image

2 May 2024 5:15 AM GMT

Stock Market Updates

ആറാം തവണയും മാറ്റമില്ലാതെ ഫെഡ് നിരക്; ആഭ്യന്തര വിപണി നേട്ടത്തിൽ

MyFin Desk

domestic indices continue to rise
X

Summary

  • ബിഎസ്ഇ മിഡ്ക്യാപ്പും ബിഎസ്ഇ സ്മോൾക്യാപ്പും 0.7 ശതമാനം വരെ ഉയർന്നു
  • ഏപ്രിലിലെ ജിഎസ്ടി ശേഖരണം റെക്കോർഡ് നിലയിലെത്തിയത് നിക്ഷേപകരുടെ പ്രതീക്ഷകൾക്ക് ആക്കം കൂട്ടി
  • യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 1 പൈസ ഉയർന്ന് 83.42 ലെത്തി


ഇന്നത്തെ വ്യപാരത്തിൽ ആഭ്യന്തര സൂചികകൾ കുതിപ്പ് തുയരുകയാണ്. ആഗോള വിപണിയിൽ നിന്നുള്ള സമ്മിശ്ര സൂചനകൾ വിപണിക്ക് കരുത്തേകി. പലിശ നിരക്ക് ആറാം തവണയും 5.25-5.5 ശതമാനത്തിൽ മാറ്റമില്ലാതെ യുഎസ് ഫെഡറൽ റിസർവ് നിലനിർത്തിയത് വിപണിക്ക് താങ്ങായി. ഏപ്രിലിലെ ജിഎസ്ടി ശേഖരണം റെക്കോർഡ് നിലയിലെത്തിയത് നിക്ഷേപകരുടെ പ്രതീക്ഷകൾക്ക് ആക്കം കൂട്ടി. സെൻസെക്‌സ് 126.52 പോയിൻ്റ് അഥവാ 0.17 ശതമാനം ഉയർന്ന് 74,609.3ലും നിഫ്റ്റി 30 പോയിൻ്റ് അഥവാ 0.13 ശതമാനം ഉയർന്ന് 22,634.8 ലുമെത്തി.

നിഫ്റ്റിയിൽ പവർ ഗ്രിഡ്, ഭാരത് പെട്രോളിയം, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഏഷ്യൻ പെയിൻ്റ്സ് എന്നിവ നേട്ടത്തോടെ വ്യപാരം തുടരുന്നു. കൊട്ടക് മഹീന്ദ്ര ബാങ്ക്, ഹിൻഡാൽകോ ഇൻഡസ്ട്രീസ്, ടാറ്റ കൺസ്യൂമർ പ്രോഡക്ട്സ്, വിപ്രോ, മാരുതി സുസുക്കി തുടങ്ങിയ ഓഹരികൾ ഇടിവിലാണ്.

ബിഎസ്ഇ മിഡ്ക്യാപ്പും ബിഎസ്ഇ സ്മോൾക്യാപ്പും 0.7 ശതമാനം വരെ ഉയർന്നു. സമീപകാല ചാഞ്ചാട്ടം അളക്കുന്ന ഇന്ത്യ വിക്സ് 7 ശതമാനത്തിലധികം ഉയർന്ന് 13.8 ലെത്തി.

സെക്ടറൽ സൂചികകളിൽ നിഫ്റ്റി ഓട്ടോ, നിഫ്റ്റി ഫാർമ കുതിപ്പിലാണ്, 0.6 ശതമാനം വരെ സൂചികകൾ ഉയർന്നു. ഡിഎൽഎഫ്, മാക്രോടെക് ഡെവലപ്പേഴ്‌സ്, ഗോദ്‌റെജ് പ്രോപ്പർട്ടീസ് തുടങ്ങിയ ഓഹരികളുടെ ഇടിവിൽ നിഫ്റ്റി റിയൽറ്റി സൂചിക ഒരു ശതമാനത്തിലധികം ഇടിഞ്ഞു.

ചരക്ക് സേവന നികുതി പിരിവ് ഏപ്രിലിൽ 12.4 ശതമാനം വർധിച്ച് 2.10 ലക്ഷം കോടി രൂപയായി ഉയർന്നു. ശക്തമായ സാമ്പത്തിക കുതിപ്പും ആഭ്യന്തര ഇടപാടുകളും ഉയർന്ന ഇറക്കുമതിയും നികുതി പിരിവ് ഉയരാനുള്ള പ്രധാന കരണങ്ങളാണെന്ന് ധനമന്ത്രാലയം ബുധനാഴ്ച അറിയിച്ചു. ഈ വർഷം ഏപ്രിലിൽ ജിഎസ്ടി ശേഖരണം ആദ്യമായി 2 ലക്ഷം കോടി രൂപ കടന്നതായി പ്രസ്താവനയിൽ പറഞ്ഞു .

"ആഭ്യന്തര സൂചനകൾ പോസിറ്റീവ് ആണ്. ഏപ്രിലിലെ ജിഎസ്ടി ശേഖരണം 2.1 ലക്ഷം കോടി രൂപയുടെ റെക്കോർഡ് നേടിയത് സമ്പദ്‌വ്യവസ്ഥയുടെ കുതിപ്പിനെ സൂചിപ്പിക്കുന്നു," ജിയോജിത് ഫിനാൻഷ്യൽ സർവീസസിൻ്റെ ചീഫ് ഇൻവെസ്റ്റ്‌മെൻ്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാർ പറഞ്ഞു.

ഏഷ്യൻ വിപണികളിൽ ടോക്കിയോയും ഹോങ്കോങ്ങും നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്, സിയോൾ, ഷാങ്ഹായ് എന്നിവ നഷ്ടത്തിലാണ്. ബുധനാഴ്ച യുഎസ് വിപണികൾ സമ്മിശ്ര വ്യാപാരത്തോടെയാണ് അവസാനിച്ചത്.

ബ്രെൻ്റ് ക്രൂഡ് 0.53 ശതമാനം ഉയർന്ന് ബാരലിന് 83.88 ഡോളറിലെത്തി. സ്വർണം ട്രോയ് ഔൺസിന് 0.60 ശതമാനം ഉയർന്ന് 2324 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 1 പൈസ ഉയർന്ന് 83.42 ലെത്തി. വിദേശ നിക്ഷേപ സ്ഥപനങ്ങൾ(എഫ്ഐഐ) ചൊവ്വാഴ്ച 1,071.93 കോടി രൂപയുടെ ഓഹരികൾ വാങ്ങി.

മഹാരാഷ്ട്ര ദിനമായതിനാൽ ബുധനാഴ്ച ആഭ്യന്തര ഓഹരി വിപണികൾക്ക് അവധിയായിരുന്നു.