ടിഷ്യു കൾച്ചറിലെ വേറിട്ട കാഴ്ച, അതിർത്തി കടന്ന് പൈനാപ്പിൾ മധുരവും നേന്ത്രപ്പഴവും

ഒരു ചെടിയില്‍ നിന്ന് മറ്റനേകം ചെടികള്‍-അതും മാതൃ സസ്യത്തിന്റെ സ്വഭാവ സവിശേഷതകളോടെ. അതാണ് ടിഷ്യൂ കള്‍ച്ചര്‍. ഇന്ന് ഏറെ പ്രയോജനപ്പെടുന്ന കൃഷി രീതിയാണ് ഇത്. ഗുണമേന്മയുള്ള കൂടുതല്‍ ചെടികള്‍ ഉത്പാദിപ്പിക്കാനും നട്ടുപിടിപ്പിക്കാനും ഇതിലൂടെ സാധിക്കും. ഇത്തിരി കുഞ്ഞന്‍ തൈകളില്‍ നിന്ന് വളര്‍ന്നു പന്തലിക്കുകയാണ് കേരളത്തിൻറെ ടിഷ്യൂ കള്‍ച്ചര്‍ വിപണി. പച്ചക്കറികളും മറ്റും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരുമ്പോൾ നമ്മുടെ പൈനാപ്പിൾ, നേന്ത്ര വാഴ, ഏലം, കാപ്പി, കുരുമുളക് തൈകൾ തിരിച്ച് പോകുന്നു. എന്താണ് ടിഷ്യൂ കള്‍ച്ചർ? […]

Update: 2022-05-12 01:53 GMT
ഒരു ചെടിയില്‍ നിന്ന് മറ്റനേകം ചെടികള്‍-അതും മാതൃ സസ്യത്തിന്റെ സ്വഭാവ സവിശേഷതകളോടെ. അതാണ് ടിഷ്യൂ കള്‍ച്ചര്‍. ഇന്ന് ഏറെ പ്രയോജനപ്പെടുന്ന കൃഷി രീതിയാണ് ഇത്. ഗുണമേന്മയുള്ള കൂടുതല്‍ ചെടികള്‍ ഉത്പാദിപ്പിക്കാനും നട്ടുപിടിപ്പിക്കാനും ഇതിലൂടെ സാധിക്കും. ഇത്തിരി കുഞ്ഞന്‍ തൈകളില്‍ നിന്ന് വളര്‍ന്നു പന്തലിക്കുകയാണ് കേരളത്തിൻറെ ടിഷ്യൂ കള്‍ച്ചര്‍ വിപണി. പച്ചക്കറികളും മറ്റും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരുമ്പോൾ നമ്മുടെ പൈനാപ്പിൾ, നേന്ത്ര വാഴ, ഏലം, കാപ്പി, കുരുമുളക് തൈകൾ തിരിച്ച് പോകുന്നു.
എന്താണ് ടിഷ്യൂ കള്‍ച്ചർ?
മാതൃസസ്യത്തിന്റെ തനതുഗുണങ്ങള്‍ എല്ലാം തന്നെ അടങ്ങിയതും പ്രതിരോധ ശേഷി കൂടിയതുമായിരിക്കും പുതിയ സസ്യങ്ങല്‍. ഒരു ചെടിയുടെ കോശത്തില്‍ നിന്നോ മറ്റെതെങ്കിലും ഭാഗത്തു നിന്നോ കീടാണുവിമുക്ത അന്തരീക്ഷത്തില്‍ കൃത്രിമ മാധ്യമങ്ങളില്‍ വളര്‍ത്തിയെടുത്ത് പുതിയ ചെടികള്‍ ഉണ്ടാക്കുന്ന രീതിയാണ് ടിഷ്യു കള്‍ച്ചര്‍. കേരളത്തില്‍ വാഴ, ഏലം, പൈനാപ്പിള്‍, കുരുമുളക്, കച്ചോലം, ഓര്‍ക്കിഡുകള്‍, കാപ്പി, ചന്ദനം എന്നിവ ടിഷ്യൂകള്‍ച്ചറിലൂടെ വികസിപ്പിക്കുന്നുണ്ട്.
പൂത്തു തളിര്‍ത്ത് ടിഷ്യൂ പ്ലാന്റുകള്‍
കാര്‍ഷിക മേഖലയില്‍ ശ്രദ്ധയൂന്നുന്നതിന്റെ ഭാഗമായി ഇന്ത്യ ഉത്പന്നങ്ങള്‍ക്ക് വിപണി വിപുലീകരണമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ടിഷ്യു കള്‍ച്ചര്‍ പ്ലാന്റുകളുടെ കയറ്റുമതി പ്രോത്സാഹിപ്പിക്കുകയാണിപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍. അതിനായി അഗ്രികള്‍ച്ചറല്‍ ആന്‍ഡ് പ്രോസസ്ഡ് ഫുഡ് പ്രോഡക്റ്റ്‌സ് എക്‌സ്‌പോര്‍ട്ട് ഡെവലപ്‌മെന്റ് അതോറിറ്റി (അപേഡ) കഴിഞ്ഞ ദിവസം മുന്നോട്ട് വന്നിരുന്നു.
93 വാണിജ്യ അടിസ്ഥാനത്തിലുള്ള ടിഷ്യു കള്‍ച്ചര്‍ ഉത്പാദന കേന്ദ്രങ്ങളാണ് നാഷണല്‍ സെര്‍ട്ടിഫിക്കേഷന്‍ സിസ്റ്റം ഫോര്‍ ടിഷ്യൂ കള്‍ച്ചര്‍ റെയ്‌സ്ഡ് പ്ലാന്റ്‌സിന്റെ (എന്‍സിഎസ്-ടിസിപി) ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ബയോടെക്‌നോളജി വകുപ്പിന് കീഴില്‍ ഉള്ളത്.
എന്തുകൊണ്ട് കയറ്റുമതി?
ടിഷ്യൂ കള്‍ച്ചര്‍ പ്ലാന്റുകളുടെ കയറ്റുമതിയില്‍ ഇന്ത്യയ്ക്ക് ഗണ്യമായ സ്ഥാനമാണുള്ളത്. നിലവില്‍ നെതര്‍ലാന്‍ഡ്സ്, യുഎസ്, ഇറ്റലി, ഓസ്ട്രേലിയ, കാനഡ, ജപ്പാന്‍, കെനിയ, സെനഗല്‍, എത്യോപ്യ, നേപ്പാള്‍ എന്നീ രാജ്യങ്ങളാണ് ഇന്ത്യയില്‍ നിന്ന് ടിഷ്യൂകള്‍ച്ചര്‍ പ്ലാന്റുകള്‍ ഇറക്കുമതി ചെയ്യുന്ന പത്ത് രാജ്യങ്ങള്‍. ഈ രാജ്യങ്ങളില്‍ നിന്ന് വലിയ ഡിമാൻറ് ഉണ്ടാകുന്നുണ്ട്. പുതിയ ട്രെന്‍ഡുകളും മറ്റുമനുസരിച്ച് ടിഷ്യൂകള്‍ച്ചര്‍ ലബോറട്ടറികളെ ഈ വിപണിലേക്ക് എത്തിക്കിന്നതിനുള്ള മാര്‍ഗങ്ങളും അപേഡയുടെ പരിഗണനയിലാണ്.
2020-21ല്‍ ഇന്ത്യയുടെ ടിഷ്യു കള്‍ച്ചര്‍ പ്ലാന്റുകളുടെ കയറ്റുമതി 17.17 മില്യണ്‍ ഡോളറായിരുന്നു. ഇന്ത്യയുടെ ഏറ്റവും വലിയ കയറ്റുമതി ഗുണഭോക്താക്കള്‍ നെതര്‍ലന്‍ഡാണ്. കയറ്റുമതിയുടെ 50 ശതമാനവും നെതര്‍ലാന്‍ഡിലേക്കാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഉത്പ്പാദിപ്പിക്കുന്ന രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യാന്‍ കഴിയുന്ന പ്രത്യേക സസ്യങ്ങള്‍/വിളകള്‍ക്കുള്ള ജനിതക ദ്രവ്യത്തിന്റെ ഒരു ലിസ്റ്റ് നല്‍കാന്‍ കയറ്റുമതിക്കാരോട് അപേഡ ആവശ്യപ്പെട്ടിട്ടുണ്ട്.
വര്‍ധിച്ചുവരുന്ന വൈദ്യുതി ചെലവ്, ലബോറട്ടറികളിലെ മലിനീകരണ പ്രശ്‌നങ്ങള്‍, നടീല്‍ വസ്തുക്കളുടെ ഗതാഗതച്ചെലവ് എന്നിവയെല്ലാം ടിഷ്യു കള്‍ച്ചറിന് വെല്ലുവിളിയാണ്.
നമ്മുടെ രാജ്യത്ത് ലഭ്യമായ ടിഷ്യു കള്‍ച്ചര്‍ സസ്യങ്ങള്‍, വനസസ്യങ്ങള്‍, ചട്ടിയിലെ ചെടികള്‍, അലങ്കാര, ലാന്‍ഡ്‌സ്‌കേപ്പിംഗ് നടീല്‍ വസ്തുക്കള്‍ തുടങ്ങി വിവിധതരം സസ്യങ്ങള്‍ക്ക് വിദേശ വിപണികളില്‍ പ്രദര്‍ശനം സംഘടിപ്പിക്കണമെന്നാണ് കയറ്റുമതിക്കാരുടെ ആവശ്യം. ഇത് നടപ്പിലായാല്‍ കൂടുതല്‍ വിപണി സാധ്യതകള്‍ ഇന്ത്യയ്ക്ക് മുന്നില്‍ തുറക്കപ്പെടും. ഇത് പുതിയ പരീക്ഷണങ്ങള്‍ക്കും പുതിയ കാര്‍ഷ ഉത്പന്നങ്ങളിലേക്കും വ്യാപിപ്പിക്കാനാകും. പൊതുവെ ടിഷ്യൂ ചെയ്‌തെടുക്കാന്‍ ചെലവ് കൂടുതലായതാണ് ചുരുങ്ങി ഇനങ്ങളില്‍ മാത്രമായി ടിഷ്യൂ കള്‍ച്ചര്‍ ഒതുങ്ങാന്‍ കാരണം.
കേരളം മുന്നോട്ട്
മലബാര്‍ മേഖലയില്‍ ടിഷ്യൂ കള്‍ച്ചര്‍ പ്ലാന്റുകളുടെ വിതരണക്കാരില്‍ ചുങ്കത്തറ സഹകരണ ബാങ്ക് പ്രധാന പങ്ക് വഹിക്കുന്നുണ്ട്. മലപ്പുറം ജില്ലയിലെ നിലമ്പൂരില്‍ സ്ഥിതി ചെയ്യുന്ന ഈ ബാങ്കിന് പ്ലാന്റ് ടിഷ്യൂ കള്‍ച്ചര്‍ ഡിവിഷന്‍ സ്വന്തമായുണ്ട്. 'തനത് വിത്തിനങ്ങളില്‍ നിന്ന് മലബാറിലെ കര്‍ഷര്‍ ടിഷ്യൂ ഇനങ്ങള്‍ പരിചയിച്ചത് വരുന്നതേയുള്ളു. നേന്ത്രവാഴയ്ക്കാണ് ആവശ്യക്കാര്‍ ഏറെയുള്ളത്. അതോടൊപ്പം ഗ്രാന്‍ഡ് നയന്‍ എന്ന സിംഗപ്പൂര്‍ റോബസ്റ്റിനും പ്രിയമേറേയാണ്. കൃഷിവകുപ്പുവഴിയാണ് പ്രധാനമായും പ്ലാന്റുകള്‍ കര്‍ഷകരിലേക്കെത്തിക്കുന്നത്. മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലും നേന്ത്രവാഴയ്ക്കു തന്നെയാണ് ആവശ്യം.' ചുങ്കത്തറ സഹകരണ ബാങ്കിന്റെ ടിഷ്യൂ കള്‍ച്ചര്‍ വിഭാഗം ഹെഡ് ജമീഷ് ഇപി വ്യക്തമാക്കുന്നു.
മൂന്ന് വര്‍ഷം മുന്‍പാണ് ബാങ്കിന് കീഴില്‍ ഈ വിഭാഗം ആരംഭിക്കുന്നത്. ഒരു വര്‍ഷത്തിന് ശേഷം ലാബിലൂടെ ടിഷ്യൂ പ്ലാന്റുകള്‍ ഉത്പാദിപ്പിക്കാന്‍ തുടങ്ങിയത്. ഏഴ് ഇനത്തില്‍ പെട്ട വാഴകളാണ് ഈ ലാബിലൂടെ ഉത്പാദിപ്പിക്കുന്നത്. ഏതാണ്ട് ഏഴ് ലക്ഷത്തോളം പ്ലാന്റുകളാണ് ഇവര്‍ ചുരുങ്ങിയ കാലങ്ങള്‍കൊണ്ട് ഉത്പാദിപ്പിച്ചത്.
20 രൂപ മുതല്‍ 25 രൂപ വരെയാണ് ഒരു പ്ലാന്റിന്റെ വില. കേരളം കൂടാതെ, കര്‍ണാടക, തമിഴ്‌നാട് തുടങ്ങിയി സംസ്ഥാനങ്ങളിലേക്കും ഇവരുടെ ലാബില്‍ നിന്നും ഉത്പന്നങ്ങള്‍ പോകുന്നുണ്ട്. ഏതൊരു ടിഷ്യു കള്‍ച്ചര്‍ പ്ലാന്റും ചുരുങ്ങിയത് അഞ്ച് വര്‍ഷം കഴിയാതെ ലാഭമെടുക്കാന്‍ സാധിക്കില്ലെന്നാണ് ജമീഷ് പറയുന്നത്.
കേരള കാര്‍ഷിക സര്‍വകലാശാല, കേരള വനം വകുപ്പിന് കീഴിലുള്ള ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ബയോടെക്‌നോളജി, വൈറ്റിലയിലുള്ള നെല്ല് ഗവേഷണ കേന്ദ്രം തുടങ്ങി കേരളത്തില്‍ ചെടികളും കാര്‍ഷിക ഇനങ്ങളും വികസിപ്പിച്ചെടുക്കുന്നുണ്ട്.
Tags: