രാജ്യത്തെ കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് വിപണി കുതിച്ചുയരുന്നു

  • ലക്ഷ്യം കൈവരിക്കുന്നതിന് ഉയര്‍ന്ന നിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യേണ്ടത് അനിവാര്യം
  • ജിഡിപിയുടെ 25 ശതമാനം രാജ്യത്തിന് സംഭാവന ചെയ്യുന്നതിനുള്ള പാതയിലാണ് മേഖല
  • 500 ബില്യണ്‍ യുഎസ് ഡോളറിലധികം എഫ്ഡിഐയും 8.5 ലക്ഷത്തിലധികം തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെട്ടു

Update: 2024-09-30 09:07 GMT

2027 ഓടെ ഇന്ത്യയുടെ ഉപഭോക്തൃ ഡ്യൂറബിള്‍സ് വിപണി ആഗോളതലത്തില്‍ നാലാമതെത്തുമെന്ന് വ്യവസായ ബോഡി സിഐഐ. 2030 ഓടെ മേഖലയുടെ വിപണിമൂല്യം അഞ്ച് ലക്ഷം കോടിയിലെത്തുമെന്നാണ് കരുതപ്പെടുന്നത്.

ഈ ലക്ഷ്യം കൈവരിക്കുന്നതിന് രാജ്യത്തിന്റെ ഉല്‍പന്നങ്ങള്‍ ആഗോള വിശ്വാസ്യതയിലേക്ക് കുതിക്കേണ്ടതുണ്ട്. ഗുണനിലവാരമുള്ള ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുകയും ഈ മേഖലയില്‍ നിലവാരം പുലര്‍ത്തുകയും വേണം. ഉയര്‍ന്ന നിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യേണ്ടത് അനിവാര്യവുമാണെന്ന്

കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് ആന്‍ഡ് ഡ്യൂറബിള്‍സ് സംബന്ധിച്ച സിഐഐ നാഷണല്‍ കമ്മിറ്റി ചെയര്‍മാന്‍ ബി ത്യാഗരാജന്‍ പറഞ്ഞു. സിഐഐ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് & ഡ്യൂറബിള്‍സ് ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അടുത്ത ദശകം ഈ മേഖലയില്‍ മൂല്യ ശൃംഖലയിലുടനീളം നിരവധി അവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബ്ലൂ സ്റ്റാര്‍ ലിമിറ്റഡിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറും കൂടിയാണ് ത്യാഗരാജന്‍.

'ഇന്ത്യ ഇതിനകം തന്നെ ലോകത്ത് ഉപഭോക്തൃ ഉല്‍പ്പന്നങ്ങളുടെ ഏറ്റവും വേഗത്തില്‍ വളരുന്ന പ്രധാന വിപണിയാണ്. 2027 ഓടെ നാലാമത്തെ വലിയ വിപണിയായി മാറുമെന്ന് പ്രതീക്ഷിക്കുന്നു. 2030 സാമ്പത്തിക വര്‍ഷത്തോടെ വിപണി വലുപ്പം 5 ലക്ഷം കോടി രൂപയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.'ത്യാഗരാജന്‍ പറഞ്ഞു.

മത്സരശേഷി വര്‍ധിപ്പിക്കുന്നതിനും ഇന്ത്യയെ സ്വാശ്രയവും സാങ്കേതികമായി പുരോഗമിച്ചതുമായ ആഗോളവിദഗ്ധരുമായി മാറ്റുന്നതിനുള്ള പിഎല്‍ഐ പദ്ധതി ഉള്‍പ്പെടെ വിവിധ സംരംഭങ്ങളിലൂടെ ഈ മേഖലയ്ക്ക് സര്‍ക്കാര്‍ നല്‍കുന്ന പിന്തുണ അദ്ദേഹം ചടങ്ങില്‍ വിശദീകരിച്ചു.

'ജിഡിപിയുടെ 25 ശതമാനം രാജ്യത്തിന് സംഭാവന ചെയ്യുന്നതിനുള്ള ഉല്‍പ്പാദന ലക്ഷ്യം കൈവരിക്കുന്നതിനുള്ള പാതയിലാണ് ഞങ്ങള്‍. 500 ബില്യണ്‍ യുഎസ് ഡോളറിലധികം എഫ്ഡിഐയും 8.5 ലക്ഷത്തിലധികം തൊഴിലവസരങ്ങളും സൃഷ്ടിച്ചതോടെ മേഖലയിലെ പുരോഗതി നിഷേധിക്കാനാവാത്തതാണ്. ഉദാഹരണത്തിന്, എയര്‍ കണ്ടീഷനിംഗ് സെക്ടര്‍ 2040-ഓടെ ലോകത്തിലെ ഏറ്റവും വലിയ മേഖലയായി മാറുമെന്ന് പ്രതീക്ഷിക്കുന്നു,' ത്യാഗരാജന്‍ പറഞ്ഞു.

ഗുണനിലവാരത്തിന്റെ കാര്യത്തില്‍, ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ ആഗോള വിശ്വാസ്യതയിലേക്ക് കുതിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News