മോദി സര്‍ക്കാര്‍ സമ്പദ് വ്യവസ്ഥയെ മുന്നോട്ട് നയിച്ചെന്ന് ധനമന്ത്രി
- പ്രതിശീര്‍ഷ വരുമാനം ഇപ്പോള്‍ 115,746 രൂപയായി ഉയര്‍ന്നു
- 3.5 കോടി ജനതയെ ദാരിദ്രത്തില്‍ നിന്ന് കരകയറ്റി
- രൂപ താരതമ്യേന സ്ഥിരതയുള്ളതായി
രാജ്യത്തെ തൊഴിലില്ലായ്മ വളര്‍ച്ച പെരുപ്പിച്ച് കാണിക്കാന്‍ കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര ധനകാര്യ മന്ത്രി പി ചിദംബരം ശ്രമം നടത്തുകയാണെന്ന ആരോപണവുമായി കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമന്‍. രാജ്യസഭയില്‍ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ചര്‍ച്ചയ്ക്ക് മറുപടി പറയവെ, തൊഴിലില്ലായ്മ വളര്‍ച്ച കാണിക്കാനുള്ള വിചിത്രമായ കണക്കുകൂട്ടലുകളാണ് മുന്‍ ധനമന്ത്രി പി ചിദംബരം നടത്തുന്നതെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
മോദി സര്‍ക്കാരിന്റെ കീഴില്‍ തൊഴിലാളി ജനസംഖ്യാ അനുപാതം വര്‍ദ്ധിച്ചുവെന്നും, മുദ്ര വായ്പ പോലുള്ള പദ്ധതികള്‍ സ്വയം തൊഴില്‍ സൃഷ്ടിച്ചതായും, 13.5 കോടി ജനതയെ ദാരിദ്രത്തില്‍ നിന്ന് കരകയറ്റിയതായും നിര്‍മല സീതാരാമന്‍ പറഞ്ഞു. വന്‍കിട കമ്പനികളുടെ ലാഭവും തത്ഫലമായുണ്ടാകുന്ന നികുതികളും നേടുന്ന സംസ്ഥാനം തമിഴ്‌നാട് മാത്രമല്ല. നിരവധി സംസ്ഥാനങ്ങള്‍ ഇത്തരത്തിലുണ്ട്. ഇത് രാജ്യത്തുടനീളം നടത്തുന്ന വില്‍പ്പനയുടെ പ്രതിഫലമാണ്.
അതിനാല്‍ നികുതിയില്‍ കൂടുതല്‍ സംഭാവന നല്‍കുന്നുവെന്നും എന്നാല്‍ അത്ര വലിയ കോര്‍പ്പറേറ്റുകളില്ലാത്ത ഉത്തരേന്ത്യയിലെ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുറഞ്ഞ വിഹിതം നേടുന്നുവെന്നു പറയുന്നത് തെറ്റാണെന്നും നിര്‍മല ചൂണ്ടിക്കാട്ടി.
ആഗോള തലത്തില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നപ്പോള്‍ മോദി സര്‍ക്കാര്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ മുന്നോട്ട് നയിച്ചെന്നും അവര്‍ പറഞ്ഞു. ഈ വര്‍ഷം ഡോളറിനെതിരെ വെറും 1 ശതമാനം ഇടിവോടെ രൂപ താരതമ്യേന സ്ഥിരതയുള്ളതായി കാണുന്ന റിപ്പോര്‍ട്ടും മന്ത്രി പാര്‍ലമെന്റില്‍ ഉദ്ധരിച്ചു.
2014-15 മുതല്‍ 2023-24 വരെയുള്ള കാലയളവില്‍ വിലക്കയറ്റത്തിന്റെ ശരാശരി നിരക്ക് 5.5 ശതമാനമാണെന്നും 2022 ഏപ്രിലില്‍ പണപ്പെരുപ്പം 7.79 ശതമാനത്തിലെത്തിയെന്നും അവര്‍ പറഞ്ഞു. താരതമ്യപ്പെടുത്തുമ്പോള്‍, 2004 മുതല്‍ 2014 വരെയുള്ള കാലയളവിലെ ശരാശരി പണപ്പെരുപ്പം 8.1 ശതമാനവും 2009 മുതല്‍ 2014 വരെയുള്ള കാലയളവില്‍ 10.4 ശതമാനവുമായിരുന്നു.
'ഇന്ത്യയില്‍ പ്രതിശീര്‍ഷ വരുമാനം 2013-14ല്‍ 78,348 രൂപയായിരുന്നത് ഇപ്പോള്‍ 115,746 രൂപയായി ഉയര്‍ന്നു. ഡോളറിന്റെ അടിസ്ഥാനത്തില്‍, പ്രതിശീര്‍ഷ വരുമാനം 2022-23ല്‍ 1,438 ഡോളറില്‍ നിന്ന് 2,389 ഡോളറായി ഉയര്‍ന്നു,' നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.