ഗോതമ്പ് വിതരണം ആരംഭിക്കണമെന്ന് സര്‍ക്കാരിനോട് മില്ലുടമകള്‍

  • ഉത്സവ സീസണില്‍ ഗോതമ്പ് വില വര്‍ധിക്കാന്‍ സാധ്യത
  • മൊത്തത്തിലുള്ള വിതരണ സ്ഥിതി കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മോശമാണെന്ന് വിലയിരുത്തല്‍
  • 40% ഗോതമ്പ് ഇറക്കുമതി നികുതി നീക്കം ചെയ്യണമെന്നും വ്യാപാരികള്‍

Update: 2024-08-22 05:59 GMT

ഉത്സവ സീസണില്‍ ചപ്പാത്തിക്ക് വിലയേറുമോ? കാര്യങ്ങളുടെ പോക്ക് ഈ രീതിയില്‍ ആണെങ്കില്‍ അത് സംഭവിക്കും. കാരണം ഇപ്പോള്‍ ഇന്ത്യയിലെ ഗോതമ്പ് വില ഒമ്പത് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയിരിക്കുന്നു. ഇനിയും സര്‍ക്കാര്‍ അവരുടെ വെയര്‍ഹൗസുകളില്‍ നിന്ന് സ്റ്റോക്കുകള്‍ പുറത്തിറക്കിയില്ലെങ്കില്‍ ഉത്സവ സീസണില്‍ ഗോതമ്പ് വില ഇനിയും കുത്തനെ ഉയരുമെന്ന് വ്യവസായ വൃത്തങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഗോതമ്പ് വിതരണം കണക്കനുസരിച്ച് ദിനംപ്രതി കുറയുകയാണ്. മൊത്തത്തിലുള്ള വിതരണ സ്ഥിതി കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മോശമാണെന്നാണ് വിലയിരുത്തല്‍. ഇക്കാരണത്താലാണ് സര്‍ക്കാര്‍ ഉടന്‍ കരുതല്‍ ശേഖരത്തില്‍നിന്ന് ഗോതമ്പ് വതരണം ചെയ്യണം എന്ന് വ്യാപാരികള്‍ പറയുന്നത്.

ഗോതമ്പ് വില ഒരു മെട്രിക് ടണ്ണിന് 28,000 രൂപയില്‍ (334 ഡോളര്‍) എത്തി. ഇത് ഏപ്രിലില്‍ 24,000 രൂപആയിരുന്നു. കഴിഞ്ഞ വര്‍ഷം ജൂണില്‍ സര്‍ക്കാര്‍ അതിന്റെ കരുതല്‍ ശേഖരത്തില്‍ നിന്ന് ഗോതമ്പ് വില്‍ക്കാന്‍ തുടങ്ങിയിരുന്നു. 2023 ജൂണിനും 2024 മാര്‍ച്ചിനും ഇടയില്‍ സ്റ്റോക്കുകളില്‍ നിന്ന് ഏകദേശം 10 ദശലക്ഷം മെട്രിക് ടണ്‍ വിറ്റിരുന്നു. ഇത് റെക്കാര്‍ഡാണ്.

മാവ് ഉപയോഗിക്കുന്ന മില്ലര്‍മാര്‍, ബിസ്‌ക്കറ്റ് നിര്‍മ്മാതാക്കള്‍ തുടങ്ങിയ മൊത്തമായി വാങ്ങുന്നവരെ അത് താങ്ങാനാവുന്ന വിലയില്‍ പ്രധാന സാധനങ്ങള്‍ സുരക്ഷിതമാക്കാന്‍ സഹായിച്ചു.

ജൂലായ് മുതല്‍ സംസ്ഥാന കരുതല്‍ ശേഖരത്തില്‍ നിന്ന് ഗോതമ്പ് ബള്‍ക്ക് ഉപഭോക്താക്കള്‍ക്ക് വില്‍ക്കാന്‍ സര്‍ക്കാര്‍ ആദ്യം പദ്ധതിയിട്ടിരുന്നു. എന്നാല്‍ ഇത് വൈകുകയും അതിന്റെ പദ്ധതികളില്‍ തുടര്‍ന്നുള്ള അപ്ഡേറ്റ് പിന്നീട് ഉണ്ടാവുകയും ചെയ്തിട്ടില്ല.

ഓസ്ട്രേലിയ, റഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതി സുഗമമാക്കുന്നതിന് 40% ഗോതമ്പ് ഇറക്കുമതി നികുതി നീക്കം ചെയ്യണമെന്നും മില്ലര്‍മാര്‍ ആവശ്യപ്പെടുന്നു. മൂന്ന് വര്‍ഷത്തെ നിരാശാജനകമായ വിളകളെത്തുടര്‍ന്ന് കുതിച്ചുയരുന്ന വില പിടിച്ചുനിര്‍ത്താനും കുറഞ്ഞുപോയ കരുതല്‍ ശേഖരം നികത്താനും ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യ ഗോതമ്പ് ഇറക്കുമതി ആരംഭിക്കാന്‍ ഒരുങ്ങുന്നതായി ഈ വര്‍ഷമാദ്യം റിപ്പോര്‍ട്ടുണ്ടായിരുന്നു.

ദസറ, ദീപാവലി എന്നിവ ആഘോഷിക്കുന്ന ഒക്ടോബര്‍ , നവംബര്‍ മാസങ്ങളില്‍ ഗോതമ്പിന്റെ ആവശ്യകത ഉയരും. അടുത്ത വിള ഏപ്രിലില്‍ ആരംഭിക്കുന്നത് വരെ വിപണി ഇടപെടലിനായി പരിമിതമായ സ്റ്റോക്ക് മാത്രം ഉള്ളതിനാലാണ് സര്‍ക്കാര്‍ ഗോതമ്പ് വില്‍പ്പന വൈകിപ്പിക്കുന്നതെന്ന് ഡീലര്‍മാര്‍ പറയുന്നു.

ഓഗസ്റ്റ് ഒന്നിന് ഇന്ത്യയിലെ സര്‍ക്കാര്‍ വെയര്‍ഹൗസുകളിലെ ഗോതമ്പ് സ്റ്റോക്ക് 26.8 ദശലക്ഷം ടണ്‍ ആയിരുന്നു, ഒരു വര്‍ഷം മുമ്പുള്ളതിനേക്കാള്‍ 4.4% കുറഞ്ഞു. ഈ വര്‍ഷത്തെ വിളവ് പോലും സര്‍ക്കാര്‍ കണക്കാക്കിയ 112 ദശലക്ഷം മെട്രിക് ടണ്ണിനേക്കാള്‍ 6.25% കുറവാണ്.

Tags:    

Similar News