ഏഷ്യന്‍ പെയിന്റ്‌സിന് പുതിയ വെല്ലുവിളി; വിലകുറച്ച് പുതിയ ബ്രാന്‍ഡ് ഓപസ്

  • ഏഷ്യന്‍ പെയിന്റിസിനേക്കാള്‍ ആറ് ശതമാനം വിലക്കുറവ്
  • ഇന്ത്യന്‍ അലങ്കാര പെയിന്റ്സ് വിപണി 80,000 കോടിരൂപയുടേത്
  • പ്രതിവര്‍ഷം 1,332 ദശലക്ഷം ലിറ്റര്‍ ശേഷി ഓപസ് ലക്ഷ്യമിടുന്നു

Update: 2024-03-19 10:18 GMT

ഗ്രാസിം ഇന്‍ഡസ്ട്രീസ് അതിന്റെ പുതിയ പെയിന്റ് ബ്രാന്‍ഡായ ബിര്‍ള ഓപസ് വിലകുറച്ച് വിപണിയിലിറക്കി. നിലവില്‍ വിപണിയില്‍ മുന്നില്‍ നില്‍ക്കുന്ന ഏഷ്യന്‍ പെയിന്റ്‌സിനേക്കാള്‍ 5-6ശതമാനം വിലക്കുറവാണ് ഓപസിനുള്ളത്.

ഇന്റീരിയര്‍, എക്സ്റ്റീരിയര്‍, ഇനാമല്‍, വാട്ടര്‍പ്രൂഫിംഗ്, വുഡ് പ്രൈമര്‍ തുടങ്ങിയ വിഭാഗങ്ങളില്‍ ഈ കിഴിവ് ബാധകമാണ്.

ഫെബ്രുവരിയിലാണ് ഗ്രാസിം ഇന്‍ഡസ്ട്രീസ് ഓപസ് ആരംഭിച്ചത്. മൂന്ന് വര്‍ഷത്തിനുള്ളില്‍ മൊത്ത വരുമാനത്തില്‍ 10,000 കോടി രൂപ എത്തിയാല്‍ പുതിയ ബിസിനസ് ലാഭകരമാകുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു. ഏഷ്യന്‍ പെയിന്റ്സിന്റെ ആധിപത്യമുള്ള 80,000 കോടി രൂപയുടെ ഇന്ത്യന്‍ അലങ്കാര പെയിന്റ്സ് വിപണിയിലെ രണ്ടാമത്തെ വലിയ കമ്പനിയാകാനാണ് ഓപസ് ലക്ഷ്യമിടുന്നത്.ബിസിനസിനായി 10,000 കോടി രൂപയുടെ നിക്ഷേപമാണ് ആദിത്യ ബിര്‍ള ഗ്രൂപ്പ് നടത്തിയത്.

'ഇന്ന് ഇന്ത്യ ചലനാത്മകമാണ്. പുതുമകളോടുള്ള അഊഭിനിവേശം എവിടെയും കാണാം. അത് ഞങ്ങളുടെ പെയിന്റ് സംരംഭമായ ബിര്‍ള ഓപസില്‍ പ്രതിഫലിക്കുന്നു',ബ്രാന്‍ഡ് ലോഞ്ചിംഗ് വേളയില്‍ ആദിത്യ ബിര്‍ള ഗ്രൂപ്പ് ചെയര്‍മാന്‍ കുമാര്‍ മംഗളം ബിര്‍ള പറഞ്ഞു.

നിലവിലെ ശേഷിയുടെ 40 ശതമാനം അധികമായി പെയിന്റ് വ്യവസായത്തെ മാറ്റിമറിക്കാന്‍ ബിര്‍ള ഓപസ് ഒരുങ്ങുകയാണ്, ബിര്‍ള പറഞ്ഞു. 'പ്രതിവര്‍ഷം 1,332 ദശലക്ഷം ലിറ്റര്‍ ശേഷിയാണ് കമ്പനി ലക്ഷ്യമിടുന്നത്. രണ്ടാമത്തെയും മൂന്നാമത്തെയും നാലാമത്തെയും കമ്പനികളെ സംയോജിപ്പിച്ചതിനേക്കാള്‍ വലുതാണിത്. കൂടാതെ, വരുന്ന അഞ്ച് വര്‍ഷത്തിനുള്ളില്‍ ഞങ്ങളുടെ ശേഷി 500 ദശലക്ഷംലിറ്റര്‍ വര്‍ധിപ്പിക്കും' അദ്ദേഹം പറഞ്ഞു.

അടുത്ത സാമ്പത്തിക വര്‍ഷാവസാനത്തോടെ ഉയര്‍ന്ന ഒറ്റ അക്കത്തിന്റെ റവന്യൂ വിപണി വിഹിതം കൈവരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. വൈറ്റ് സിമന്റ് ബിസിനസില്‍ നിലവിലുള്ള ഡീലര്‍ ശൃംഖല പ്രയോജനപ്പെടുത്തി വിതരണ ശൃംഖല സൃഷ്ടിക്കാനും ഇത് ലക്ഷ്യമിടുന്നു. ഈ വര്‍ഷം ജൂലൈയോടെ 100,000 ജനസംഖ്യയുള്ള എല്ലാ പട്ടണങ്ങളിലേക്കും വിതരണം വ്യാപിപ്പിക്കും. 2025 സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ 6,000 പട്ടണങ്ങളിലേക്ക് വ്യാപിപ്പിക്കാനും ഗ്രാസിം ഇന്‍ഡസ്ട്രീസ് ലക്ഷ്യമിടുന്നു.

Tags:    

Similar News