image

2 May 2024 11:20 AM GMT

Financial planning

വ്യക്തമായ ലക്ഷ്യത്തോടെ നിക്ഷേപിക്കാം; സമ്പാദ്യത്തെ വളര്‍ത്താനുള്ള വിദ്യ

Nominitta Jose

some tips for achieving investment goals
X

Summary

  • റീട്ടെയില്‍ നിക്ഷേപ ആസ്തി അനുദിനം വളര്‍ന്നുകൊണ്ടിരിക്കുകയാണ്
  • പരമ്പരാഗത നിക്ഷേപങ്ങളെക്കാളുപരി വിപണി അനുബന്ധ നിക്ഷേപങ്ങള്‍ തേടുന്നവര്‍ നിരവധിയാണ്
  • തെറ്റുകള്‍ മികച്ച പാഠങ്ങളാണെന്നോര്‍ക്കുക


ഒരു നിക്ഷേപകനെന്ന നിലയില്‍, അനിശ്ചിതത്വങ്ങളും ചാഞ്ചാട്ടങ്ങളുമൊക്കെ നേരിടേണ്ടി വരും. ആ സമയങ്ങളിലൊക്കെ ക്ഷമയാണ് പ്രധാനം. നിക്ഷേപകരില്‍ പലരും അവരുടെ പണം ഒരു സേവിംഗ്‌സ് അക്കൗണ്ടില്‍ സൂക്ഷിക്കുന്നതിനേക്കാള്‍ കൂടുതലായി നിലവിലെ സാഹചര്യത്തില്‍ വിപണിയുമായി ബന്ധപ്പെട്ട ഓപ്ഷനുകളില്‍ നിക്ഷേപിക്കാനാണ് ഇഷ്ടപ്പെടുന്നത്. വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ കണക്കനുസരിച്ച്, 2021 ല്‍ റീട്ടെയില്‍ നിക്ഷേപകര്‍ ആഗോള ആസ്തിയുടെ 52 ശതമാനമാണ് സ്വന്തമാക്കിയത്. ഇത് 2030 ഓടെ 61 ശതമാനത്തിലധികം വളരുമെന്നാണ് പ്രവചിക്കുന്നത്. റീട്ടെയില്‍ നിക്ഷേപകര്‍ക്ക് അവരുടെ നിക്ഷേപ സാധ്യത വര്‍ദ്ധിപ്പിക്കുന്നതിനും അവരുടെ സാമ്പത്തിക ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനും ആവശ്യമായ പത്ത് നുറുങ്ങുകള്‍ ഇതാ.

വ്യക്തമായ നിക്ഷേപ ലക്ഷ്യങ്ങള്‍

നിക്ഷേപകര്‍ നിര്‍ദ്ദിഷ്ട നിക്ഷേപ ലക്ഷ്യങ്ങള്‍ തയ്യാറാക്കേണ്ടതുണ്ട്. റിട്ടയര്‍മെന്റിനായി സമ്പാദിക്കുക, വീട് വാങ്ങുക, അല്ലെങ്കില്‍ ഉന്നത വിദ്യാഭ്യാസത്തിനായി പണം കണ്ടെത്തുക തുടങ്ങിയ ലക്ഷ്യങ്ങള്‍ കൃത്യതയാര്‍ന്ന നിക്ഷേപം നടത്താന്‍ നിക്ഷേപകരെ പ്രേരിപ്പിക്കും. ഓരോ ലക്ഷ്യത്തിനും വളരാന്‍ ആവശ്യമായ സമയം എത്രയാണെന്ന് മനസിലാക്കുന്നതിലൂടെ നിക്ഷേപ തന്ത്രങ്ങള്‍ കൃത്യമായി രൂപപ്പെടുത്താനും ലക്ഷ്യങ്ങളും റിസ്‌കുമായി പൊരുത്തപ്പെടുന്ന ഓപ്ഷനുകള്‍ തെരഞ്ഞെടുക്കാനും കഴിയും.

വിശ്വാസം വളര്‍ത്തുക

റീട്ടെയില്‍ നിക്ഷേപകര്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കുന്ന കാര്യങ്ങളില്‍ ഒന്നാണ് സുതാര്യത. അതുകൊണ്ട് നിക്ഷേപം നടത്തുന്ന കമ്പനിയോ സ്ഥാപനമോ ഏതു തന്നെയായാലും അതിന്റെ മൊത്തത്തിലുള്ള സാമ്പത്തിക പ്രകടനം, വളര്‍ച്ചാ സാധ്യതകള്‍, മാനേജുമെന്റിന്റെ ഗുണനിലവാരം എന്നിവയെക്കുറിച്ച് നിക്ഷേപകര്‍ കൃത്യമായ ധാരണ തേടാറുണ്ട്. റീട്ടെയില്‍ നിക്ഷേപകരെ ആകര്‍ഷിക്കുന്നതിന്, ബിസിനസുകള്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍, സാമ്പത്തിക നില, പദ്ധതികള്‍ എന്നിവയെക്കുറിച്ച് സമഗ്രവും വിശദവുമായ വിവരങ്ങള്‍ നല്‍കണം. ഇതിനുപുറമെ, നിക്ഷേപകരുമായി പതിവായി ആശയവിനിമയം നടത്തേണ്ടത് അത്യാവശ്യമാണ്.

ന്യൂസ് ലെറ്ററുകള്‍, വെബിനാറുകള്‍, സോഷ്യല്‍ മീഡിയ അപ്‌ഡേറ്റുകള്‍ തുടങ്ങിയ പതിവ് ആശയവിനിമയ ചാനലുകള്‍ വിശ്വാസം വളര്‍ത്തുക മാത്രമല്ല, നിക്ഷേപകരുമായി എല്ലായ്‌പ്പോഴും ബന്ധപ്പെടുകയും വിവരങ്ങള്‍ അറിയിക്കുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു.

നിക്ഷേപത്തിലെ സാങ്കേതികവിദ്യ

സാങ്കേതികവിദ്യ റീട്ടെയില്‍ നിക്ഷേപകര്‍ക്ക് മികച്ച അനുഭവം നല്‍കുന്ന ഓപ്ഷനാണ്. ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍, പ്രൊഫഷണല്‍ ഡാറ്റ അനലിറ്റിക്‌സ് ടൂളുകള്‍, നിക്ഷേപ സോഫ്റ്റ് വേര്‍ എന്നിവയുടെ ഉപയോഗം വഴി നിക്ഷേപകര്‍ക്ക് എളുപ്പത്തില്‍ അവരുടെ നിക്ഷേപത്തെ വിലയിരുത്താനും തീരുമാനങ്ങളെടുക്കാനും സഹായിക്കും.

നിക്ഷേപ സാധ്യതകള്‍

റിയല്‍ എസ്റ്റേറ്റ് സംരംഭങ്ങള്‍ പരിഗണിക്കുന്ന റീട്ടെയില്‍ നിക്ഷേപകര്‍ക്ക് സമഗ്രമായ സാമ്പത്തിക വിശകലനം അത്യന്താപേക്ഷിതമാണ്. പ്രോപ്പര്‍ട്ടി ടാക്‌സ്, ഇന്‍ഷുറന്‍സ്, മെയിന്റനന്‍സ് ചെലവുകള്‍, വാടക വരുമാനം എന്നിവ വിലയിരുത്തുന്നത് നിര്‍ണായകമാണ്. വിശദമായ വിലയിരുത്തല്‍ നടത്തുന്നതിലൂടെ, ഒരു നിക്ഷേപം അവരുടെ സാമ്പത്തിക ലക്ഷ്യങ്ങളുമായി യോജിക്കുന്നുണ്ടോ എന്ന് നിക്ഷേപകര്‍ക്ക് ആത്മവിശ്വാസത്തോടെ നിര്‍ണ്ണയിക്കാന്‍ കഴിയും.

ശക്തമായ ഒരു നെറ്റ് വര്‍ക്കിംഗ് വളര്‍ത്തിയെടുക്കാം

റീട്ടെയില്‍ നിക്ഷേപകരെ സംബന്ധിച്ചിടത്തോളം, ഒരു നെറ്റ് വര്‍ക്കിംഗ് വളര്‍ത്തിയെടുക്കേണ്ടത് നിര്‍ണായകമാണ്. ഉപഭോക്താവിന്റെ അറിവിന്റെ അടിത്തറ വിശാലമാക്കുന്നതിന് സാമ്പത്തിക ഉപദേഷ്ടാക്കള്‍, സഹ നിക്ഷേപകര്‍, മറ്റ് വിദഗ്ധര്‍ എന്നിവരുമായി ബന്ധപ്പെടേണ്ടത് അത്യാവശ്യമാണ്. സെമിനാറുകളില്‍ പങ്കെടുക്കാനും നിക്ഷേപ ക്ലബ്ബുകളില്‍ ചേരാനും നെറ്റ് വര്‍ക്കിംഗ് മാര്‍ഗമായി ഓണ്‍ലൈനില്‍ ഇടപഴകാനും തയ്യാറാകുക എന്നതാണ് ആദ്യത്തെ കാര്യം.

വിപണിയിലെ ചാഞ്ചാട്ടം

നിക്ഷേപകരെ സംബന്ധിച്ചിടത്തോളം, മാര്‍ക്കറ്റ് റിസ്‌ക് മനസ്സിലാക്കേണ്ടത് നിര്‍ണായകമാണ്. നിക്ഷേപത്തിനുള്ള നിരവധി സാധ്യതകള്‍ ഉള്ളതിനാല്‍, തീരുമാനങ്ങള്‍ തെറ്റിപ്പോകാതിരിക്കാന്‍ ഉല്‍പ്പന്നങ്ങളെക്കുറിച്ചുള്ള അവബോധങ്ങള്‍ ഉണ്ടായിരിക്കേണ്ടത് നിര്‍ണായകമാണ്.

തെറ്റുകളെ പാഠമാക്കാം

റീട്ടെയില്‍ നിക്ഷേപകരെ സംബന്ധിച്ചിടത്തോളം, തെറ്റുകള്‍ വരുത്തുന്നത് പഠനത്തിന്റെ ഭാഗമാണ്. കാരണം മുന്നോട്ട് തീരുമാനങ്ങളെടുക്കും മുമ്പ് മുന്‍ അനുഭവങ്ങളെക്കുറിച്ച് ചിന്തിക്കും.

നിക്ഷേപങ്ങള്‍ കാര്യക്ഷമമാക്കണം

നിക്ഷേപങ്ങള്‍ കാര്യക്ഷമമാക്കണമെങ്കില്‍ ഉപഭോക്തൃ സൗഹൃദ പ്ലാറ്റ്‌ഫോമുകള്‍, ആപ്ലിക്കേഷനുകള്‍ എന്നിവ ഉപയോഗിക്കാന്‍ ശ്രദ്ധിക്കാം. എങ്കില്‍ മാത്രമേ നിക്ഷേപം കാര്യക്ഷമമാക്കാന്‍ സാധിക്കൂ.

മറ്റുള്ളവരോട് ചോദിക്കാം

നിക്ഷേപകര്‍ സാധാരണയായി ഏതെങ്കിലും തീരുമാനം എടുക്കുന്നതിന് മുമ്പ് ഇതേ മേഖലയിലുള്ള മറ്റുള്ളവരുടെ അനുഭവങ്ങള്‍ ചോദിച്ചറിയാം. ഇതിനായി സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കുന്ന അനുഭവങ്ങളെക്കുറിച്ചറിയാം.

ദീര്‍ഘകാല സാധ്യതകള്‍ക്ക് ഊന്നല്‍ നല്‍കാം

നിക്ഷേപകര്‍ സുസ്ഥിര വളര്‍ച്ചയ്ക്കും മൂല്യത്തിനുമാണ് മുന്‍ഗണന നല്‍കുന്നത്. അതുകൊണ്ടു തന്നെ ദീര്‍ഘകാലത്തില്‍ നേട്ടം നല്‍കുന്ന ഓപ്ഷനുകള്‍ തെരഞ്ഞെടുക്കാനാകും ആളുകള്‍ക്കിഷ്ടം. അതുകൊണ്ടു തന്നെ നിക്ഷേപം തെരഞ്ഞെടുക്കുമ്പോള്‍ ദീര്‍ഘകാലത്തില്‍ മികച്ച പ്രകടനം നടത്തുന്നവയെ തെരഞ്ഞെടുക്കുക.