരും റിയല്‍ മണി ഗെയിമര്‍മാരില്‍ 43 ശതമാനം പേരും മെട്രോ ഇതര മേഖലകളില്‍നിന്നുള്ളവരാണ്. മെട്രോ ഇതര മേഖലകളില്‍ ഗെയിമിംഗില്‍ ഉണ്ടായ കുതിച്ചു ചാട്ടം വലുതാണ്.

ഗെയിമിംഗ് ഭ്രാന്ത് വര്‍ധിപ്പിക്കുന്നതില്‍ മെറ്റ പോലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ വഹിക്കുന്ന നിര്‍ണായക പങ്കിനെക്കുറിച്ചും പഠനം പറയുന്നുണ്ട്. ഇന്ത്യയിലെ കാഷ്വല്‍, റിയല്‍ മണി ഗെയിമര്‍മാരില്‍ മുക്കാല്‍ ഭാഗവും സോഷ്യല്‍ മീഡിയയിലൂടെ പുതിയ ഗെയിമുകള്‍ കണ്ടെത്തുകയും വാങ്ങുകയും ചെയ്യുന്നു. ഈ കണ്ടെത്തലുകളില്‍ 90 ശതമാനവും മെറ്റയുടെ പ്ലാറ്റ്ഫോമുകളിലാണ് സംഭവിക്കുന്നതെന്ന് പഠനം പറയുന്നു.

ഗെയിം കണ്ടെത്തലും വില്‍പ്പനയും വര്‍ധിപ്പിക്കുന്നതിനുള്ള ശക്തമായ ഉത്തേജകങ്ങളായി റീലുകള്‍, വീഡിയോ പരസ്യങ്ങള്‍ എന്നിവയും പഠനം പട്ടികപ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, പ്രധാന കായിക ഇനങ്ങളും ഉത്സവ സീസണുകളും ഗെയിമിംഗ് മുന്‍ഗണനകളില്‍ ചെലുത്തുന്ന സ്വാധീനവും പഠനം നിരീക്ഷിച്ചിട്ടുണ്ട്.

ഫാന്റസി സ്പോര്‍ട്സ് ഗെയിമുകളിലേക്ക് മാറാന്‍ തങ്ങള്‍ കൂടുതല്‍ ചായ്വ് കാണിക്കുന്നതായി 88% ഉപഭോക്താക്കളും വെളിപ്പെടുത്തി. ഈ പ്രവണത വരാനിരിക്കുന്ന ഐപിഎല്‍ ടൂര്‍ണമെന്റില്‍ ഒരു പ്രധാന പങ്ക് വഹിക്കാന്‍ സാധ്യതയുണ്ട്, ഇത് ഗെയിമിംഗ് വ്യവസായത്തിന്റെ വളര്‍ച്ചയ്ക്ക് കൂടുതല്‍ ഊര്‍ജം പകരും.

സാങ്കേതിക മുന്നേറ്റങ്ങളും ഇന്ത്യന്‍ ഗെയിമര്‍മാരുടെ ഭാവനയെ കീഴടക്കിയിട്ടുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ), വെര്‍ച്വല്‍ റിയാലിറ്റി (വിആര്‍), ഓഗ്മെന്റഡ് റിയാലിറ്റി (എആര്‍) എന്നിവ രാജ്യത്തെ കാഷ്വല്‍ ഗെയിമര്‍മാരുടെ താല്‍പ്പര്യം ജനിപ്പിക്കുന്ന മികച്ച മൂന്ന് ഗെയിമിംഗ് സാങ്കേതികവിദ്യകളായി ഉയര്‍ന്നുവരുന്നു.

Tags:    

Similar News