image

30 April 2024 7:40 AM GMT

Middle East

യുഎഇ ടൂറിസം മേഖല കുതിപ്പില്‍;2024 ല്‍ ജിഡിപി വിഹിതം 236 ബില്യണ്‍ ദിര്‍ഹമായി ഉയരും

MyFin Desk

യുഎഇ ടൂറിസം മേഖല കുതിപ്പില്‍;2024 ല്‍ ജിഡിപി വിഹിതം 236 ബില്യണ്‍ ദിര്‍ഹമായി ഉയരും
X

Summary

  • 2031 ഓടെ ടൂറിസത്തിന്റെ ജിഡിപി വഹിതം 450 ബില്യണ്‍ ദിര്‍ഹമായി ഉയര്‍ത്തുക ലക്ഷ്യം
  • 2030 ഓടെ 700 ദശലക്ഷം ലിറ്റര്‍ വരെ സുസ്ഥിര വ്യോമയാന ഇന്ധനത്തിന്റെ വാര്‍ഷിക ഉത്പാദനം നടക്കും
  • 2024 ല്‍ ടൂറിസം മേഖലയില്‍ സൃഷ്ടിക്കുന്നത് 833,000 തൊഴിലവസരങ്ങള്‍


യുഎഇയുടെ ദേശീയ സമ്പദ് വ്യവസ്ഥയ്ക്ക് ടൂറിസം മേഖലയുടെ സംഭാവന വര്‍ദ്ധിക്കുമെന്ന് വിലയിരുത്തല്‍. 2024 ല്‍ 236 ബില്യണ്‍ ദിര്‍ഹമായി ടൂറിസം മേഖലയുടെ സംഭാവന ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. 2031 ഓടെ ടൂറിസത്തിന്റെ ജിഡിപി വഹിതം 450 ബില്യണ്‍ ദിര്‍ഹമായി ഉയര്‍ത്തുകയെന്ന ലക്ഷ്യം കൈവരിക്കുന്നതിനുള്ള ശരിയായ പാതയില്‍ രാജ്യത്തെ എത്തിക്കുമെന്ന് സാമ്പത്തിക മന്ത്രി പറഞ്ഞു. റിയാദില്‍ നടന്ന ആഗോള സാമ്പത്തിക ഫോറത്തില്‍ സംസാരിക്കവേയാണ് സാമ്പത്തികമന്ത്രി അബ്ദുള്ള ബിന്‍ തോഖ് അല്‍ മാരി ഇക്കാര്യം അറിയിച്ചത്.

രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തില്‍ ടൂറിസം മേഖലയുടെ വിഹിതം 2022-നെ അപേക്ഷിച്ച് 2023-ല്‍ 26 ശതമാനം വര്‍ധിക്കുകയും 2019 ലെ നിലവാരം 14 ശതമാനം മറികടക്കുകയും ചെയ്തതായി അല്‍ മാരി പറഞ്ഞു. രാജ്യത്തിന്റെ ജിഡിപിയില്‍ ടൂറിസം മേഖലയുടെ സംഭാവന 220 ബില്യണ്‍ ദിര്‍ഹമാണ് ,ഇത് 11.7 ശതമാനമാണ്. ഇത് 2024 ല്‍ 236 ബില്യണ്‍ ദിര്‍ഹമായി ഉയരുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു. ദേശീയ ജിഡിപിയില്‍ യുഎഇ ടൂറിസം മേഖലയുടെ സംഭാവന 450 ബില്യണ്‍ ദിര്‍ഹമായി ഉയര്‍ത്താനും അടുത്ത ദശകത്തില്‍ രാജ്യത്തെ മികച്ച ടൂറിസം ഐഡന്റിറ്റിയായി ഉയര്‍ത്താനും ദേശീയ ടൂറിസം സ്ട്രാറ്റജി 2031 ലക്ഷ്യമിടുന്നതായി അല്‍ മാരി വ്യക്തമാക്കി.

2030 ഓടെ 700 ദശലക്ഷം ലിറ്റര്‍ വരെ സുസ്ഥിര വ്യോമയാന ഇന്ധനത്തിന്റെ വാര്‍ഷിക ഉത്പാദനം കൈവരിക്കുകയും ലക്ഷ്യമിടുന്നു. കൂടാതെ ടൂറിസം മേഖല 2023 ല്‍ സംഭാവന ചെയ്തത് 809,000 തൊഴിലവസരങ്ങളാണ്. ഇത് മൊത്തം തൊഴില്‍ വിപണിയുടെ 12.3 ശതമാനത്തിന് തുല്യമാണ്. 2024 ല്‍ ഈ മേഖലയില്‍ 833,000 തൊഴിലവസരങ്ങളാകും സൃഷ്ടിക്കപ്പെടുക.