image

11 April 2024 5:03 AM GMT

Personal Finance

ഡീമാറ്റ് അക്കൗണ്ട്, ബാങ്ക് അക്കൗണ്ട് ഇവ തമ്മില്‍ വ്യത്യാസമുണ്ടോ?

MyFin Desk

ഡീമാറ്റ് അക്കൗണ്ട്, ബാങ്ക് അക്കൗണ്ട് ഇവ തമ്മില്‍ വ്യത്യാസമുണ്ടോ?
X

Summary

  • ഡീമാറ്റ് അക്കൗണ്ടുകളും ബാങ്ക് അക്കൗണ്ടുകളും ആസ്തികള്‍ കൈകാര്യം ചെയ്യുന്നതിനുള്ള സാമ്പത്തിക ഉപകരണങ്ങളാണ്
  • രണ്ടും വ്യത്യസ്ത തരം ആസ്തികളും സാമ്പത്തിക ഇടപാടുകളുമാണ് ചെയ്യുന്നത്
  • ഓരോന്നിനും സാമ്പത്തിക വ്യവസ്ഥയിലും ഒരാളുടെ സാമ്പത്തിക ഇടപാടുകളിലും കാര്യമായ റോളുണ്ട്. മാത്രവുമല്ല രണ്ട് അക്കൗണ്ടിനും കൃത്യമായ ഉദ്ദേശ്യങ്ങളും ലക്ഷ്യങ്ങളുമുണ്ട് അവയും നിറവേറ്റും


സമ്പാദ്യം, നിക്ഷേപം, പണമിടപാടുകള്‍ ദൈനംദിനജീവിതവുമായി ബന്ധപ്പെട്ട ധനകാര്യങ്ങള്‍ പലതാണ്. അതിനായി ബാങ്ക്, ഓഹരി വിപണി എന്നിവയൊക്കെയുമായി ബന്ധപ്പെടാറുമുണ്ട്. ബാങ്ക് അക്കൗണ്ട്, ഡീമാറ്റ് അക്കൗണ്ട്, ട്രേഡിംഗ് അക്കൗണ്ട് എന്നിങ്ങനെ അക്കൗണ്ടുകളും ഇടപാടുകള്‍ക്കനുസരിച്ച് മാറാറുണ്ട്. ഓരോ അക്കൗണ്ടും എന്താണെന്ന് മനസിലാക്കിയാല്‍ മാത്രമേ നടത്തുന്ന ഇടപാടുകള്‍ എന്താണെന്നും എന്തിനാണെന്നും കൃത്യമായി മനസിലാക്കാന്‍ സാധിക്കൂ എന്നോര്‍ക്കുക. കാരണം ഓരോ അക്കൗണ്ടും വ്യത്യസ്തമാണ്. ബാങ്ക് അക്കൗണ്ടും ഡീമാറ്റ് അക്കൗണ്ടും തമ്മിലുള്ള വ്യത്യാസമൊന്ന് പരിശോധിക്കാം.

ബാങ്ക് അക്കൗണ്ട്

ഒരു ധനകാര്യ സ്ഥാപനം അല്ലെങ്കില്‍ ബാങ്ക് മാനേജ് ചെയ്യുന്ന ധന ശേഖരണമാണ് ബാങ്ക് അക്കൗണ്ട്. ഇവിടെ പണം നിക്ഷേപിക്കല്‍, പിന്‍വലിക്കല്‍, ഇടപാടുകള്‍ രേഖപ്പെടുത്തല്‍ എന്നിവയെല്ലാം ഉണ്ട്. സൗകര്യപ്രദമായ രീതിയില്‍ കൈകാര്യം ചെയ്യാനാകും വിധം പണത്തെ സൂക്ഷിക്കാനുള്ള ഇടമാണ് ബാങ്ക് അക്കൗണ്ട്.

ഡീമാറ്റ് അക്കൗണ്ട്

വിവിധ സെക്യൂരിറ്റികള്‍ സൂക്ഷിക്കാനുള്ള ഡിജിറ്റല്‍ വാലറ്റാണ് ഡീമാറ്റ് അക്കൗണ്ട. ഇവിടെ ഓഹരികള്‍ ഇലക്ട്രോണിക് രൂപത്തിലാണ് സംഭരിക്കുന്നത്. ഡീമെറ്റീരിയലൈസേഷന്‍ എന്നാണ് ഈ പ്രക്രിയ അറിയപ്പെടുന്നത്. ഇലക്ട്രോണിക് രൂപത്തിലാണ് ഇവിടെ ആസ്തികള്‍ സൂക്ഷിക്കുന്നത്. ഓഹരികളുടെ സമാഹരണം, വേഗത്തിലുള്ള ഓഹരി കൈമാറ്റങ്ങള്‍ എന്നിങ്ങനെ ഡീമാറ്റ് അക്കൗണ്ട് ഓഹരി വിപണിയില്‍ വിപ്ലവം തന്നെയാണ് സൃഷ്ടിച്ചത്. ഇതോടെ പേപ്പര്‍ രൂപത്തില്‍ സൂക്ഷിച്ചിരുന്ന ഓഹരി സര്‍ട്ടിഫിക്കറ്റുകളുടെ ആവശ്യകതയും ഇല്ലാതാക്കി.

ലക്ഷ്യങ്ങള്‍

  • ഡീമാറ്റ് അക്കൗണ്ട്: ഓഹരികള്‍, ബോണ്ട്, മ്യൂച്വല്‍ ഫണ്ട്, എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകള്‍ എന്നിവയെ ഇലക്ട്രോണിക് രൂപത്തില്‍ സൂക്ഷിക്കുകയാണ് ഡീമാറ്റ് അക്കൗണ്ടുകളുടെ ലക്ഷ്യം. നിക്ഷേപകര്‍ക്ക് ഓഹരികള്‍ വാങ്ങാനും വില്‍ക്കാനും ഇടപാടുകള്‍ നടത്താനും ഇത് അനുവദിക്കും.
  • ബാങ്ക് അക്കൗണ്ട്: പണം കൈകാര്യം ചെയ്യുകയാണ് ബാങ്ക് അക്കൗണ്ടിന്റെ ലക്ഷ്യം. ഡെപ്പോസിറ്റ്, പിന്‍വലിക്കല്‍, ഇടപാടുകള്ഡ, ബില്‍ പേയ്‌മെന്റ്, ഓണ്‍ലൈന്‍ ഇടപാടുകള്‍ എന്നിവയ്‌ക്കെല്ലാം ഉപയോഗിക്കും.

ആസ്തികളുടെ സ്വഭാവം

  • ഡീമാറ്റ് അക്കൗണ്ട്: ഡീമാറ്റ് അക്കൗണ്ടുകളിലെ ആസ്തികള്‍ ഡിജിറ്റല്‍ രൂപത്തിലാണ് സൂക്ഷിക്കുന്നത്. ഓഹരികള്‍, ബോണ്ടുകള്‍, ഡിബഞ്ചറുകള്‍, മ്യൂച്വല്‍ ഫണ്ട് യൂണിറ്റുകള്‍, ഗവണ്‍മെന്റ് സെക്യൂരിറ്റികള്‍ തുടങ്ങിയ ധനകാര്യ ഉപകരണങ്ങളാണ് സൂക്ഷിക്കുന്നത്.
  • ബാങ്ക് അക്കൗണ്ട്: പണ രൂപത്തിലാണ് ബാങ്ക് അക്കൗണ്ടിലെ ആസ്തി സൂക്ഷിക്കുന്നത്. അത് സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റുകള്‍, ഫിക്‌സ്ഡ് ഡെപ്പോസിറ്റ്, മറ്റ് നിക്ഷേപങ്ങള്‍ തുടങ്ങിയ രൂപത്തിലായിരിക്കും.

നിയന്ത്രണാധികാരം

  • ഡീമാറ്റ് അക്കൗണ്ട്: സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയാണ് ഡീമാറ്റ് അക്കൗണ്ടുകളുടെ റെഗുലേറ്റര്‍. നാഷണല്‍ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററി ലിമിറ്റഡ് (എന്‍എസ്ഡിഎല്‍), സെന്‍ട്രല്‍ ഡെപ്പോസിറ്ററി സര്‍വീസസ് ലിമിറ്റഡ് (സിഡിഎസ്എല്‍) എന്നിവ ഡീമാറ്റ് അക്കൗണ്ടുകളുടെ പ്രവര്‍ത്തനത്തിന്റെ മേല്‍ നോട്ടം വഹിക്കും.
  • ബാങ്ക് അക്കൗണ്ട്: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ)യാണ് ബാങ്കുകളുടെ റെഗുലേറ്റിംഗ് അതോറിറ്റി. കൊമേഴ്‌സ്യല്‍ ബാങ്കുകള്‍, സഹകരണ ബാങ്കുകള്‍, ബാങ്കിംഗ് സേവനം നല്‍കുന്ന മറ്റ് ധനകാര്യ സ്ഥാപനങ്ങളെല്ലാം റെഗുലേറ്ററി നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചാണ് പ്രവര്‍ത്തിക്കേണ്ടത്.

ഇടപാടുകള്‍

  • ഡീമാറ്റ് അക്കൗണ്ട്: ഒരു ഡീമാറ്റ് അക്കൗണ്ടിലെ ഇടപാടുകളില്‍ സെക്യൂരിറ്റികള്‍ വാങ്ങുക, വില്‍ക്കുക, കൈമാറ്റം ചെയ്യുക എന്നിവ ഉള്‍പ്പെടുന്നു. നിക്ഷേപകര്‍ക്ക് അവരുടെ ഡീമാറ്റ് അക്കൗണ്ടുകള്‍ വഴി സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ സെക്യൂരിറ്റികള്‍ ട്രേഡ് ചെയ്യാന്‍ കഴിയും.
  • ബാങ്ക് അക്കൗണ്ട്: ഒരു ബാങ്ക് അക്കൗണ്ടിലെ ഇടപാടുകളില്‍ നിക്ഷേപം, പിന്‍വലിക്കലുകള്‍, കൈമാറ്റങ്ങള്‍, പേയ്‌മെന്റുകള്‍ എന്നിവ ഉള്‍പ്പെടുന്നു. എടിഎം, ഓണ്‍ലൈന്‍ ബാങ്കിംഗ്, മൊബൈല്‍ ബാങ്കിംഗ്, ചെക്കുകള്‍ തുടങ്ങിയ വിവിധ ചാനലുകള്‍ ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് ബാങ്കിംഗ് ഇടപാടുകള്‍ നടത്താം.

പലിശയും റിട്ടേണും

  • ഡീമാറ്റ് അക്കൗണ്ട്:ഡീമാറ്റ് അക്കൗണ്ടിലെ കൈവശമുള്ള സെക്യൂരിറ്റികളില്‍ പലിശയോ വരുമാനമോ സൃഷ്ടിക്കുന്നില്ല. കൈവശമുള്ള സെക്യൂരിറ്റികളുടെ പ്രകടനത്തെ അടിസ്ഥാനമാക്കിയാണ് വരുമാനം സൃഷ്ടിക്കുന്നത്.
  • ബാങ്ക് അക്കൗണ്ട്: അക്കൗണ്ടിന്റെ സ്വഭാവത്തെയും നിലവിലുള്ള പലിശ നിരക്കിനെയും ആശ്രയിച്ച് ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിച്ച പണത്തിന് പലിശ നേടാം. ചില ബാങ്ക് അക്കൗണ്ടുകള്‍ ഇടപാടുകള്‍ക്ക് റിവാര്‍ഡുകളോ ക്യാഷ്ബാക്കോ വാഗ്ദാനം ചെയ്യാറുമുണ്ട്.