സംശയാസ്പദമായ ഇടപാടുകള്‍; 70 ലക്ഷം മൊബൈല്‍ നമ്പറുകള്‍ റദ്ദാക്കി
- യുകോ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നിവ സമീപകാലത്ത് ഡിജിറ്റല്‍ തട്ടിപ്പുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
- ഐഎംപിഎസ് എന്നത് യാതൊരു ഇടപെടലും കൂടാതെ ഒരു തത്സമയ ഇന്റര്‍ബാങ്ക് ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍ സംവിധാനമാണ്.
ഡിജിറ്റല്‍ തട്ടിപ്പുകള്‍ തടയുന്നതിനായി സംശയാസ്പദമായ ഇടുപാടുകളുടെ അടിസ്ഥാനത്തില്‍ 70 ലക്ഷം മൊബൈല്‍ നമ്പറുകള്‍ സര്‍ക്കാര്‍ റദ്ദാക്കി. ഡിജിറ്റല്‍ പേയ്‌മെന്റ് തട്ടിപ്പ് വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ സാമ്പത്തിക സൈബര്‍ സുരക്ഷ ഉറപ്പാക്കുന്നതിനാണ് ഈ നീക്കമെന്ന് ധനകാര്യ സെക്രട്ടറി വിവേക് ജോഷി പറഞ്ഞു. ഇക്കാര്യത്തില്‍ സുരക്ഷാ സംവിധാനവും പ്രക്രിയകളും ശക്തിപ്പെടുത്താന്‍ ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. സൈബര്‍ സുരക്ഷയുമായി ബന്ധപ്പെട്ട യോഗത്തിലാണ് ഈ തീരുമാനം. അടുത്ത യോഗം ജനുവരിയിലാണ്.
ആധാര്‍ എനേബിള്‍ഡ് പേയ്മെന്റ് സിസ്റ്റം (എഇപിഎസ്) തട്ടിപ്പുമായി ബന്ധപ്പെട്ട്, പ്രശ്‌നം പരിശോധിച്ച് ഡാറ്റാ പരിരക്ഷ ഉറപ്പാക്കാന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും, വ്യാപാരികളുടെ കെവൈസി മാനദണ്ഡമാക്കുന്നത് സംബന്ധിച്ച് ചര്‍ച്ച നടന്നതായും അദ്ദേഹം പറഞ്ഞു.
സൈബര്‍ തട്ടിപ്പ് തടയുന്നതിന് വിവിധ ഏജന്‍സികള്‍ക്കിടയില്‍ മികച്ച ഏകോപനം എങ്ങനെ ഉറപ്പാക്കാമെന്നും ഫിനാന്‍ഷ്യല്‍ സര്‍വീസസ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ചര്‍ച്ച ചെയ്തു. ഉപഭോക്താക്കളെ ഇത്തരം ചതികളില്‍ നിന്ന് സംരക്ഷിക്കുന്നതിന് സമൂഹത്തില്‍ സൈബര്‍ തട്ടിപ്പിനെ കുറിച്ച് അവബോധം സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകത ജോഷി ചൂണ്ടിക്കാട്ടി.
യോഗത്തില്‍, ഇന്ത്യന്‍ സൈബര്‍ ക്രൈം കോ-ഓര്‍ഡിനേഷന്‍ സെന്റര്‍ നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിംഗ് പോര്‍ട്ടലില്‍ (NCRP) റിപ്പോര്‍ട്ട് ചെയ്ത ഡിജിറ്റല്‍ പേയ്മെന്റ് തട്ടിപ്പുകളുടെ ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകള്‍ അവതരിപ്പിച്ചു.
സാമ്പത്തിക കാര്യ വകുപ്പ്, റവന്യൂ വകുപ്പ്, ടെലികോം വകുപ്പ്, ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം (MeitY), ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ, നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ എന്നിവയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.
യുകോ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നിവയില്‍ സമീപകാലത്ത് ഡിജിറ്റല്‍ തട്ടിപ്പുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇമ്മീഡിയറ്റ് പേയ്മെന്റ് സര്‍വീസ് (ഐഎംപിഎസ്) വഴി യൂകോ ബാങ്കിന്റെ അക്കൗണ്ട് ഉടമകള്‍ക്ക് 820 കോടി രൂപയുടെ തെറ്റായ ക്രെഡിറ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഐഎംപിഎസിലെ സാങ്കേതിക പ്രശ്നങ്ങള്‍ കാരണം, മറ്റ് ബാങ്കുകളുടെ ഉടമകള്‍ ആരംഭിച്ച ചില ഇടപാടുകളുടെ പണം യുകോ ബാങ്കിലെ അക്കൗണ്ട് ഉടമകള്‍ക്ക് ക്രെഡിറ്റ് ചെയ്തതായി ബാങ്ക് നിരീക്ഷിച്ചു. ഐഎംപിഎസ് എന്നത് യാതൊരു ഇടപെടലും കൂടാതെ ഒരു തത്സമയ ഇന്റര്‍ബാങ്ക് ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍ സംവിധാനമാണ്. ബാങ്ക് സ്വീകര്‍ത്താക്കളുടെ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യുകയും 820 കോടി രൂപയില്‍ 649 കോടി രൂപ വീണ്ടെടുത്തു. അതായത് തുകയുടെ 79 ശതമാനം.
ഈ സാങ്കേതിക തകരാര്‍ മനുഷ്യന്റെ പിഴവ് മൂലമാണോ അതോ ഹാക്കിംഗ് ശ്രമമാണോ എന്ന് ബാങ്ക് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. എന്നിരുന്നാലും, ആവശ്യമായ നടപടികള്‍ക്കായി ബാങ്ക് ഇക്കാര്യം നിയമ നിര്‍വ്വഹണ ഏജന്‍സികള്‍ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.