ലക്ഷദ്വീപ് നിവാസികള്‍ക്ക് ഇനി മുതല്‍ അതിവേഗ ഇന്റര്‍നെറ്റ്
- കൊച്ചി - ലക്ഷദ്വീപ് സബ്മറൈന്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ കണക്ഷന്‍ പദ്ധതി വഴിയാണ് അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാകുന്നത്.
- ഇന്റര്‍നെറ്റ് വേഗത 1.7 ജിബിപിഎസില്‍ നിന്നും 200 ജിബിപിഎസിലേക്ക് വര്‍ധിക്കും
ലക്ഷദ്വീപ് നിവാസികള്‍ക്ക് ഇനി മുതല്‍ അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമായി തുടങ്ങും. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തെ കടലിനടിയിലൂടെയുള്ള ഒപ്റ്റിക് ഫൈബര്‍ കേബിള്‍ വഴി ലക്ഷദ്വീപുമായി ബന്ധിപ്പിക്കുന്നകൊച്ചി - ലക്ഷദ്വീപ് സബ്മറൈന്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ കണക്ഷന്‍ പദ്ധതി വഴിയാണ് ദ്വീപ് നിവാസികള്‍ക്ക് അതിവേഗ ഇന്റര്‍നെറ്റ് ലഭിക്കുന്നത്.
ജനുവരി മൂന്നിന് കോരളത്തിലെത്തുന്ന പ്രധാനമന്ത്രി ലക്ഷദ്വീപും സന്ദര്‍ശിക്കും. സന്ദര്‍ശന വേളയില്‍ 1150 കോടിയിലധികം രൂപയുടെ വികസന പദ്ധതികള്‍ക്ക് തറക്കല്ലിടുകയും കൂടാതെ സമുദ്രാനന്തര ഒപ്റ്റിക്കല്‍ ഫൈബര്‍ കണക്ഷന്‍ പദ്ധതി ഉദ്ഘാടനം ചെയ്യുകയും ചെയ്യും.
2020 ഓഗസ്റ്റില്‍ ചെങ്കോട്ടയില്‍ നടന്ന സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ ലക്ഷദ്വീപ് സമൂഹത്തിലെ ഇന്റര്‍നെറ്റിന്റെ വേഗതയില്ലായ്മക്ക് പരിഹാരം കാണാൻ പ്രധാനമന്ത്രി തീരുമാനിക്കുകയും, കൊച്ചി-ലക്ഷദ്വീപ് സബ്മറൈന്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ കണക്ഷന്‍ പദ്ധതിക്ക് തുടക്കമിട്ടുകൊണ്ട് പ്രഖ്യാപനം നടത്തുകയും ചെയ്തിരുന്നു.
പദ്ധതി ഉദ്ഘാടനം ചെയ്യുന്നതോടെ നിലവില്‍ ദ്വീപില്‍ ലഭിക്കുന്ന ഇന്റര്‍നെറ്റ് വേഗത 100 മടങ്ങില്‍ കൂടുതല്‍ വര്‍ധിപ്പിക്കും. ഇതോടെ ലക്ഷദ്വീപിലെ ഇന്റര്‍നെറ്റ് വേഗത 1.7 ജിബിപിഎസില്‍ നിന്നും 200 ജിബിപിഎസിലേക്ക് വര്‍ധിക്കും.
കൂടാതെ കുറഞ്ഞ താപനിലയില്‍ സമുദ്രജലത്തിലെ ഉപ്പ് വേര്‍തിരിച്ച് കുടിവെള്ളമാക്കുന്നതിന് സഹായിക്കുന്ന എല്‍ടിടിഡി നിലയവും, അഗത്തി, മിനിക്കോയ് ദ്വീപുകളിലെ എല്ലാ വീടുകളിലേക്കുമുളള കുടിവെള്ള പൈപ്പ് കണക്ഷനുകളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.