ആഗോള ക്ഷീര വിപണിയിലേക്ക് പാല്‍ ചുരത്തുന്ന ഇന്ത്യ

  • ഇന്ത്യാ ഗവണ്‍മെന്റും എന്‍ഡിഡിബിയും ഉല്‍പ്പാദന ക്ഷമത വര്‍ധിപ്പിക്കാന്‍ സംയുക്തമായി പ്രവര്‍ത്തിക്കുന്നു.
  • രാജ്യത്തിന്റെ ജിഡിപിയിലേക്ക് പാലുല്‍പ്പാദനം സംഭാവന ചെയ്യുന്നത് 45%
  • കൂടുതല്‍ സൗരോര്‍ജ്ജ-പുനരുപയോഗ ഊര്‍ജ സ്രോതസ്സുകള്‍ ഉപയോഗിക്കാനുള്ള ശ്രമത്തിലാണ് എന്‍ഡിഡിബി

Update: 2024-03-02 10:09 GMT

2030 ഓടെ ആഗോള ക്ഷീര ഉല്‍പ്പാദനത്തിന്റെ സിംഹഭാഗവും കയ്യടക്കാന്‍ ഇന്ത്യ. നിലവില്‍ ഉല്‍പ്പാനത്തില്‍ ഒന്നാം സ്ഥാനക്കാരായ ഇന്ത്യ ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കാന്‍ രാജ്യം കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ദേശീയ ക്ഷീരവികസന ബോര്‍ഡ് (എന്‍ഡിഡിബി) ചെയര്‍മാന്‍ മിനേഷ് ഷാ വ്യക്തമാക്കി. പ്രജനനം, പോഷണം, മൃഗങ്ങളുടെ ആരോഗ്യം എന്നിവയാണ് ലക്ഷ്യം കൈവരിക്കുന്നതിനുള്ള പ്രധാന മേഖലകളെന്നും അദ്ദേഹം പറഞ്ഞു.

നിലവില്‍ ആഗോള ഉല്‍പ്പാദനത്തിന്റെ 24 ശതമാനം ആണ് ഇന്ത്യയുടെ സംഭാവന. അതായത് ഏതാണ്ട് നാലിലൊന്ന്. ഇത് രാജ്യത്തിന്റെ ജിഡിപിയിലേക്ക് 45 ശതമാനം സംഭാവന ചെയ്യുന്നുണ്ട്. 2030 ഓടെ ആഗോള വിഹിതത്തിന്റെ 30 ശതമാനമായി ഉയര്‍ത്താനാണ് ഇന്ത്യ ലക്ഷ്യം വക്കുന്നത്. നിലവില്‍ പാലുല്‍പ്പാദനത്തില്‍ ഇന്ത്യയ്ക്ക് പുറകില്‍ രണ്ടാം സ്ഥാനത്തുള്ളത് അമേരിക്കയാണ്. മൂന്നാമതായി പാക്കിസ്ഥാനും. ചൈന, ബ്രസീല്‍ എന്നിവയാണ് തൊട്ടുപുറകേയുള്ള രാജ്യങ്ങള്‍.

ഇന്ത്യ ഏറ്റവും കൂടുതല്‍ പാല്‍ ഉല്‍പ്പാദിപ്പിക്കുന്ന രാജ്യമാണെങ്കിലും മൃഗങ്ങളുടെ ഉല്‍പ്പാദനക്ഷമ വര്‍ധിപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ വികസിത രാജ്യങ്ങളെ അപേക്ഷിച്ച്് കുറവാണ്. കഴിഞ്ഞ ആറ് വര്‍ഷമായി രാജ്യത്തെ പാലുല്‍പ്പാദനം പ്രതിവര്‍ഷം ആറ് ശതമാനം വളര്‍ച്ച നേടിയിട്ടുണ്ട്. അതേസമയം ആഗോള വളര്‍ച്ചാ നിരക്ക് രണ്ട് ശതമാനമാണ്.

അസമില്‍, ക്ഷീരമേഖലയുടെ സമഗ്രവികസനത്തിനായി പ്രവര്‍ത്തിക്കാന്‍ സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്ന് എന്‍ഡിഡിബി ഒരു സംയുക്ത സംരംഭ കമ്പനി രൂപീകരിച്ചിട്ടുണ്ടെന്ന് സൂചിപ്പിച്ച അദ്ദേഹം അടുത്ത ഏഴ് വര്‍ഷത്തിനുള്ളില്‍ പാല്‍ സംഭരണം വര്‍ധിപ്പിക്കാനും കൂടുതല്‍ കര്‍ഷകരെ സഹകരണ പ്രസ്ഥാനത്തിന് കീഴില്‍ കൊണ്ടുവരാനുമാണ് പദ്ധതിയെന്നും പറഞ്ഞു.

അസമിലെ വെസ്റ്റ് അസം മില്‍ക്ക് പ്രൊഡ്യൂസേഴ്‌സ് കോ ഓപ്പറേറ്റീവ് സൊസൈറ്റി (വാമുല്‍)യുടെ സ്ഥാപിത ശേഷി പുതിയ പ്ലാന്റ് യാഥാര്‍ത്ഥ്യമാകുന്നതോടെ വര്‍ധിക്കുമെന്നാണ് വാമുലിന്റെ ചെയര്‍മാന്‍ കൂടിയായ ഷാ പറയുന്നത്. വാമുലിന്റെ ജനപ്രിയ ബ്രാന്‍ഡാണ് പുരബി.


Tags:    

Similar News