ഈ ഗ്യാസ് ഉപയോഗിച്ചാൽ പാചക ചെലവ് വർഷം 6000 രൂപ ലാഭിക്കാം
നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധന തുടര്‍ക്കഥയാകുമ്പോൾ അടുക്കള ഇന്ന് ശരാശരി വീട്ടമ്മമാരുടെ പേടി സ്വപ്നമായി മാറുന്നു. പാചക വാതകത്തിൻറെ അടിക്കടിയുള്ള വിലക്കയറ്റം അടുക്കള ബജറ്റില്‍ വലിയ മാറ്റമുണ്ടാക്കുന്നുണ്ട്. ഈ മാസം 50 രൂപയാണ് എൽപിജിക്ക് വർദ്ധിച്ചത്. നിലവിൽ 1006.50 രൂപയാണ് കൊച്ചിയിൽ സിലണ്ടർ വില. ഭൂരിഭാഗം വീടുകളിലും ഫ്‌ളാറ്റുകളിലും വിറകടുപ്പുകള്‍ക്ക് പ്രായോഗിക പ്രശ്‌നമുണ്ട്. അതുകൊണ്ട് തന്നെ ഗ്യാസിന് അടിക്കടിയുണ്ടാകുന്ന വിലവര്‍ധനവിന് കീഴടങ്ങുകയേ നിവൃത്തിയുള്ളു. ഈ സാഹചര്യത്തിലാണ് തീരെ വിലക്കുറവിൽ പാചക ആവശ്യത്തിന് ഉതകുന്ന സിറ്റി ഗ്യാസിൻറെ പൈപ്പ് […]
നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധന തുടര്‍ക്കഥയാകുമ്പോൾ അടുക്കള ഇന്ന് ശരാശരി വീട്ടമ്മമാരുടെ പേടി സ്വപ്നമായി മാറുന്നു. പാചക വാതകത്തിൻറെ അടിക്കടിയുള്ള വിലക്കയറ്റം അടുക്കള ബജറ്റില്‍ വലിയ മാറ്റമുണ്ടാക്കുന്നുണ്ട്. ഈ മാസം 50 രൂപയാണ് എൽപിജിക്ക് വർദ്ധിച്ചത്. നിലവിൽ 1006.50 രൂപയാണ് കൊച്ചിയിൽ സിലണ്ടർ വില. ഭൂരിഭാഗം വീടുകളിലും ഫ്‌ളാറ്റുകളിലും വിറകടുപ്പുകള്‍ക്ക് പ്രായോഗിക പ്രശ്‌നമുണ്ട്. അതുകൊണ്ട് തന്നെ ഗ്യാസിന് അടിക്കടിയുണ്ടാകുന്ന വിലവര്‍ധനവിന് കീഴടങ്ങുകയേ നിവൃത്തിയുള്ളു. ഈ സാഹചര്യത്തിലാണ് തീരെ വിലക്കുറവിൽ പാചക ആവശ്യത്തിന് ഉതകുന്ന സിറ്റി ഗ്യാസിൻറെ പൈപ്പ് നാച്ചുറല്‍ ഗ്യാസ് (പി.എന്‍.ജി) പ്രസക്തമാകുന്നത്. നിലവിലെ പാചക ബില്ലില്‍ വലിയ കുറവ് വരുത്താന്‍ ഉതുകുന്ന സിറ്റി ഗ്യാസ് പദ്ധതി പക്ഷെ, മുടങ്ങി കിടക്കുകയാണ്. കേരളത്തിലെ വീട്ടകങ്ങളിലേക്ക് ഉടന്‍ എത്തുമെന്ന് കൊട്ടിഘോഷിക്കപ്പെട്ടിരുന്നെങ്കിലും ഇപ്പോഴും എറണാകളം നഗരത്തില്‍ രണ്ട് മുന്‍സിപ്പാലിറ്റികളിലായി 3761 കണക്ഷനുകളിൽ ഇത് ഒതുങ്ങുന്നു. കാര്യങ്ങള്‍ എന്തുതന്നെയാണെങ്കിലും പാചക ബിൽ പകുതിയോളം കുറയ്ക്കാൻ പൈപ്പ് ഗ്യാസിനാകും എന്നതാണ് ഇതിൻറെ ഉപഭോക്താക്കൾ പറുയന്നത്.
പകുതി വിലക്ക് പി.എന്‍.ജി
നിലവില്‍ ഗ്യാസ് സിലണ്ടറിന് 1006.50 രൂപയാണ് ചെലവ്. ഒരു മാസം ഒരു സിലണ്ടർ ഉപയോഗിക്കുന്ന കുടുംബത്തിന് ഏകദേശം 500 രൂപയുടെ പിഎന്‍ജി മതിയാകുമെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍-അദാനി സിറ്റി ഗ്യാസ് പദ്ധതിയുടെ പ്രൊജക്ട് മാനേജർ അജയ് പിള്ള പറയുന്നു.
" നാല് പേരടങ്ങുന്ന കുടുംബം ഒരു മാസം 500 രൂപയുടെ പിഎന്‍ജി ഉപയോഗിക്കുന്നതായാണ് ശരാശരി കണക്ക്. ചെറിയ വ്യത്യാസങ്ങളുണ്ടാകാം. എന്നിരുന്നാലും ഗ്യാസ് സിലണ്ടറിനെ അപേക്ഷിച്ച് പിഎന്‍ജി ഉപയോഗിക്കുന്നവര്‍ക്ക് പ്രതിമാസം 500 രൂപയുടെ എങ്കിലും ലാഭം ഉണ്ടാകുന്നു. അതായത് വര്‍ഷം ഗ്യാസ് ചെലിവില്‍ തന്നെ 6000 രൂപ ലാഭം. കുടുംബ ബജറ്റില്‍ ഇത് ഗണ്യമായ മാറ്റം വരുത്തും. ഈ പദ്ധതി കേരളം മുഴുവന്‍ നടപ്പാക്കുന്നതിന് നടപടികളുണ്ടാകണം" അദ്ദേഹം പറഞ്ഞു.
പൈപ്പ് ലൈന്‍ ഗ്യാസ് ഗുണങ്ങളേറെ
കളമശ്ശേരിയിലെ പ്ലാന്റിൽ നിന്ന് വാഹനങ്ങളിലെത്തിക്കുന്ന ദ്രവരൂപത്തിലുള്ള ഇന്ധനം പ്രധാന പ്ലാന്റിൽ വാതകമാക്കി മാറ്റി സംഭരിക്കും. തുടര്‍ന്ന് പൈപ്പ് ലൈനിലൂടെ വീടുകളിലേക്ക് വിതരണം ചെയ്യും. മീറ്റര്‍ അനുസരിച്ച് മാസാവസാനം പണം നല്‍കിയാല്‍ മതി. എല്‍പിജിയെ അപേക്ഷിച്ച് തീപിടിക്കാനുള്ള സാധ്യത കുറവാണ്. സിലണ്ടര്‍ മാറ്റേണ്ട ബുദ്ധിമുട്ടില്ല.
3200 കോടി രൂപയാണ് പദ്ധതിയുടെ നിര്‍മാണ ചെലവായി കണക്കാക്കുന്നത്. സാധാരണ ലഭിക്കുന്ന ഇന്ധനവാതകത്തേക്കാള്‍ 30 ശതമാനം വിലക്കുറവിലായിരിക്കും വാതകം ലഭിക്കുന്നത്. 24 മണിക്കും തടസമില്ലാതെ ലഭ്യമാകും.
" പൈപ്പ് ലൈന്‍ ഗ്യാസ് ഉപയോഗിച്ച് തുടങ്ങിയതോടെ മാസം ഏതാണ്ട് 400 രൂപയോളം ഗ്യാസിൻറെ തുകയിൽ കുറവ് വരുന്നുണ്ട്. എൽപിജി സിലണ്ടർ കഷ്ടിച്ച് ഒരു മാസം മാത്രമേ ഉപയോഗിക്കാൻ കഴിയൂ. 1000 രൂപയിലധികമാണ് ഇപ്പോള്‍ സിലണ്ടറിൻറെ വില. എന്നാല്‍ പൈപ്പ് ലൈൻ ഗ്യാസ് കൂടുതൽ സൊകര്യപ്രദമാണ്. മാസാമാസം സിലണ്ടർ മാറേണ്ട എന്ന ഗുണവുമുണ്ട്," കാക്കനാടുള്ള രേഖാ നായർ എന്ന വീട്ടമ്മ പറഞ്ഞു.
സിറ്റി ഗ്യാസ് പദ്ധതിയുടെ ഭാഗമായി ഗെയ്ല്‍ പ്രകൃതി വാതക പൈപ്പ് ലൈനിലൂടെ 11 ജില്ലകളില്‍ 2022 മാര്‍ച്ചോടെ ഗാര്‍ഹിക വ്യാവസായിക ആവശ്യങ്ങള്‍ക്കുള്ള 54,000 ഗ്യാസ് കണക്ഷനുകൾ നല്‍കാൻ കഴിയുമെന്നായിരുന്നു പ്രഖ്യാപനം. നിലവില്‍ 3,761 ഗാര്‍ഹിക കണക്ഷനുകൾ മാത്രമേ നല്‍കാൻ കഴിഞ്ഞിട്ടുള്ളൂ.
എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിൽ പ്രകൃതിവാതകം വിതരണം ചെയ്യുന്നതിന് ഇന്ത്യന്‍ ഓയിൽ അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികളെയാണ് പെട്രോളിയം ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് റെഗുലേറ്ററി ബോര്‍ഡ് ചുമതലപ്പെടുത്തിയിട്ടുള്ളത്. പ്രസ്തുത കമ്പനികൾക്ക് പ്രകൃതിവാതകം നല്‍കുവാനുള്ള സംവിധാനം എല്ലാ ജില്ലകളിലും ഗെയ്ൽ ഒരുക്കിയിട്ടുണ്ട്. വിതരണത്തിനായുള്ള പൈപ്പ് ലൈൻ ശൃംഖല സ്ഥാപിക്കേണ്ട ചുമതല ഇന്ത്യന്‍ ഓയിൽ അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡിനാണ്. നിലവില്‍ എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ 10 വീതവും മലപ്പുറത്ത് മൂന്നും കോഴിക്കോട് നാലും പാലക്കാടും കണ്ണൂരും ഒന്ന് വീതവും സിഎന്‍ജി സ്റ്റേഷനുകൾ പ്രവര്‍ത്തിക്കുന്നുണ്ട്. 2026-ഓടെ വിവിധ ജില്ലകളിലായി 615 സിഎന്‍ജി സ്റ്റേഷനുകൾ സ്ഥാപിക്കുവാനാണ് ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡ് ലക്ഷ്യമിടുന്നത്.
ഗെയ്ല്‍ പൈപ്പ് ലൈൻ കടന്നുപോകാത്ത തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ വാതക വിതരണ ഏജന്‍സിയായി അറ്റ്ലാൻറിക് ഗള്‍ഫ് ആന്‍ഡ് പസഫിക് എന്ന കമ്പനിയെയാണ് പെട്രോളിയം ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് റെഗുലേറ്ററി ബോര്‍ഡ് നിശ്ചയിച്ചിട്ടുള്ളത്. പദ്ധതി നടപ്പിലാക്കുവാനുള്ള പ്രാഥമിക നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. ഈ സാമ്പത്തിക വര്‍ഷം പെരുമ്പാവൂർ, നോര്‍ത്ത് പറവൂർ, വെല്ലിങ്ടണ്‍ ഐലന്‍ഡ്, മറൈന്‍ ഡ്രൈവ് തുടങ്ങിയ പ്രദേശങ്ങളിൽ സിഎന്‍ജി സ്റ്റേഷനുകൾ സ്ഥാപിക്കാനാണ് ഇന്ത്യൻ ഓയില്‍ അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ലക്ഷ്യം.
ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് പാചക ആവശ്യത്തിനുള്ള പ്രകൃതി വാതകം എത്തിക്കുകയാണ് സിറ്റി ഗ്യാസ് പദ്ധതിയുടെ ഉദ്ദേശം. പൈപ്പ് ലൈന്‍ വഴി പാചകവാതകം വീട്ടിലെത്തുന്ന ഈ പദ്ധതി ആദ്യം തുടങ്ങിയത് എറണാകുളത്താണ്. നിലവില്‍ കരിങ്ങാച്ചിറ കുണ്ടന്നൂർ മുതൽ ആലുവ വരെ സിറ്റി ഗ്യാസ് പൈപ്പ് ലൈന്‍ പൂര്‍ത്തിയായി. തദ്ദേശസ്ഥാപനങ്ങളുടെ നിസഹകരണമാണ് പ്രവര്‍ത്തികൾ മുടങ്ങിയതിന് പിന്നിലെന്ന് അജയ് പിള്ള പറഞ്ഞു.
"നിലവില്‍ തൃക്കാക്കര, കളമശ്ശേരി മുന്‍സിപാലിറ്റികളിൽ മാത്രമാണ് പദ്ധതി നടപ്പാക്കിയത്. തദ്ദേശസ്ഥാപനങ്ങള്‍ അനുമതി നല്‍കാത്തതുകൊണ്ടാണ് മറ്റ് സ്ഥലങ്ങളിൽ പദ്ധതി നടപ്പാക്കാൻ കഴിയാത്തത്. റോഡ് കുഴിച്ച് പൈപ്പിടാന്‍ തദ്ദേശ വാസികളിൽ നിന്ന് എതിര്‍പ്പുണ്ടാകുന്നു എന്ന കാരണം പറഞ്ഞാണ് മുന്‍സിപ്പാലിറ്റികളും പഞ്ചായത്തുകളും അനുമതി നിഷേധിക്കുന്നത്. എന്നാല്‍ പദ്ധതി നടപ്പാക്കിയ പ്രദേശങ്ങളില്‍ നിന്ന് ഇത്തരത്തിലൊരു പരാതിയും ഇതേ വരെ ഉയര്‍ന്ന് വന്നിട്ടില്ല. പൈപ്പിടാന്‍ കുഴിക്കുന്ന റോഡുകളെല്ലാം രണ്ടു ദിവസത്തിനകം തന്നെ പൂര്‍വ്വ സ്ഥിതിയിലാക്കുന്ന ഉത്തരവാദിത്വം ഞങ്ങള്‍ ഏറ്റെടുത്തിട്ടുണ്ട്. സിറ്റി ഗ്യാസിന് അനുമതി നിഷേധിക്കുന്നത് ജനദ്രോഹ നടപടിയാണ്," അദ്ദേഹം പറഞ്ഞു.
എന്നാല്‍ സിറ്റി ഗ്യാസ് ഉദ്യോഗസ്ഥരുടെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് കൊച്ചി കോര്‍പ്പറേഷൻ മേയര്‍ എം അനില്‍കുമാർ പറഞ്ഞു. “അവരുടെ ആരോപണം അടിസ്ഥന രഹിതമാണ്. കോര്‍പ്പറേഷൻ പദ്ധതിക്ക് പൂര്‍ണ്ണ പിന്‍തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്. ആവശ്യമായ രേഖകളുമായി കോര്‍പ്പറേഷനെ സമീപിച്ചാല്‍ അനുമതി നല്‍കാൻ ഞങ്ങൾ തയ്യാറാണ്. അനാവശ്യ വിവാദങ്ങളുണ്ടാക്കി പദ്ധതി വൈകിപ്പിക്കുന്നത് സിറ്റി ഗ്യാസ് തന്നെയാണ്," മേയര്‍ പറഞ്ഞു.